Image

കോണ്‍ഗ്രസിന് പറ്റിയ ചിഹ്നം നുകം വെച്ച കാളകള്‍ (രാജു മൈലപ്രാ)

Published on 25 February, 2024
കോണ്‍ഗ്രസിന്  പറ്റിയ ചിഹ്നം നുകം വെച്ച കാളകള്‍ (രാജു മൈലപ്രാ)

പണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം 'നുകംവെച്ച കാള' ആയിരുന്നു. കാലചക്രം തിരിഞ്ഞപ്പോള്‍ അതു കറങ്ങിത്തിരിഞ്ഞ് 'കൈപ്പത്തി'യില്‍ എത്തിനില്‍ക്കുന്നു. 

എന്റെ എളിയ അഭിപ്രായത്തില്‍, ഈവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ പറ്റിയ ചിഹ്നം 'നുകംവെച്ച കാള; തന്നെ ആയിരിക്കും. അതില്‍ കാളകള്‍ക്ക് പകരം പ്രതിപക്ഷ നേതാവിന്റേയും, കേരളത്തിലെ കോണ്‍ഗ്രസ് പ്രസിഡന്റിന്റേയും ചിത്രങ്ങള്‍ വരച്ച് ചേര്‍ക്കാം.

ചിലതൊക്കെ കാണുമ്പോള്‍ എങ്ങിനെയാണ് പ്രതികരിക്കാതിരിക്കുന്നത്? അത്തരം കോപ്രായങ്ങളല്ലേ ഈ മഹാന്മാര് രണ്ടുംകൂടി പത്രക്കാരുടെ മുന്നില്‍ 'ലൈവ് ആയി കാണിച്ചുകൊണ്ടിരിക്കുന്നത്. ചാണ്ടി ഉമ്മന്റെ വിജയാഘോഷ വേളയിലാണ് നമ്മള്‍ ഇത് ആദ്യം കാണുന്നത്. 

'ആരാദ്യം പറയും, ആരാദ്യം പറയും
പറയാതിനി വയ്യ- പറയാനും വയ്യ'
എന്ന പാട്ടിന്റെ അകമ്പടിയോടെ ടെലിവിഷന്‍ മൈക്രോഫോണുകള്‍ക്കുവേണ്ടിയുള്ള നാണംകെട്ട വടംവലി. 

ഈ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലാണ് പ്രേക്ഷകരുടെ ആവശ്യപ്രകാരം ഈ നാടകം വീണ്ടും അരങ്ങേറിയത്. സതീശന്‍ സമയത്ത് പരിപാടിക്ക് എത്താതിരുന്നത് സുധാകര്‍ജിയെ ചൊടിപ്പിച്ചു. 

' ആ മൈ.......ന്‍ എവിടെപ്പോയി കിടക്കുവാ?' എന്ന് അദ്ദേഹത്തിന്റെ തിരുവായ് മൊഴിഞ്ഞത് പത്രക്കാര്‍ ഒപ്പിയെടുത്തു. ഇത് കണ്ടറിഞ്ഞ സതീശന്‍ജി കത്തിജ്വലിച്ചു. തീയണയ്ക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെട്ടു. രാഹുല്‍ജിയെ ഉപദേശിച്ച് ഒരു വഴിയിലാക്കിയ വേണുനാദം ഉണര്‍ന്നു. രണ്ടുപേരും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ്, പരസ്പരം ഉമ്മ കൊടുത്ത് പത്രക്കാരുടെ മുന്നില്‍ നിന്ന് പറയണം. ' ഞ്ങ്ങള്‍ ജ്യേഷ്ഠാനുജന്മാര്‍ പോലെയാണെന്ന്'
' അതൊക്കെ സുധാകരന്‍ ചേട്ടന്റെ ഒരു തമാശയാണെന്ന്' - സതീശന്‍ പറഞ്ഞു. 

' അവനെന്റെ സ്വന്തം അനിയനെപ്പോലെ'യാണെന്ന് സുധാകര്‍ജിയുടെ തട്ടിവിട്ടു. 

സീറ്റുവിഭജനം വരുമ്പോള്‍, സ്വത്തു തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ജ്യേഷ്ഠാനുജന്മാരെപ്പോലെ പരസ്പരം കത്തിക്കുത്ത് നടത്താതിരുന്നാല്‍ നല്ലത്.

ഭരണമുന്നണി നല്ല ഒന്നാന്തരം കിടിലോല്‍ക്കിടിലം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി കഴിഞ്ഞിട്ടും, പ്രതിപക്ഷത്തിന്റെ സീറ്റ് വിഭജനം കീറാമുട്ടിയായിത്തന്നെ തുടരുന്നു. 

കൊല്ലത്ത് പ്രേമചന്ദ്രന്‍ തന്നെയാണ് സ്ഥാനാര്‍്തഥി. പാര്‍ലമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഒരു മെമ്പറാണ് ബഹുമാനപ്പെട്ട പ്രേമചന്ദ്രന്‍. അതുകൊണ്ടാണല്ലോ പ്രധാനമന്ത്രിയുടെ സര്‍പ്രൈസ് വിരുന്നില്‍, പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത് പാനീപൂരിയും, പനീര്‍ മട്ടറും മൂക്കുമുട്ടെ ഭക്ഷിക്കാനും, പാനം ചെയ്യുവാനും അദ്ദേഹത്ത് അവസരം ലഭിച്ചത്. 

പ്രേമചന്ദ്രന്‍െ എതിരാളിയായി നടന്‍ മുകേഷിന് പകരം, വാഴക്കുല ഡോക്ടര്‍ ചിന്താ ജെറോമിനെ നിര്‍ത്തുന്നതായിരുന്നു നല്ലത്. എങ്ങാനും ജയിച്ചുവന്നാല്‍ പാര്‍ലമെന്റില്‍ പോയി ' Actually what is politics? Politics is the art of changing the impossible things today to the possible things of tomorrow- Romantic poets kelly and shelly died youth- So youth can do it'

ഇത്തരത്തിലുള്ള ഉഗ്രന്‍ ഇംഗ്ലീഷ് ഡയലോഗുകള്‍ കാച്ചി ബി.ജെ.പിക്കാരുടെ കണ്ണ് തള്ളിച്ചേനേ, ചിന്താമാഡം. 

കേരളത്തില്‍ നിന്നും സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി ഒഴികെ മറ്റാരും തന്നെ ജയിച്ചു കേന്ദ്രത്തില്‍ പോയാലും വലിയ ഗുണമൊന്നുമില്ല. ഗോപി കൊച്ചാട്ടന്‍ ജയിപ്പിച്ചാല്‍ ക്യാബിനറ്റ് റാങ്ക് പദവിയുള്ള ഒരു കേന്ദ്രമന്ത്രിയെ കേരളത്തിന് കിട്ടും. സംസാരിക്കുമ്പോള്‍ ബലംപിടിച്ച് ചില 'പ്രത്യേക ആക്ഷന്‍' കാണിക്കുമെങ്കിലും, ആളൊരു ശുദ്ധഗതിക്കാരന്‍ ആണെന്നു തോന്നുന്നു. 

കോണ്‍ഗ്രസുകാരുടെ നേതാക്കന്മാരുടെ നേതാവായ രാഹുല്‍ മോന്‍, 'ഭാരത് ജോഡോ യാത്രയ്ക്കു' ശേഷം, 'ഭാരത് ജോഡോ നവയാത്ര'യുമായി തെക്കുവടക്ക് നടക്കുകാണ്. ആദ്യത്തെ യാത്ര കഴിഞ്ഞപ്പോള്‍ കൈയ്യിലിരുന്ന നാലു സംസ്ഥാനങ്ങളുടെ ഭരണം പോയിക്കിട്ടി. 

കേരളത്തിലെ കോണ്‍ഗ്രസുകാരും 'സമരാഗ്‌നി' എന്ന പേരില്‍ യാത്ര നടത്തുന്നുണ്ട്. നേതാക്കന്മാരുടെ തമ്മിലടി ഒഴിച്ചാല്‍, അഗ്നിക്ക് വേണ്ടത്ര ചൂടില്ല.

ബി.ജെ.പിക്കാര് രണ്ടു ദിവസംകൊണ്ട് കേരളത്തിലുടനീളം നടത്തിയ 'പദയാത്ര'യില്‍ 
'അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണം
ഇന്നു തച്ചുടയ്ക്കുവാനായി നിരക്കൂ കൂട്ടരെ'
എന്ന ഗാനം ആലിപിച്ച് കപ്പടിച്ചു. 

ആരെന്തു പറഞ്ഞാലും ഭരണമുന്നണി നടത്തിയ 'കേരള യാത്രയ്ക്ക്' ഒരു ഗും ഉണ്ടായിരുന്നു. ടോയ്‌ലറ്റും, ലിഫ്റ്റും ഘടിപ്പിച്ച സൂപ്പര്‍സോണിക് ലക്ഷ്വറി കോച്ച്- അതു നിറയെ കോമാളിത്തൊപ്പി ധരിച്ച മന്ത്രി പുംഗവന്മാര്‍- അവര്‍ക്ക് കൊറിക്കാന്‍ അണ്ടിപ്പരിപ്പും, കുടിക്കുവാന്‍ നാരീ പാനീയവും. പൗരപ്രമുഖരോടൊപ്പം അടിപൊളി പ്രഭാത ഭക്ഷണം. വഴിനീളെ വരാല് കറിയും, മട്ടന്‍ മപ്പാസുമുള്‍പ്പെട്ട വിശിഷ്ട ഭോജ്യങ്ങള്‍. കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് കുഞ്ഞുങ്ങളുടെ തലമണ്ട അടിച്ചുപൊട്ടിച്ച രക്ഷാപ്രവര്‍ത്തനം എന്ന പുതിയ കലാപ്രകടനം. ആകപ്പാടെ കണ്ടിരിക്കാന്‍ ഒരു ഓളമുണ്ടായിരുന്നു. 

കോണ്‍ഗ്രസുകാരന്റെ ഇന്നത്തെ ഒരുഗതിയും പരഗതിയും ഇല്ലാത്ത പോക്കു കാണുമ്പോള്‍, പിണറായി വിജയന്‍ തന്നെ വീണ്ടും അധികാരത്തിലെത്താനാണ് സാദ്ധ്യത- ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതാണല്ലോ കാണിക്കുന്നത്. 

വീണാ വിജയന്‍ ഉടന്‍ അറസ്റ്റിലാകുമെന്നും, പിണറായി വിജയന്‍ ജയിലിലാകുമെന്നും മറ്റും, മറുനാടനെപ്പോലുള്ളവര്‍ വിളിച്ചുപറയുന്നത് കേട്ട് ആരും മനപ്പായസമുണ്ണണ്ടാ- ആരോപണങ്ങളെല്ലാം ഒരു അഡ്ജസ്റ്റ്‌മെന്റില്‍ അലിഞ്ഞില്ലാതാകും. അതാണല്ലോ പതിവ്. 
രാഷ്ട്രീയത്തിലിറങ്ങുന്നത് പത്തു പുത്തന്‍ ഉണ്ടാക്കാനല്ലേ? അല്ലാതെ പുണ്യം കിട്ടാനൊന്നുമല്ലല്ലോ!
കാശുണ്ടാക്കിയവര്‍ മിടുക്കന്മാര്‍!
അല്ലാത്തവര്‍ മരമണ്ടന്മാര്‍!!

 

Join WhatsApp News
Thomas Puthuppally 2024-02-25 13:11:46
An unbiased good political observation, satirically depicting the pathetic actions of power-mongered political parties in Kerala. Congress leader, Sudhakaran and Sathessan are acting childishly in-front of the public. This will considerably reduces their chances of winning seats in Lokasabha and Assembly elections. Before the Assembly elections, they should step aside and give chances to people like Rahul Makkotathil, Shafi Parambil and Chandly Oommen.
Chintha Fan 2024-02-25 18:42:35
I am a great fan of Dr. Chintha Jerome. I watch her English speeches on you tube. They are very informative and inspirational. She is a great motivation speaker and I humbly request the FOKANA/ FOMA officials to invite her to their conventions to inspire our young generation with her great motivational speeches. Thank you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക