Image

ശൈലിക്കളിയാട്ടം ( കവിത: വേണുനമ്പ്യാർ )

വേണുനമ്പ്യാർ Published on 26 December, 2023
ശൈലിക്കളിയാട്ടം ( കവിത: വേണുനമ്പ്യാർ )

ഓകെ എന്നാൽ ഓകെ!
ഓകെഓകെഓകെഓകെ എന്ന്
ഒറ്റ മൂച്ചിന് ആവർത്തിച്ചാൽ സംഗതി ഓകെയല്ല.

ശരി എന്നാൽ ശരി!
ശരിശരിശരിശരി എന്ന് ഒറ്റ മൂച്ചിന്
ആവർത്തിച്ചാൽ സംഗതി ശരിയല്ല.

സഹിക്കാൻ വയ്യാത്തപ്പോഴും നല്ല വേദനയെന്നേ ഒരു ശരാശരി മലയാളി
മൊഴിയൂ.

നെഗറ്റീവിനെപ്പോലും പോസിറ്റീവായി വിശേഷിപ്പിക്കുന്ന ശീലം അത് ഒരു
കൊലയാളിയുടെതായാൽപ്പോലും സ്തുത്യർഹമാണേ!

ഒരു വീട്ടിൽ നിന്നിറങ്ങവേ
വരട്ടേ എന്ന് മൊഴിയുന്നത് വട്ടൊന്നുമല്ല
പ്രത്യാശയുടെ കുറുമൊഴിയാണ്.

ചീത്തയാളിനെ പോലും 'നീ നല്ല
മനുഷ്യനാണല്ലൊ' എന്നു വിശേഷിപ്പിക്കുന്നത് ഒരു ചീത്ത
ശൈലിയല്ല.

കൊച്ചിയിൽ പോത്തിറച്ചി സുലഭമായി
കിട്ടും എന്ന് പറയുന്ന അച്ചിയെ ഒന്ന്
വീക്കുന്നത് നല്ലതാ.

പുരയുടെ ചുററും
മണ്ടി നടക്കണൊ എന്ന കാര്യം
ശേഷം ചിന്തനീയം.

എന്റെ സ്വദേഷം (ജലദോഷം മൂലം ശം ഷം ആയതാ, ശെമിക്കണം!) കണ്ണൂരാണെന്ന്
ഞാൻ പറയുകയാണെങ്കിൽ
നിങ്ങൾ എന്നെ തല്ലണം
തല്ലിയാലും ഞാൻ നന്നാവൂല എന്നത്
മറ്റൊരു കാര്യം!

തൃശൂര് കണ്ണൂരിനെ കളിയാക്കും
കണ്ണൂർ കാസർഗോഡിനെ കളിയാക്കും
കാസർഗോഡ് മറ്റൊരു ഗോഡുള്ള അനന്തപുരിയെ കളിയാക്കും
അനന്തപുരി പാലക്കാട്ടിനെ കളിയാക്കും
പാലക്കാട് തന്നെ, ചിറ്റൂര്കാര് പട്ടാമ്പിക്കാരെ കളിയാക്കും.

അൺട്ഷൺട്കൺട് മസ്‌ലഏമണ്ടിയപ്പ
യിഡ്‌ലിവൺക്കം എന്ന് ബൗദ്ധ കാലത്തെ പ്രാകൃത് ഭാഷയിൽ ഗോസായികൾ മദ്രാസികളെ കളിയാക്കും.

ചക്കയെ ജക്കയെന്ന് വിളിച്ചിട്ടും
വെറ്റിലയെ ബെറ്റലെന്ന് വിളിച്ചിട്ടും
കാശിന് എട്ട് കിട്ടിയിരുന്ന കശുവണ്ടിയെ
കാഷ്നെട്ട് എന്നു വിളിച്ചിട്ടും
സായ്പന്മാർ മലയാളിയെ കളിയാക്കും!

ആറു നാട്ടിൽ നൂറ് ഭാഷ!
മനുഷ്യർക്കെല്ലാം ഒരു നാവ്!!
ഒരു തോട്ടത്തിൽ നൂറ്റൊന്ന് പൂക്കൾ!!!

ഞാൻ പൂക്കളുകൾ എന്നെഴുതിയാൽ
വ്യാകരണം ശരിയാണെങ്കിൽപ്പോലും
നിങ്ങൾ എന്റെ കരണത്തൊന്ന് തരണം.
തന്നാലും ഞാൻ നന്നാവൂല എന്നത്
മറ്റൊരു കാര്യം!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക