Image

ചിരിത്തോണി(കവിത: വേണുനമ്പ്യാർ)

വേണുനമ്പ്യാർ Published on 29 December, 2023
ചിരിത്തോണി(കവിത: വേണുനമ്പ്യാർ)

പൌർണ്ണമി നാളിൽ ഹിന്ദിക്കവികൾ 
സാൾമരത്തലപ്പുകൾക്കു മീതെ കാണും കനലിൽ കരിഞ്ഞു പോകാതെ ചുട്ടെടുത്ത ചപ്പാത്തി 

പൌർണ്ണമി നാളിൽ മലയാളക്കവികൾ 
തെങ്ങോലകൾക്കു മീതെ കാണും
പശുവിൻനെയ്യിൽ മൊരിച്ചെടുത്ത ദോശ

ചന്ദ്രൻ ഇതൊന്നുമറിയാതെ
പൂർണ്ണചന്ദ്രനായി ആകാശത്തിൽ
തിളങ്ങും കിരീടമുപേക്ഷിച്ച 
ഒരു സുൽത്താൻസൂഫിയായി!

നീൽ ആംസ്ട്രോങ്ങിനെക്കുറിച്ച്
ചന്ദ്രനറിയില്ല
ചാന്ദ്രയാൻ ദൌത്യത്തിന്റെ
ജയപരാജയത്തെക്കുറിച്ച്
ചന്ദ്രനറിയില്ല
ഭ്രമിയിലെ ഒരു പിടി ധനികർ
തന്നെ ഒരു വിമാനത്താവളമൊ
യുദ്ധത്താവളമൊ ആക്കി മാറ്റാൻ
പോകുന്ന കാര്യവും
ചന്ദ്രനറിയില്ല

ചന്ദ്രോപരിതലത്തിലെ പാറകളുടെ
നിശ്ശബ്ദത പരാവർത്തനം ചെയ്യുവാൻ
ചന്ദ്രന് ഒരു ഉൾവിളിയുമില്ല

ഒരു ചിരിത്തോണിയിൽ
ചന്ദ്രൻ കാത്തിരിക്കയാണ്

സൂര്യന്റെ അനുഗ്രഹാശിസ്സുകൾക്കായി
ഭൂമിയിലെ അന്ധകാരത്തിനായി
മുഖക്കണ്ണാടി കാട്ടുന്ന കടലിനായി
ഏകാകികളുടെ ഗദ്ഗദങ്ങൾക്കായി
കാമശരമേറ്റ് പിടയുന്ന ദേഹികൾക്കായി
പരസ്പരബന്ധമില്ലാതെ പിച്ചും പേയും
പറയുന്ന ഉന്മാദികൾക്കായി

പങ്കായമില്ലാത്ത 
ഒരു ചിരിത്തോണിയിൽ
ചന്ദ്രൻ കാത്തിരിക്കയാണ്

മരിച്ചവർ ഭൂമിയിൽ വിസർജ്ജിക്കുന്ന
പ്രാണന്റെ ഹവിസ്സിനായി

സ്ക്രീനിൽ ജീവിക്കുന്ന കുഞ്ഞുങ്ങൾക്ക്
അമ്പിളിമാമനൊന്നുമല്ല;

വെറുമൊരു സ്മൈലി ഇമോജി!

Join WhatsApp News
വേണുനമ്പ്യാർ 2023-12-31 01:00:02
2023 ഒരു കവിതാ വിദ്യാർത്ഥി എന്ന നിലയിൽ എനിക്ക് ഒരു നല്ല വർഷമായിരുന്നു. ഇ മലയാളിയുടെ നിർലോഭമായ സഹകരണത്തിന് ഞാൻ കടപ്പെട്ടിരിക്കുന്നു. വാട്ട്സാപ്പിലൂടെ കവിതകൾ ഷെയർ ചെയ്യുമ്പോൾ കിട്ടുന്ന പ്രതികരണങ്ങൾ തുടർന്നും എഴുതുവാൻ പ്രേരണ നൽകുന്നുണ്ട്. ശ്രീ സുധീർ പണിക്കവീട്ടിൽ പലപ്പോഴായി എഴുതിയ ആസ്വാദനക്കുറിപ്പുകളും പ്രചോദിപ്പിക്കുന്നവയായിരുന്നു. എനിക്കെതിരെ അജ്ഞാത നാമാക്കളുടെ ഒരു ഡ്റാക്കുളഗാംഗ് പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം ഇ മലയാളിയുടെ മാന്യ വായനക്കാർ ഇതിനകം മനസ്സിലാക്കിയിട്ടുണ്ടാകുമല്ലൊ. പലപ്പോഴും ഗാംഗ് തലവനും അനുയായികളും ഒറ്റ മേച്ഛനാണെന്ന വസ്തുത കമൻറുകളുടെ നിലവാരം നോക്കിയാൽ മനസ്സിലാക്കാം. Ignore these ghost writers and concentrate on Literary pursuits. ഇതാണ് എന്റെ ഒരു പുതുവർഷ പ്രതിജ്ഞ! ഞാൻ കുങ്കമം വാരികയിൽ കഥകളെഴുതിയിരുന്ന കാലത്ത് പ്രൊഫസർ കൃഷ്ണൻ നായർ എന്റെ രചനകളെ നിശിതമായി വിമർശിച്ചിരുന്നു. അദ്ദേഹത്തിന്റെ വിമർശനം യുക്തിഭദ്രമായിരുന്നു. അദ്ദേഹത്തെ പോലെയുള്ള ഒരു മഹാപ്രതിഭയുടെ ദൃഷ്ടി ഈ എളിയവന്റെ മേൽ പതിഞ്ഞത് തന്നെ ഒരഭിമാനമായി അന്നൊക്കെ കൊണ്ടു നടന്നിരുന്നു. യുക്തിഭദ്രമായ വിമർശനങ്ങളെ ഞാൻ എന്നും ഉൾക്കൊണ്ടിരുന്നു. പക്ഷെ മുൻവിധികളിലൂടെ അസഭ്യവും പരിഹാസവും നഗ്നതാ പ്രദർശനവും കാഴ്ചവെക്കുന്ന മ്ളേച്ഛനെ നോക്കി ഹാ! കഷ്ടം!! എന്നേ പറയാൻ കഴിയൂ. 2023 വിട പറയുന്ന ഈ അവസരത്തിൽ ടീം ഇ മലയാളിക്കും മാന്യവായനക്കാർക്കും സമകാലീനകവിതക്ക് വ്യത്യസ്തമായ രീതികളുണ്ടെന്ന് അറിയാത്ത മ്ളേഛപ്രമാണിമാർക്കും ഹൃദയംഗമമായ നവവത്സരാശംസകൾ നേർന്നു കൊള്ളട്ടെ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക