Image

ദാസേട്ടനെന്ന ഗുരു (ഫാദർ ജോൺ പിച്ചാപ്പിള്ളി)

Published on 11 January, 2024
ദാസേട്ടനെന്ന ഗുരു (ഫാദർ ജോൺ പിച്ചാപ്പിള്ളി)

യേശുദാസ് - ദാസേട്ടൻ! ലോകത്ത് എവിടെയുമുള്ള മലയാളികൾക്ക് അഭിമാനിക്കാനുള്ള മലയാളമുഖം, സുപരിചിതനാമം, ഗന്ധർവ്വനാദം! നമ്മുടെ നിത്യ ജീവിതത്തിലും ബോധമണ്ഡലത്തിലും അദ്ദേഹത്തെപ്പോലെ സ്വാധീനം ചെലുത്തിയ ഒരു വ്യക്തിയും ഗായകനും വേറെയില്ല. നന്നേ ചെറുപ്പത്തിൽ യേശുദാസ് തുടങ്ങിയ സംഗീത ജൈത്രയാത്ര ഇന്ന് തൻറെ ശതാഭിഷേകനാളുകളിലും ലദേശഭേദങ്ങളില്ലാതെ തുടരുന്നു. ഔന്നത്യങ്ങളൊന്നും അദ്ദേഹത്തിനു വെറുതെകൈവന്നതല്ലന്ന് നാമോർക്കുക. അവയെല്ലാം അദ്ദേഹത്തിൻറെ അനനുകരണീയമായ നിഷ്‌ഠകൾ, അച്ചടക്കം, ശിക്ഷണം, ലാളിത്യം, സ്ഥിരോത്സാഹം, പഠനതാത്പര്യം, വിവേചനാശക്തി എന്നിവയുടെ ഫലമാണെന്ന് ആർക്കാണ് അറിയാത്തത്.

എൻ മനസ്സിൽ നിന്നു മായാത്ത അനുഭവങ്ങളിൽ ഒന്നിനെപ്പറ്റി പറയാം. ദാസേട്ടൻ പാടിയ 'കുരിശിലെ വചനങ്ങൾ' എന്ന സംഗീത ആൽബത്തിൻറെ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്ന സമയം. എൻറെ സുഹൃത്ത് ബിനോയി സെബാസ്‌റ്റ്യൻ തയ്യാറാക്കിയ രണ്ടു ഖണ്ഡികയുള്ള സ്ക്രിപ്റ്റ് കൈയിൽ വാങ്ങി അടുത്ത മുറിയിൽ പോയിനിന്ന് ഒരു വിദ്യാർത്ഥിയെപ്പോലെ ഉറക്കെ വായിച്ചു പഠിച്ചു തിരിച്ചുവന്ന് ഒറ്റ ടേക്കിൽ ഓകെ ആക്കിയത് അദ്ദേഹത്തിന്റെ പ്രതിബദ്ധതക്കും സമർപ്പണത്തിനും ഒരു ചെറിയ ഉദാഹരണം മാത്രം.

ഏതു ജീവിതമാർഗ്ഗത്തിലുള്ളവർക്കും ദാസേട്ടൻ മാതൃകയാണ്. അദ്ദേഹവുമായുള്ള ഓരോ സംഭാഷണത്തിലും ഒരുപാട് ചിരിക്കാനും ചിന്തിക്കാനുമുള്ള കാര്യങ്ങളുണ്ടാകും. ആയിരം പൂർണ്ണചന്ദ്രനെ കണ്ട ദാസേട്ടൻ്റെ അത്ഭുതാവഹമായ അനുഭവങ്ങളും ആർജ്ജിതജ്ഞാനവും ഒരു ഗാനഗന്ധർവ്വനും പണ്ഡിതനും ഉചിതമാം വിധം നമ്മെ ഉത്തേജിപ്പിക്കുന്നതും ആവേശം കൊള്ളിക്കുന്നതുമാണ്. എനിക്ക് അത് അനുഭവവേദ്യമാണ്.

