ന്യൂയോര്‍ക്ക്: ഫോമാ എംപയര്‍ റീജിയന്റെ യോഗത്തില്‍ റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന പി.ടി. തോമസിനേയും, ഫോമാ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന സണ്ണി കല്ലൂപ്പാറയേയും എംപയര്‍ റീജിയന് പിന്തുണ അറിയിച്ചു. യോഗത്തില്‍ ഷോളി കുമ്പിളുവേലില്‍ അധ്യക്ഷത വഹിച്ചു.
പിടി. തോമസ്
പത്തനംതിട്ട കീക്കൊഴൂര്‍ സ്വദേശിയായ പിടി. തോമസ് മാര്‍ത്തോമ്മാ യുവജനസഖ്യത്തിലും അഖില കേരള ബാലജനസഖ്യത്തിലും സജീവമായിരുന്നു. മീററ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും മാസ്റ്റേഴ്സ് ബിരുദം നേടി. പതിനേഴാം വയസില്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ ചേര്‍ന്നു. ഒമ്പതുവര്‍ഷം എയര്‍ ഫോഴ്സില്‍ ജോലി ചെയ്തു. പിന്നീടാണ് അമേരിക്കയില്‍ എത്തുന്നത്.
ഡല്‍ഹിയില്‍ മാര്‍ത്തോമ്മാ സഭയുടെ ബോംബെ ഡല്‍ഹി ഭദ്രാസനത്തിന്റെ നോര്‍ത്തേണ്‍ സോണ്‍ ട്രഷററായും പ്രവര്‍ത്തിച്ചു. 1983 ല്‍ അമേരിക്കയിലെത്തിയ ശേഷവും പഠനം തുടര്‍ന്നു. ഡ്രൂ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡിവിനിറ്റിയിലും ഫോര്‍ഡാം യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കിലും ബിരുദാനന്തരബിരുദവും നേടി. പിന്നീട് ഡൊമിനിക്കന്‍ കോളേജില്‍ നിന്ന് അക്കൗണ്ടിങ്ങിലും അമേരിക്കന്‍ പസഫിക് യൂണിവേഴ്സിറ്റില്‍ നിന്ന് ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമും പഠിച്ചു. ന്യൂയോര്‍ക്കില്‍ തെറാപ്പി അസിസ്റ്റന്റായി ജോലി ചെയ്തശേഷം റോക്ക്ലാന്‍ഡ് കൗണ്ടിയില്‍ ഡിപ്പോര്‍ട്ട്മെന്റ് ഓഫ് സോഷ്യല്‍ സര്‍വീസില്‍ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസില്‍ ചേര്‍ന്നു. ഇപ്പോള്‍ ടാക്സ് പ്രാക്ടീഷണര്‍ എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. അത് ഒട്ടേറെ പേരുടെ സാമ്പത്തിക ഉന്നമനത്തിനു വഴിയൊരുക്കി. ടാക്സ് സംബന്ധിച്ചും മറ്റുമുള്ള സെമിനാറുകളില്‍ പ്രഭാഷകനാണ്.
മുഖ്യധാരാ രാഷ്ട്രീയത്തിലും തിളങ്ങിയ പി.ടി. തോമസ് ന്യൂയോര്‍ക്കിലെ തൊഴിലാളികള്‍ക്കിടയില്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. ന്യൂയോര്‍ക്കിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ സിവില്‍ സര്‍വീസ് എംപ്ലോയീസ് അസോസിയേഷന്റെ സി.എസ്.ഇ.എ റോക് ലാന്‍ഡ് കൗണ്ടി ട്രഷററായും പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
സണ്ണി കല്ലൂപ്പാറ
അമേരിക്കന്‍ മലയാളികളുടെ ആസ്വാദനത്തിന്റെ രസക്കൂട്ട് കൃത്യമായി അറിയുന്ന കലാകാരന് എന്ന് സണ്ണി കല്ലൂപ്പാറയെ വിശേഷിപ്പിക്കാം. മിമിക്രി-നാടകം-സീരിയല്‍-സിനിമ-വെബ് സീരീസ് എന്നിങ്ങനെ വിവിധ മേഖലകളിലൂടെ അധികം ആളുകള്‍ക്ക് സാധിക്കാത്ത രീതിയില്‍ ഒരു ആരാധകവൃന്ദത്തെ അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. ജനമനസ്സുകളിലെ സ്വീകാര്യതയാണ് സാമൂഹിക മണ്ഡലങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കല്ലൂപ്പാറയ്ക്ക് ഊര്‍ജ്ജം പകരുന്നത്.
മലയാളി അസോസിയേഷന് ഓഫ് റോക്ക്ലാന്‍ഡ് കൗണ്ടിയുടെ പ്രസിഡന്റ്', ഫോമാ എംപയര്‍ റീജിയന് ട്രഷറര്‍,ഹഡ്സണ്‍ വാലി അസോസിയേഷന് ജോയിന്റ് ട്രഷറര്‍, സെന്റ് തോമസ് മാര്‍ത്തോമ്മാ യുവജന സഖ്യം സെക്രട്ടറി മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ പ്രഥമ ഭദ്രാസന ട്രഷറര്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള സണ്ണി കല്ലൂപ്പാറ, നിലവില്‍ മലയാളി അസോസിയേഷന് ഓഫ് റോക്ക്ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്) വൈസ് പ്രസിഡന്റാണ്.
ഫോമായുടെ എമ്പയര്‍ റീജിയന് ട്രഷററായിരുന്ന സണ്ണി കല്ലൂപ്പാറ ഫോമാ ചിക്കാഗോ കണ്‍വന്‍ഷനില്‍ നാടക മത്സരത്തിന്റെ ചെയര്‍ പേഴ്സണ്‍ ഉള്‍പ്പെടെ നാല് കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചു. ഫിലാഡല്‍ഫിയ കണ്‍വന്‍ഷനിലെ കോ-ഓഡിനേറ്ററായും തിളങ്ങി. ഫോമാ ഷിക്കാഗോ കണ്വന്ഷന് ബെസ്റ്റ് കപ്പിള്‍ മല്‍രത്തിന്റെ ജഡ്ജായിരുന്നു. ഫ്ളോറിഡാ കണ്‍വന്‍ഷനിലെ നാടക മത്സരത്തില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. 'ആരും പറയാത്ത കഥ' എന്ന നാടകത്തിലെ അഭിനയ മികവിനായിരുന്നു ഈ അംഗീകാരം.
സണ്ണി കല്ലൂപ്പാറ ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് (യോങ്കേഴ്സ്) യുവജന സഖ്യം സെക്രട്ടറിയായും സംഘടനയുടെ വൈസ് പ്രസിഡന്റ്, നോര്‍ത്ത് ഈസ്റ്റ് റീജണല്‍ സെക്രട്ടറി, ഭദ്രാസന അസംബ്ലി മെമ്പര്‍, നോര്‍ത്ത് അമേരിക്ക ഭദ്രാസന യുവജനസഖ്യം ആദ്യ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് അസംബ്ലി അംഗമാണ്.
ന്യൂയോര്‍ക്കിലെ ക്രോമലോയിയില് ക്വാളിറ്റി കണ്ട്രോള് ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്ന സണ്ണി കല്ലൂപ്പാറ തന്റെ ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും അഭിനയത്തെ നെഞ്ചോട് ചേര്‍ക്കുന്ന തികഞ്ഞ കലാകാരനാണ്. അപ്പൂപ്പന് 100 വയസ്, നന്മകള് പൂക്കും കാലം, പ്രവാസി തുടങ്ങി 200ല്‍ അധികം വേദികള്‍ പിന്നിട്ട ഇരുപതിലധികം പ്രൊഫഷണല്‍ നാടകങ്ങളിലൂടെ ഒട്ടനവധി ജനസദസുകളില്‍ ഇന്നും സജീവമായി നാടകങ്ങള്‍ അവതരിപ്പിച്ചു വരുന്നു.
ഫിലഡല്‍ഫിയയിലെ മാനുഷി നാടകോത്സവത്തില്‍ വ്യുവേഴ്സ് ചോയിസ് ബെസ്റ്റ് ആക്റ്ററായി. വെസ്റ്റ്ചെസ്റ്ററിലെ യൂണിഫെസ്റ്റ് 91ല്‍ കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. വാഷിങ്ടണ്‍ ഡി.സിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റ് വേദിയില്‍ നിന്ന് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡും സ്വന്തമാക്കി.
പ്രവാസി, അക്കരക്കാഴ്ച, അവര്‍ക്കൊപ്പം, ലോക്ക്ഡ് ഇന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. കൂടാതെ ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ ചാനലുകളിലെ ജനപ്രിയ പരമ്പരകളായ മനസ്സറിയാതെ, വേളാങ്കണ്ണിമാതാവ്, ഞങ്ങള്‍ സന്തുഷ്ട്ടരാണ്, കുങ്കുമപ്പൂവ്, അല്ഫോണ്സാമ്മ, അക്കരക്കാഴ്ച്ച, ഹരിചന്ദനം, ഇത് രുദ്രവീണ, പ്രവാസി, ഗ്രീന്‍കാര്‍ഡ്, ഫെയ്സ് ബുക്ക് ജോപ്പന്, തുടങ്ങിയ പത്തില്‍ അധികം സീരിയലുകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്. ലോക്ക്ഡ് ഇന്‍ ആണ് സണ്ണി ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.
അമേരിക്കന്‍ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമുള്ള ജനപ്രിയ കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ചയുമായാണ് സണ്ണി കല്ലൂപ്പാറ ജൈത്രയാത്ര തുടരുന്നത്. പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ സൂപ്പര്‍ ഹിറ്റ് സീരിയല്‍ 'ഫെയ്സ്ബുക്ക് ജോപ്പ'നിലെ മുഴുനീള കഥാപാത്രമായ ജോപ്പനും 'നാടന്‍ വൈബ്സി'ലെ വര്‍ക്കിയും 'കപ്പ ആന്റ് ക്രൊയ്സാന്റ്സി'ലെ ചാക്കോയും അരങ്ങ് തകര്‍ത്താടിയവയാണ്. നിത്യജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന ഈ വ്യത്യസ്ത മുഖങ്ങളെ തന്മയത്വത്തോടെ സണ്ണി കല്ലൂപ്പാറ അവതരിപ്പിക്കുമ്പോള്‍ അവര്‍ സ്വാഭാവിക വ്യക്തികളായി മാറുന്നു.
തിരുവല്ലയ്ക്കു സമീപം കല്ലൂപ്പാറ പേരാലുംമൂട്ടില്‍ കുടുംബാംഗമായ സണ്ണി നൈനാന് കര്‍മ്മ ഭൂമിയിലെ തന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും കലാ ജീവിതത്തിനും കൈത്താങ്ങായി നിന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു. നാളിതുവരെയുള്ള തന്റെ കലാ സപര്യയിലൂടെ നേടിയ പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് സണ്ണി കല്ലൂപ്പാറ വിനിയോഗിച്ചത്. ഇനിയും ആ സഹജീവി സ്നേഹത്തിന്റെ പാതപിന്തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പെമോണയില്‍ നേഴ്സ് മാനേജരായിരുന്ന ജെസി ആണ് ഭാര്യ. ഇപ്പോള്‍ റോക്ക്ലാന്‍ഡ് സൈക്യാട്രി സെന്ററില്‍ ജോലി ചെയ്യുന്ന ജെസിക്ക് കൊറോണക്കാലത്തെ സേവനങ്ങള്‍ മാനിച്ച് ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ഏറ്റവും മികച്ച നേഴ്സിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളായ ജെയ്സണ്‍, ജോര്ഡന്, ജാസ്മിന് എന്നിവര്‍ മക്കള്‍.