ശശി : നിനക്കറിയോ ഞാൻ എല്ലാ വാട്സ് ആപ്പ് ഗ്രൂപ്പുകളും വിട്ടു.
സുഹാസിനി : അതെന്തേ , ഒടുവിൽ നന്നാവാൻ തീരുമാനിച്ചോ?
ശശി : ഇനി സ്വന്തമായി ഗ്രൂപ്പുകളുണ്ടാക്കി വലിയ ഒരു ഗ്രൂപ്പ് മുതലാളിയാകണം എനിക്ക് .
സുഹാസിനി : ഗ്രൂപ്പുണ്ടാക്കിയാൽ അടുപ്പിൽ തീ പുകയുമോ ?
ശശി : ഗ്രൂപ്പുണ്ടാക്കി ആദ്യം ഒരു കവിതാ മത്സരം സംഘടിപ്പിക്കും.. എന്നിട്ട് എല്ലാവരേയും വിജയികളായി പ്രഖ്യാപിക്കും
സുഹാസിനി : എന്നാലെന്താ ഗുണം !
ശശി : വെറുതെയല്ല , വിജയികൾക്ക് ഫോട്ടോ വെച്ച സർട്ടിഫിക്കറ്റിന് ആളൊന്നിന് 500 രൂപ വച്ച് വാങ്ങും.
സുഹാസിനി : അതുകൊണ്ട് ജീവിതം കഴിയുമോ ?
ശശി : നീ ഇടയിൽ കയറാതെ.. ഈ വിജയികളോട് നിങ്ങടെ കവിത ലോകോത്തര സൃഷ്ടിയാണ് , ഈ കവിതകൾ ഉൾപ്പെടുത്തി പുസ്തകമിറക്കണം എന്ന് പറഞ്ഞ് 2000 വച്ച് വാങ്ങും
സുഹാസിനി : കാശ് വാങ്ങിയവർക്ക് പുസ്തകം കൊടുക്കേണ്ടേ ?
ശശി : ഒരു പത്തിരുപത് കോപ്പി ഇറക്കി ഓരോരുത്തർക്കും അവരവരുടെ കവിതയുടെ പേജ് കീറി കൊടുക്കും, ഉമ്മറത്ത് ചില്ലിട്ട് വക്കാൻ.
സുഹാസിനി : കഴിഞ്ഞോ പദ്ധതികൾ?
ശശി : പിന്നെയാണ് മെഗാ ഇവന്റ് " ഗ്രൂപ്പ് സംഗമം" . ആയിരം വച്ച് അതിന് വാങ്ങും. അങ്ങനെ ഗ്രൂപ്പുകളുടെ തലവനായി മറ്റു ഗ്രൂപ്പുകളിൽ നിന്ന് കപ്പം വാങ്ങും ഞാൻ.
സുഹാസിനി : കപ്പം ? കോപ്പാണ്. വാട്സ് ആപ്പ് അഴിമതി എന്ന് ഇതുവരെ കേട്ടിട്ടില്ല. നിങ്ങളായിട്ട് അതും കേൾപ്പിക്കും.. അല്ല പിന്നെ!!