ഇപ്പോൾ അമേരിക്കൻ സ്വച്ഛതയിൽ കഴിയുന്ന ദാസേട്ടനും ഞാനും തമ്മിൽ കഴിഞ്ഞമാസം
(ഡിസംബർ, 2023) നടന്ന വർത്തമാനം പറച്ചിലിനിടയിൽ സംസാര വിഷയത്തിനൊത്ത് ഞാൻ
പറഞ്ഞു: 'നിനക്കുള്ളതാം അരിമണിയിൽ നിൻെറ പേരെഴുതിയിട്ടുണ്ട് എന്ന് ദാസേട്ടൻ നമ്മുടെ
ഒരു ആൽബത്തിൽ പാടിയിട്ടുണ്ട്,' എന്ന്. ഉടനെതന്നെ അദ്ദേഹം ഹിന്ദിയിൽ ഒരു ചൊല്ല്
ഉണ്ടെന്നുപറഞ്ഞു വിവരിക്കുകയായി:
"ധാനേ ധാനേ മേം ലിഖാ ഹേ, ഖാനേ വാലാ കാ നാം.
ഓരോ ധാന്യമണിയിലും ലിഖിതപ്പെട്ടു കിടക്കുന്നു, അതാഹരിക്കുന്നവൻ പേരുവിവരം.
അക്കാര്യം ഞങ്ങൾ പാട്ടുകാർക്കിടയിൽ ഇപ്രകാരവും പറയാറുണ്ട്: 'ഗാനേ ഗാനേ മേം ലിഖാ ഹേ, ഗാനേ വാലാ കാ നാം.
ഓരോ ഗാനത്തിലും ലിഖിതപ്പെട്ടു കിടക്കുന്നു, അതു പാടാനുള്ളയാളുടെ പേരുവിവരം. സംഭവിക്കാനുള്ളതു സംഭവിക്കും. നമുക്കുള്ളത് നമ്മുടെയടുത്തെത്തും, അതിനെ തടയാൻ ആർക്കും ആവില്ല.”

കഴിഞ്ഞമാസം തന്നെ നടന്ന ഞങ്ങളുടെ മറ്റൊരു സംഭാഷണസമയത്ത് ജീവിതത്തിൻറ ഗതിഭേദങ്ങളെപ്പറ്റി സംസാരിക്കവേ, 'എന്റെ ഗുരുനാഥൻ ചെമ്പൈ വൈദ്യനാഥസ്വാമിയുടെ പ്രാർത്ഥന ഓർത്തുപോകുന്നുവെന്നു പറഞ്ഞ് ദാസേട്ടൻ ഇങ്ങനെ ചൊല്ലി: “അനായാസേന മരണം, വിനാ ദൈന്യേന ജീവിനം ദേഹി മേ കൃപയാ ശംഭോ, ത്വയി ഭക്തിം അചഞ്ചലം! ദൈവമേ, ഭക്തനായ എനിക്ക് ദീനമില്ലാത്ത ജീവിതവും ജീവിതാവസാനം ആയാസപ്പെടാത്ത മരണവും നൽകേണമേ.”

ദാസേട്ടനിതു ചൊല്ലുമ്പോൾ ചെയ്തുകൊടുക്കുന്നുണ്ടായിരുന്നു. പിന്നണിയിൽ നിന്ന് പ്രഭച്ചേച്ചി സംശയനിവാരണം എന്തു മനോഹരമായ പ്രാർത്ഥനയെന്നു ഞാൻ അഭിപ്രായപ്പെട്ടപ്പോൾ, 'ഇതായിരിക്കണം നമ്മുടെ പ്രാർത്ഥന; മറ്റുള്ളവരെ ആശ്രയിക്കാത്ത ഒരു ജീവിതം,' എന്ന് സ്വന്തമായ ഒരാത്മദർശനമുള്ള ദാസേട്ടനെന്ന ഗുരു കൂട്ടിച്ചേർത്തു.
പഠിക്കുക, പഠിപ്പിക്കുക, അന്ധത നീക്കുക എന്നിവ ഗുരുധർമ്മങ്ങളാണല്ലോ!

നമ്മുടെയെല്ലാം പ്രിയങ്കരനായ ദാസേട്ടനെന്ന ഗുരുവിന് ശതാഭിഷേക മംഗളങ്ങളും പ്രാർത്ഥനയും ഹൃദയപൂർവ്വം നമുക്കു നേരാം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക