Image

പാപ്പാഞ്ഞി അത്ര പോരാ (രാജു മൈലപ്രാ)

Published on 04 January, 2024
പാപ്പാഞ്ഞി അത്ര പോരാ (രാജു മൈലപ്രാ)

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച്, അദ്ദേഹം ഒരുക്കിയ ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ പുരോഹിതന്മാരെ പരിഹസിച്ച് സാംസ്‌കാരിക മന്ത്രി. വിരുന്നില്‍ വിളമ്പിയ കേക്കും, മുന്തിരി ഇട്ടു വാറ്റിയ വൈനും കുടിച്ചപ്പോള്‍ ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായത്രേ! തിരഞ്ഞെടുപ്പ് സമയത്ത് അരമന നിരങ്ങി വോട്ട് ചോദിച്ച മഹാനാണത്രേ ഈ മന്ത്രി. ഇതിന് മുമ്പും ഇതുപോലെയുള്ള മഹദ്‌വചനങ്ങള്‍ ഇദ്ദേഹം മൊഴിഞ്ഞിട്ടുണ്ടത്രേ!

ഇന്ത്യന്‍ ഭരണഘടന എന്നാ കുന്തവും കുടച്ചക്രവുമാണെന്ന് ചോദിച്ച ഇദ്ദേഹത്തിന്റെ സംശയം ഒരിക്കല്‍ കോടതി തീര്‍ത്തുകൊടുത്തതാണ്. തമിഴ്‌നാട്ടില്‍ നിന്നും ഇഷ്ടംപോലെ അരി വരുമ്പോള്‍ കേരളത്തിലെ കിഴങ്ങന്മാരായ കര്‍ഷകര്‍ എന്തിനാണ് നെല്‍കൃഷി നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. 

'മുന്തിരി വൈനും രോമാഞ്ചവും'  വിവാദം കത്തിപ്പടര്‍ന്നപ്പോള്‍, പതിവ് പോലെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. വിടുവായത്വം വിളമ്പിയിട്ട്, ക്ഷമ ചോദിക്കുന്നത് അദ്ദേഹത്തിന് വരാല്‍ കറി കൂട്ടി കപ്പ കഴിക്കുന്നതുപോലെ ഹരമാണ്. 'ഞാന്‍ അതല്ല ഉദ്ദേശിച്ചത്, നാക്ക് ഉളുക്കിയതാണ്, വാര്‍ത്ത വളച്ചൊടിച്ചതാണ്' തുടങ്ങിയ മുടന്തന്‍ ന്യായങ്ങള്‍. 

ജൗളി പൊക്കി കാണിച്ചിട്ട് 'നിങ്ങള്‍ കണ്ടത് സത്യമല്ല, അതങ്ങ് മറന്നേക്കൂ' എന്നൊരു ലൈന്‍. 
കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിന് പറ്റിയ സാംസ്‌കാരിക മന്ത്രി.  

മുഖ്യമന്ത്രിയും ക്രിസ്തുമസ് വിരുന്നൊരുക്കി, മെത്രന്മാരെ ക്ഷണിച്ച് സത്കരിച്ചു. അവിടെ രോമാഞ്ചത്തെപ്പറ്റി ആരും 'കമാ'ന്നൊരക്ഷരം മിണ്ടിയില്ല. 

എന്നാല്‍ ഇതൊന്നുമല്ല എന്നെ അലട്ടുന്ന വിഷയം. അതൊക്കെ വലിയ വലിയ വിഷയങ്ങള്‍. വലിയ വലിയ ആള്‍ക്കാര്‍ അതിനൊക്കെ പരിഹാരം കണ്ടുകൊള്ളും. 

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സംഘടിപ്പിച്ച സല്‍ക്കാരത്തില്‍ പ്രത്യക്ഷപ്പെട്ട സാന്റാക്ലോസ് പാപ്പമാര്‍ക്കെല്ലാം ഒരേ മുഖഛായ. ചുവന്ന ഉടുപ്പും കുടവയറും ഓ.കെ. എന്നാല്‍ ഇന്‍ഡ്യയിലെ എല്ലാ ക്രിസ്തുമസ് പാപ്പാമാരുടേയും മുഖം വവ്വാല് ചപ്പിയ മാങ്ങാണ്ടി പോലെയാണിരിക്കുന്നത്. ചൈനാക്കാര്‍ ഒരേ അച്ചിലിട്ട് വാര്‍ത്ത ഓഞ്ഞ പ്ലാസ്റ്റിക് മോന്ത. മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുള്ള സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന സാന്റാക്ലോസിനു പോലും ഈ മൂഞ്ചിയ മോന്തയാണുള്ളത്. കാലം ഇത്ര കഴിഞ്ഞിട്ടും ഒരു തുടുത്ത കവിളുള്ള പാപ്പായെ കേരളത്തിലിറക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. കഷ്യം.

ദോഷം പറയരുതല്ലോ, കൂട്ടത്തില്‍ തലയെടുപ്പോടുകൂടി നിന്നത്, ഒരു വിദ്യാര്‍ത്ഥി സംഘടന കത്തിച്ച ഗവര്‍ണ്ണറുടെ മുഖച്ഛായയുള്ള പാപ്പാഞ്ഞിയാണ്. 

വരും വര്‍ഷങ്ങളിലെങ്കിലും ഊശാന്‍ താടിയും, ഒട്ടിയ കവിളുകളുമുള്ള മുഖത്തിനു പകരം, സമൃദ്ധമായ നരച്ച താടിമീശയും, ചുവന്ന് തുടുത്ത കവിളുകളുമുള്ള പാപ്പാമാരെ കാണാമെന്ന് പ്രതീക്ഷിക്കുന്നു!

 

Join WhatsApp News
Kunjumon 2024-01-04 04:00:08
പറഞ്ഞതു പോലെ ശരിയാണല്ലോ. ഇന്ത്യൻ പാപ്പാമാർക്കെല്ലാം ഒരു മാതിരി ഓഞ്ഞ മോന്ത. Good observation.
Believer 2024-01-04 12:27:39
തിരഞ്ഞെടുപ്പ് കാലത്തു മെത്രാൻമാരുടെ അരമന സന്ദർശിച്ചു സൗഹൃദ സന്ദർശനം നടത്തുന്നതും, പിന്നീട് അവരെ പുലഭ്യo പറയുന്നതും രാഷ്ട്രീയക്കാരുടെ ഒരു പതിവാണ്. അതുപോലെ, പലവിധ വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സഭാനേതാക്കൻമാർ, അധികാരമുള്ള രാഷ്ട്രീയ നേതാക്കളെ സന്ദർശിക്കുന്നതും സ്വീകരിക്കുന്നതും സാധാരണമാണ്. അവരുടെ ഇടയിൽ ഒരു പ്രതീകമായി കുടവയറും തേഞ്ഞ മുഖമുള്ള ഒരു പപ്പാജിയുടെ സാന്നിദ്ധ്യം നല്ലതാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക