Image

ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം-9: സാംസി കൊടുമണ്‍)

Published on 02 March, 2024
ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം-9: സാംസി കൊടുമണ്‍)

9 പീറ്ററില്‍ മോശയുടെ ആത്മാവ് പ്രവേശിക്കുന്നു.


പീറ്റര്‍ പലവിധ ചിന്തകളില്‍ തന്റെ കുതിരയുടെ താളത്തിനൊപ്പം പൊങ്ങിയും താണും തന്റെ ചിന്തകളെ രൂപപ്പടുത്താന്‍ തുടങ്ങി.ഒരോ മനുഷ്യനും ഈ ഭൂമി അവകാശപ്പെട്ടതാണ്. ആരും മറ്റൊരാളുടെ അടിമയാകേണ്ട ആവശ്യമില്ല.. പക്ഷേ തന്റെ ചിന്തകളെ ആരോടു പറയും. തനിക്ക് വട്ടാണന്നെല്ലാവരും പറയും. അടിമക്കച്ചവടം ഒരു സാധാരണ സംഭവം മാത്രമായി. ഒരാടിനെയോ, ഒരു കുതിരയെയോ, ഒരു കഴുതയെയോ എന്നപോലെ മനുഷ്യനെ കവലയില്‍ വില്പനയ്ക്കു വെച്ചിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം കൈവേലയെ മറ്റൊരാള്‍ക്ക് വില്‍ക്കാനോ വാങ്ങാനോ എന്താ അധികാരം.ഇതു വെളുത്തവന്റെ അധികാരത്തിന്റെയും വക്രബുദ്ധിയുടെയും കച്ചവടമല്ലേ... സഹ ജീവികളെ സ്‌നേഹിക്കുന്നതിനു പകരം അവനെ ചങ്ങലയ്ക്കിട്ട് വില്പനച്ചരക്കാക്കി അവന്റെ തോട്ടത്തിലെ മാടുകളുടെ കണക്കില്‍ പെടുത്തുന്നവന്റെ സ്‌നേഹിതനായിരിക്കുന്നതെങ്ങനെ. അല്ലെങ്കില്‍ അവരെന്നെ സ്‌നേഹിതനായി കാണുന്നുണ്ടോ. താന്‍ തൊലിവെളുത്ത, അവന്റെ തൊഴിലാളിമാത്രമല്ലേ. അവന്റെ കയ്യിലെ ചാട്ട തന്റെമേലും പതിക്കും. അങ്ങനെ പതിച്ചിട്ടില്ലെ…?

ഒരിക്കല്‍ അപ്പന്‍ വളരെ ദുഃഖിതാനയി ഇരിക്കുന്നതു കണ്ടു. അമ്മയാണു പറഞ്ഞത്, തോട്ടത്തില്‍ അപ്പന്റെ നോട്ടക്കുറവുകൊണ്ട് ഏതോ ഒരു അടിമ ഓടിപ്പോകാന്‍ ശ്രമിച്ചു. വേട്ടപ്പട്ടികള്‍ ഉണ്ടായിരുന്നതു കൊണ്ട് ഓടാന്‍ ശ്രമിച്ചവന്റെ തുടമാംസം കടിച്ചെടുത്തവനെ തടഞ്ഞു. മുതലാളിഅപ്പനെ തല്ലുകയും തെറിവിളിയ്ക്കയും ചെയ്തു. ‘കൂട്ടിലകപ്പെട്ട കിളി പറന്നുപോകാന്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കും..’. അപ്പന്‍ ആരോടെന്നില്ലാതെ പറഞ്ഞതിന്റെ പൊരുള്‍ അന്നു മനസിലായില്ല. ഇസ്‌ബെല്ലയുടെ കണ്ണുകളില്‍ പറന്നുപൊങ്ങാനുള്ള ചിറകടി ശബ്ദം ഉണ്ട്. താന്‍ കണ്ടതാണ്. ഓടിപ്പോകാന്‍ ശ്രമിച്ച് പിടിക്കപ്പെട്ട ചിറകരിഞ്ഞവര്‍ ഇനി ഒരവസരം കിട്ടില്ലന്നറിഞ്ഞിട്ടും, പറന്നുയാരാന്‍ കാംഷിക്കുന്നു. ഇതു മനുഷ്യനാണ്. പീറ്റര്‍ തന്റെ ചിന്തകളെ ഒന്നു കൂടി ബലപ്പെടുത്തി.

തന്റെ കണ്ണുകളെ തെക്കുഭാഗത്തെ മലനിരകളില്‍ ഉറപ്പിച്ചു. അതായിരിക്കണം വഴി. അല്പം പാടുള്ള വഴിയെങ്കിലും, ഒളിച്ചിരിക്കാന്‍ ഒത്തിരി പാറയിടുക്കുകള്‍ ഉണ്ട് എന്നുള്ളതിനാല്‍ പെട്ടന്നു കണ്ടു പിടിക്കാന്‍ കഴിയില്ലെന്നുറപ്പിച്ചു. ആരുടെ വിമോചനത്തെക്കുറിച്ചാണു സ്വപ്നം കാണുന്നത്. എത്ര പേര്‍ ഒളിച്ചോടാന്‍ തയ്യാറാകും. അവര്‍ എങ്ങോട്ടുപോകും. അവര്‍ എവിടെപ്പോയാലും തിരിച്ചു കൊണ്ടുവരാന്‍ സ്ലേവ് ഹണ്ടേഴ്‌സ് വേട്ടപ്പട്ടിയെക്കാള്‍ ജാഗ്രതയുള്ളവരായി ചുറ്റി നടക്കുന്നു. പീറ്റര്‍ സ്ലേവ് ക്യാബിനോടു ചേര്‍ന്നുള്ള മരച്ചുവട്ടില്‍ ഇറങ്ങി. എന്തിന്...? പതിവുള്ളതല്ല. എന്തോ ഒരുള്‍പ്രേരണയാല്‍ അങ്ങനെ ചെയ്തതാണ്. അവിടെ സൈമന്‍ തന്റെ തൂമ്പാപ്പിടിയില്‍ താങ്ങി നിവര്‍ന്നു നില്‍ക്കാന്‍ പാടു പെടുന്നു. ഇന്നലെവരേയും ഇവരെ കണ്ടതു പോലെയല്ല പീറ്റര്‍ ഇന്നിവരെ കാണുന്നത്.അനുസരിക്കാത്ത ഒരു കാട്ടുപോത്തായിരുന്നു ഇന്നലെ വരെസൈമന്‍ പീറ്ററിന്.ഇന്ന് പീറ്ററിന്റെ കണ്ണുകളില്‍ സൈമന്‍ ഒരു പോരാളിയാണ്. സ്വാതന്ത്ര്യപ്പോരാളി. മെരുങ്ങാന്‍ കൂട്ടാക്കത്തവനോടുള്ള ആദരവോട് പീറ്റര്‍ സൈമനെ നോക്കി ചിരിച്ചു.കൊല്ലാനോ വളര്‍ത്താനോ എന്നു തിരിച്ചരിയാത്ത പീറ്ററിന്റെ ചിരിയെ സൈമന്‍ അവഗണിച്ച് മറ്റെങ്ങോ നോക്കി. പീറ്റര്‍ സൈമന്റെ പുറത്തെ വടുക്കള്‍ നോക്കി എണ്ണാന്‍ ശ്രമിച്ചു. എണ്ണാന്‍ കഴിയാതെവണ്ണം ഒന്നൊന്നിന്മേല്‍ പിണഞ്ഞ് ഒരാധുനിക ശില്പം മാതിരി പുറമാകെ പടര്‍ന്നു കിടക്കുന്നു.

സൈമനെത്ര വയസെന്നാര്‍ക്കും അറിയില്ല. എഴുപത്... എണ്‍പത്...തൊണ്ണൂറ്... ആര്‍ക്കും അറിയില്ല. ക്യുന്‍സി തോട്ടത്തില്‍ അയാള്‍ വരുമ്പോള്‍ ചെറുപ്പമായിരുന്നു. ഒരു ശരാശരി നീഗ്രോയുടെ ആയുര്‍ദൈര്‍ഘ്യം ഏകദേശം മുപ്പതോ, നാല്പതോ എന്നോര്‍ക്കണം. സൈമന്‍ തലമുറകളെ കണ്ടവനാണ്. മുഖത്തെ നരച്ച രോമങ്ങള്‍ അവിടെയും ഇവിടെയും തേനീച്ച കൂടുകളെപ്പോലെ കൂടി നില്‍ക്കുന്നു. നല്ല നീളമുള്ള ശരീരം അല്പം കൂനിയിട്ടുണ്ട്. അരയ്ക്കുചുറ്റും പഴം തുണികൊണ്ട് ഒന്നു ചുറ്റി എന്തോ താറുപാഞ്ചി മറച്ചിരിക്കുന്നപോലെ. അതെജമാനെന്റെ ദയ. അവന്റെ നഗ്നതയെ തലമുറകള്‍ കാണണ്ടല്ലോ . പീറ്റര്‍ ഓര്‍ത്തു.ഒരിക്കല്‍ സൈമണ്‍ യജമാനനോട് എതിര്‍ത്തു. കാലിലിലെ ചങ്ങല അഴിക്കണമെന്നാവശ്യപ്പെട്ട് ബഹളം ഉണ്ടാക്കി. കാര്യവിചാരകനെ കുതിരപ്പുറത്തു നിന്നും തള്ളിയിട്ട്, ചാട്ട കൈക്കലാക്കി പകയടങ്ങുവോളം തല്ലി. പിന്നെ സൈമന്‍ ഏല്‍ക്കേണ്ടി വന്ന ക്രൂരതകള്‍ ആര്‍ക്കും വിവരിക്കാന്‍ കഴിയില്ല. തോട്ടത്തിലെ എല്ലാ കാര്യക്കാരും ഒന്നിച്ചുകൂടി, തല്ലിയും, കുത്തിയും, കല്ലെറിഞ്ഞും വീഴ്ത്തി. വീണവന്‍ ചങ്ങല പൊട്ടിക്കാന്‍ഒരു വന്യജീവിയെപ്പോലെ അലറി. ഒരടിമയിലും കണ്ടിട്ടില്ലാത്ത ബലവും വീര്യവും കണ്ട് യജമാനന്‍ അന്ധാളിച്ചു. അവനെ കയറുകൊണ്ടു ബന്ധിച്ച് ശിക്ഷാകവാടത്തിലേക്ക് വിലിച്ചിഴച്ച് തട്ടിന്മേല്‍ കിടത്തി. അടിമകള്‍ എല്ലാവരും കാണത്തക്കപോലെ, എല്ലാവര്‍ക്കും ഒരു പാഠം എന്നപോലെ, അവന്റെ മേല്‍ പലതരത്തിലുള്ള പീഡനമുറകള്‍ നടത്തി. അവന്‍ കരഞ്ഞില്ല.

ഒടുവില്‍ അവന്റെ മേല്‍ ഒരു കിരാതനും ഇന്നുവരെ പരീക്ഷിക്കാത്ത ഒരു ശിക്ഷാവിധി യജമാനന്‍ വിധിച്ചു. ക്യുന്‍സി പ്ലാന്റേഷന്റെ കരു (അച്ച്) പഴുപ്പിച്ച് അവന്റെ പുറത്ത് ഒരിഞ്ചു സ്ഥലം ബാക്കിവരാതെ മേലുകീഴു പതിച്ചു. മാംസം കരിയുന്ന കിശുകിശ ശബ്ദവും, കരിഞ്ഞ മാംസത്തിന്റെ ഗന്ധവും യജമാനനെ എന്നപ്പോലെ കാര്യവിചാരകരെയും ഉന്മത്തരാക്കി. അവര്‍ ഉറക്കെ ചിരിച്ചു. സൈമന്‍ ഏറെ നേരം പിടിച്ചു നിന്നു. പിന്നെ മയക്കത്തിലേക്കു പോയി. എന്നിട്ടും അവന്‍ ദയയ്ക്കുവേണ്ടി കരഞ്ഞില്ല. കരഞ്ഞാലും ദയ എന്തെന്നറിയാത്തവരില്‍ നിന്നും ദയ കിട്ടുമായിരുന്നുവോ….? ഞാന്‍ നിന്റെ മേല്‍ ജയം നേടി എന്നു പറയുമായിരുന്നു. ഇപ്പോല്‍ കരയാത്ത സൈമന്‍ അവരുടെ മേല്‍ ജയം നേടി അടിമ വംശത്തിന്റെ അഭിമാനം കാത്തിരിക്കുന്നു. പിന്നെയുള്ള കാലം അടിമയുടെ നാടോടിപ്പാട്ടില്‍ സൈമന്‍ എന്ന വീരനായകനും ഉണ്ടായിരുന്നു. അവര്‍ക്കു പാടാനും ആടാനും സമയമില്ലായിരുന്നുവെങ്കിലും അവരുടെ ഉള്ളിലെ സംഗീതം നിലച്ചിരുന്നില്ല.

കാലാന്തരത്തില്‍ സൈമന്റെ പുറം അടിമയുടെ പീഡാനുഭവത്തിന്റെ സാക്ഷിപത്രമായി ലോകം കണ്ടു. ഒപ്പം ക്യുന്‍സി പ്ലാന്റേഷന്റെ ക്രൂരതയുടെ പരസ്യപ്പലകയും ആയി. ക്യുന്‍സി പ്ലാന്റേഷന്‍ ആ പ്രദേശങ്ങളിലെ ഏറ്റവും മോശപ്പെട്ട പ്ലാന്റേഷനായി അംഗീകരിക്കപ്പെട്ടു. അവിടെയുള്ള ഒരോ അടിമയും തീര്‍ച്ചയായും, സ്വര്‍ഗ്ഗരാജ്യത്തിനവകാശികള്‍ എന്നു പീറ്റര്‍ ചിലപ്പോഴോക്കെ ഓര്‍ക്കാറുണ്ട്. തന്നെപ്പോലെയുള്ള കാര്യവിചാരകരെ , നരകത്തിലെ ആരാച്ചാരന്മാര്‍ എന്നാളുകള്‍ രഹസ്യമായി വിളിക്കുന്നതറിയാതിരുന്നില്ല. ദിവസവും മനസ്സിന്റെ കോടതിയില്‍ സ്വയം വിചാരണചെയ്ത്, താന്‍ വെറും ഒരു പണിക്കാരന്‍... യജമാനന്റെ ആജ്ഞാനുവര്‍ത്തി മാത്രം എന്നു ജാമ്യം എടുക്കുമ്പോഴും, തനിക്കും ഇതില്‍ ഒരു പങ്കുണ്ടെന്നുള്ള കുറ്റബോധം ഒഴിയുന്നില്ല. ചിലപ്പോള്‍ തന്റെ അപ്പന്‍ ഈ കിരാതന്മാര്‍ക്കൊപ്പം ഉണ്ടായിരുന്നിരിക്കാം. അതായിരിക്കാം അപ്പന്‍ ചിരിക്കാന്‍ മറന്ന മനുഷ്യനായത്.

സൈമന്‍ മറ്റുതോട്ടങ്ങളിലേയും അത്തഴമേശയിലെ വിഷയം ആയിരുന്നു. അതടുക്കളവഴി മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചു. അടിമകള്‍ക്കിടയിലെ വാര്‍ത്താവാഹികള്‍ ആരെന്നറിയില്ല. പക്ഷേ അവര്‍ കാര്യങ്ങള്‍ അറിയുന്നുണ്ട്. മിക്കപ്പോഴും മുതലാളിയുടെ വീട്ടിലെ അടിമപ്പെണ്ണില്‍ നിന്നായിരിക്കും. യജമാനന്റെ അത്താഴമേശ ഒരുക്കുന്നവള്‍ക്ക് മറ്റെങ്ങും പോകാന്‍ അനുവാദം ഇല്ലായിരുന്നെങ്കിലും, വര്‍ഗ്ഗബോധമുള്ളവള്‍ വാര്‍ത്തകള്‍. അടുക്കളക്കു പുറത്തുള്ള, തോട്ടക്കാരനോടും, അലക്കുകാരികളോടും, മുറ്റം തൂപ്പുകാരോടും പറഞ്ഞ്, അത് തോട്ടപ്പണിക്കാരിലേക്കും, പിന്നെ സ്ലേവ് ക്യാബിനുകളിലേക്കും പരക്കും. പലരും നിസംഗതയുടെ മുഖാവരണമണിഞ്ഞവരെങ്കിലും, അവരുടെ ഉള്ളില്‍ ഉയരുന്ന തേങ്ങലുകള്‍ അവരുടെ കണ്‍കോണുകളില്‍ കാണാമായിരുന്നു. പീറ്ററിന് ഇന്നലെ വരെ അതു തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഒരോരുത്തരേയും ഒരു പുതിയ വെളിച്ചത്തില്‍ കാണാന്‍ പീറ്ററിനു കഴിയുന്നു.

പീറ്റര്‍ എലീസയുടെ കൂടെ പള്ളിയില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ വെറുതെ ഒരു കൂട്ടാഴ്മ ആചരിക്കലായെ തോന്നിയുള്ളു. ഒരോ ദിവസം കഴിയുന്തോറും പാസ്റ്ററുടെ പ്രസംഗം ഉള്ളിലേക്കിറങ്ങി വരുന്നതുപോലെ. ആ നല്ല പുസ്തകത്തിലെ വചനങ്ങള്‍ എലീസ വിവരിച്ചു തരും. എഴുത്തും വായനയും അറിയാത്ത തന്റെ ജീവതത്തില്‍ എലീസ എങ്ങനെ വന്നു. അവള്‍ പഠിച്ചവളാണ്.അവളുടെ പിതാവ് അടുത്തുള്ള മറ്റൊരു പ്ലന്റേഷനിലെ കാര്യവിചാരകനും, മുതലാളിയുടെ വളരെ നല്ല അടുപ്പക്കാരനുമായിരുന്നു. മുതലാളിയുടെ മകളും എലീസയും ഒരേ പ്രായക്കാരും കൂട്ടുകാരുമായി, ആ വിട്ടിലെ ചിട്ടകളും, പരിഷ്‌കാരങ്ങളും, ഒപ്പം എഴുത്തും വായനയും പഠിക്കാനുമുള്ള അവസരവും എലീസക്കു കിട്ടി. രണ്ടു പ്ലാന്റേഷനുകളിലേയും കാര്യവിചാരകര്‍ തമ്മിലുള്ള അടുപ്പം അവര്‍ ഒരേ നാട്ടില്‍ നിന്ന് കുടിയേറിയവരും അയല്‍ക്കാരും ആയിരുന്നു എന്ന കണ്ണിയായിരുന്നു. എലീസയുടെ കുടുംബം ആദ്യം വരുകയും തന്റെ കുടുംബത്തെ ഇവിടേക്കു ക്ഷണിക്കുകയുമായിരുന്നെന്ന് പിതാവ് പറയാറുണ്ടായിരുന്നു. തങ്ങളുടെ മക്കള്‍ തമ്മിലുള്ള വിവാഹം അവര്‍ക്കേറെ സന്തോഷമായിരുന്നു. തന്റെ അറിവുകേടുകള്‍ എലീസ കണക്കാക്കിയില്ല എന്നു മാത്രമല്ല തരം കിട്ടിപ്പോഴോക്കെ തന്നെ സാക്ഷരനാക്കാനും അവള്‍ ശ്രമിച്ചു പോന്നു.

പാസ്റ്റര്‍ മോശയുടെ കഥ പറയുമ്പോള്‍, മിശ്രേമില്‍ നിന്നും അടിമകളായ യിസ്രായേല്‍ മക്കളെ വാഗ്ദത്ത ഭുമിയിലേക്ക് നടത്തിയ മോശ എന്ന വിമോചകനെ പീറ്റര്‍ അറിഞ്ഞില്ല. പിന്നെ എലീസ ആ കഥകളൊക്കെ ഒന്നുകൂടി പറഞ്ഞപ്പോള്‍ കഥയുടെ പൊരുള്‍ കുറെക്കുടി തെളിഞ്ഞു. അപ്പോഴും മോശയിലെ ഇടയനില്‍ നിന്നും ഉള്ള വളര്‍ച്ച ഒരിക്കലും ചിന്താ വിഷയം ആയിരുന്നില്ല. ഒരോ ദിവസത്തേയും പ്ലാന്റേഷന്‍ ജീവിതത്തിലെ കഥകള്‍ കേള്‍ക്കുമ്പോള്‍ എലീസയില്‍ നിന്നും ഉയരുന്ന നെടുവീര്‍പ്പുകള്‍, മോശയുടെ കഥ എന്ന പോലെ തന്നെ തൊട്ടിരുന്നില്ല. എന്നാല്‍ എലീസ തളര്‍വാതം പിടിച്ചവളായി കിടക്കയെ പ്രാപിച്ചപ്പോള്‍ തന്റെ ജീവിതം ആകെ ആടിയുലഞ്ഞപോലെ. അവള്‍ അപ്പോഴും കഥകള്‍ ചോദിക്കും. ഒരോരുത്തരുടെയും പേരുകളും പ്രത്യേകതകളും പറയും. മണ്ണില്‍ കിടന്നു വളരുന്ന കുഞ്ഞുങ്ങളെക്കുറിച്ചു പറയുമ്പോല്‍ അയ്യോ പാവം എന്നവള്‍ പറയും. ഒരടിമയുടെ ജീവിതം അങ്ങനെ അല്ലാതെ പിന്നെ എങ്ങനെ എന്നു താന്‍ ചിന്തിച്ചില്ല. അവള്‍ ഒരാഗ്രഹം പറഞ്ഞിരുന്നു. ജീവിതത്തില്‍ ഒരിക്കെലെങ്കിലും സൈമനെ ഒന്നു കാണണമെന്ന്. ആ മുറുവുകളില്‍ ഒന്നു തൊടണമെന്ന്. അത് ആ പാവത്തിന്റെ മനസ്സിലെ അഗ്നിയെ തണുപ്പിക്കുമായിരിക്കും എന്നവള്‍ കരുതുന്നു. അവളുടെ സമനില തെറ്റിയതായിരിക്കാം എന്നേ തോന്നിയുള്ളു. ഇപ്പോള്‍ സൈമന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ മനസില്‍ കൂടി എന്തെല്ലാമൊക്കെയോ കടന്നു പോകുന്നു. ഇന്നലെ വരെ കണ്ടതിനും കേട്ടതിനും പൊരുള്‍ മാറിവരുമ്പോലെ....

തന്റെ കാലുകളിലെ ചങ്ങലും പൊട്ടിച്ചെറിയേണ്ടിയിരിക്കുന്നു എന്ന് കഴിഞ്ഞ ആറുമാസമായി ചിന്തിക്കുന്നു. എലീസ വീഴാന്‍ കാരണം ചിലപ്പോള്‍ തന്റെ പാപത്തിന്റെ പങ്കുകൊണ്ടുകൂടിയാണോ എന്ന ചിന്ത കൂടെക്കൂടെ ഉയരുന്നു. പാസ്റ്ററുമായി തന്റെ മനസ്സിന്റെ ആകുലതകളെ പങ്കുവെയ്ക്കവേ ഒരു ചെറു ചിരിയോടെ ദൈവത്തിന്റെ ഹിതം ചിലപ്പോള്‍ വിചിത്രമായിരിക്കും. നിന്നില്‍ ദൈവത്തിന്റെ ആത്മാവ് പരിവര്‍ത്തിക്കുന്നുണ്ടാകും. മോശയെപ്പോലെ ദൈവം നിന്നേയും തിരഞ്ഞെടുത്തതായിരിക്കും. പാസ്റ്റര്‍ ആ പറഞ്ഞതിന്റെ വിശാലമായ അര്‍ത്ഥത്തിലേക്ക് മനസ്സിറങ്ങിയില്ല. എങ്ങനെയും ഇവിടെ നിന്നും പോകണം. സ്വന്തമായി കുടുംബം നോക്കാനുള്ള വകയുണ്ടാക്കണം. മകനെ പഠിപ്പിക്കണം ഇത്രയുമേ ചിന്തിച്ചുള്ളു. ഇന്നലെ മുതല്‍, എലീസ കിടക്കയില്‍ എഴുനേറ്റപ്പോള്‍ മുതല്‍ പുതിയ ഒരു ചിന്ത ഉണരുകയായിരുന്നു. തന്നില്‍ ഒരു മോശ ജനിക്കുന്നപോലെ... എങ്ങനെ സാധിക്കും..എങ്ങോട്ടു കൊണ്ടുപോകും....? മോശക്കൊരു കനാന്‍ ദേശമുണ്ടായിരുന്നു.ഈ ജനതക്ക് അവരുടെ നാടും, ദേശവും, സംസ്‌കാരവും ഒക്കെ നഷ്ടമായിരിക്കുന്നു. അവരെ ഒരു തോട്ടത്തില്‍ നിന്നും മറ്റൊരു തോട്ടത്തിലേക്കു തനിക്കു കൊണ്ടുപോകാന്‍ കഴിഞ്ഞേക്കാം...പക്ഷേ അപ്പൊഴും അവര്‍ അടിമകള്‍ തന്നെ.... അടിമക്കച്ചോടം നിരോധിച്ചിട്ടുള്ള ചില ഫ്രെഞ്ചു കോളനികളും, ബ്രിട്ടന്‍ നേരിട്ടു ഭരിക്കുന്ന കുറെ സ്ഥലങ്ങളെക്കുറിച്ചും കേട്ടിട്ടുണ്ട്. പാസ്റ്ററുടെ അഭിപ്രായവും മെരിലാന്റ് സുരക്ഷിതമായിരിക്കും എന്നാണ്. അല്ലെങ്കില്‍ പെന്‍സല്‍വേനിയ , ന്യൂയോര്‍ക്ക് ഇങ്ങനെ മനസില്‍ പലതും കണക്കു കൂട്ടിയെങ്കിലും ഒന്നും എലീസയോടു പറഞ്ഞില്ല.

സൈമന്റെ മരച്ചുവട്ടില്‍ നിന്ന് ഇങ്ങനെ പീറ്റര്‍ മനോരാജ്യങ്ങളില്‍ മുഴുകവേ...എത്ര പേര്‍ ഒരൊളിച്ചോട്ടത്തിനു തയ്യാറകും എന്ന ആശങ്കയില്‍ നെടിവിര്‍പ്പിട്ടു.സൈമണ്‍ പീറ്ററെ ഒരു മൃതനെ എന്നപോലെ നോക്കി. എന്നിട്ട് കണ്ണുകളിലെ നിസംഗതയോട് തന്റെ തൂമ്പാപ്പിടിയില്‍ ചാരി. സൈമനെ വില്‍ക്കാന്‍ പലതവണ മുതലാളി ചന്തയില്‍ വിലയിട്ടു നിര്‍ത്തിയതാണ്. സൈമനെക്കുറിച്ചുള്ള കഥകള്‍ ഏറെ പ്രസിദ്ധമായിരുന്നതിനാല്‍ ആരും അയാളെ വാങ്ങിയില്ല. മുതലാളി സ്വയം ശപിച്ച്, കൂടുതല്‍ കൂടുതല്‍ പണികള്‍ അയാളെക്കൊണ്ടു ചെയ്യിപ്പിച്ചു. ഇപ്പോള്‍ പ്രായം ഏറെ ആയി. ഒന്നാം മുതലാളി മരിച്ചു. രണ്ടാം മുതലാളിയും പ്രായമായിത്തുടങ്ങി. സൈമനെ ഇതൊന്നും ബാധിച്ചില്ല. അയാളുടെ കണ്ണുകള്‍ അങ്ങു വിദൂരതകളില്‍ എവിടെയോ ആയിരുന്നു. പീറ്റര്‍ പോക്കറ്റില്‍ നിന്നും ഒരു പുകയില ചുരുട്ടയാള്‍ക്കു നേരെ നീട്ടി. സൈമന്റെ കണ്ണുകള്‍ ഒന്നു തിളങ്ങി എങ്കിലും അയാള്‍ ആ പ്രലോഭനത്തില്‍ വീഴാതെ, ഒരടിമയ്ക്കും നിന്റെ ഔദാര്യം വേണ്ട എന്ന മട്ടില്‍ നിന്നു. ആദ്യമായാണ് ഒരു അടിമയോട് ഒരു വെളുത്തവന്‍ കരുണയോടു നോക്കുന്നതും, ഒരു പുകയിലച്ചുരുട്ട് എന്ന ഔദാര്യം നീട്ടുന്നതുംഎന്ന് സൈമന്‍ ഓര്‍ത്തു. പുകയില തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍, കാര്യവിചാരകന്‍ കാണാതെ പുകയിലയുടെ ഇല മുറിച്ച് വായിലിട്ടു ചവയ്ക്കും. ഉണങ്ങിത്തുടങ്ങുന്ന ഇലയ്ക്ക് നല്ല ലഹരിയായിരുന്നു. ആരെങ്കിലും കണ്ടാല്‍ ശിക്ഷ ഉറപ്പായിരുന്നു. വേദനെയെ മറന്നവനു ശിക്ഷയെ ഭയമില്ലായിരുന്നു.ഒടുവില്‍ പീറ്ററുടെ നിര്‍ബന്ധത്തിനു വഴങ്ങി സൈമന്‍ പുകയില ചുരുട്ട് എന്ന പ്രലോഭനത്തില്‍ വീണു.

പീറ്ററിനോടെന്തൊക്കയൊ പറയണമെന്നുണ്ട്. എന്ത്...എങ്ങനെ... നിങ്ങളെ അടിമകളാക്കിയ ഞങ്ങളുടെ കിരാതമനസിനെ ഒര്‍ത്ത് ഞാനും നിന്നോടൊപ്പം ഒരു നാഴിക കരഞ്ഞാല്‍ നിനക്കു സന്തോഷമാകുമോ സൈമന്‍...? എന്നു ചോദിക്കണമെന്നു പീറ്റര്‍ ആദ്യം വിചാരിച്ചെങ്കിലും, ആ കരച്ചി;ലിന്റെ നിരര്‍ത്ഥതയെ ഓര്‍ത്ത് പീറ്റര്‍ സ്വയം ചിരിച്ചതെയുള്ളു. ഒന്നും ആത്മാര്‍ത്ഥമല്ല. പീഡകര്‍ ക്യുന്‍സിമാര്‍ മാത്രമല്ല. ആ ചങ്ങലയില്‍ താനും തന്റെ അപ്പനും, ഇനി തന്റെ മകനും ഒക്കെ പങ്കാളികളാകുന്ന ഒരു വലിയ ശൃംഗല. അതിന്റെ കണ്ണികള്‍ ട്രെയിഡ് അറ്റ്‌ലാന്റിക്ക് മുതലാളിമാരില്‍ തുടങ്ങി, ആഫ്രിക്കയിലെ സ്വാര്‍ത്ഥരായ ഗോത്രമൂപ്പന്മാരില്‍ക്കൂടി, വെറും കാര്യവിചാരകര്‍ മാത്രമായ തങ്ങളിലേക്കും ഇറങ്ങുന്നു. ജീവിതം എന്ന വലിയ പ്രളയത്തില്‍ ഒലിച്ചുപോകാതെ കുടിയേറ്റക്കാരായി പുത്തന്‍ ഭൂമിയില്‍ വന്നവര്‍ എന്തും ചെയ്യാന്‍ തയ്യാറായിരുന്നു. അവടെ നന്മ തിന്മകളുടെ തിരഞ്ഞെടുപ്പില്ലായിരുന്നു.

പീറ്റര്‍ തന്റെ കുതിരയേയും നടത്തി ഒരോ അടുമകളുടേയും അടുക്കല്‍ പോയി. അവരുടെ കണ്ണുകളിലേക്കു നോക്കി. അവിടെ ഭയത്തിന്റേയും, നിസംഗതയുടെയും പാടകള്‍ വകഞ്ഞുമാറ്റിയാല്‍, ഇനിയും മെരുക്കപ്പെടാത്തവന്റെ പകയുടെ നീറ്റല്‍ ഉണ്ടായിരുന്നു. പീറ്റര്‍ തന്റെ മനസില്‍ ഒരോരുത്തരേയും അടയാളപ്പെടുത്തി. പത്തുപേരെ മനസ്സില്‍ കുറിച്ചു. അവരില്‍ കൂടി ഒരു പാതപണിയാന്‍ തീരുമാനിച്ചു. വിജയിച്ചില്ലെങ്കില്‍ അതു മരണക്കളിയാണന്നവരെ ബോധിപ്പിച്ചു. എങ്കില്‍ ആ മരണം ഈ അപമാനത്തേക്കാള്‍ അവര്‍ ഇഷ്ടപ്പെട്ടു. അവര്‍ തയ്യാറായിരുന്നു. തെക്കേ വശത്തെ മലനിരകളിലെ പഴുതുകള്‍ അവര്‍ക്കായി തുറന്നിട്ടു.

പീറ്റര്‍ ഒക്കെയും എലീസയോടു പറഞ്ഞു. മെരിലാന്റ്... അടിമവ്യാപാരം നിരോധിച്ചിട്ടുള്ള ഇടം എന്ന നിലയില്‍ അവിടം തിരഞ്ഞെടുക്കുന്നതില്‍ എലീസക്കും സന്തോഷമേ ഉണ്ടായിരുന്നുള്ളു. പാസ്റ്ററുമായി പീറ്റര്‍ വിശദമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് യാത്രയുടെ വിശദാംശങ്ങള്‍ ശേഖരിക്കയും, അവിടെ ചെന്നാല്‍ കുടിപാര്‍ക്കാനുള്ള ഒരിടത്തേക്കുറിച്ചുള്ള രൂപരേഖ കുറിക്കുകയും ചെയ്തിരുന്നു. സ്ലേവ് മോചനം എന്ന തന്റെ സ്വപ്നത്തെക്കുറിച്ചൊന്നും പറഞ്ഞില്ല. കാരണം ചാര്‍ന്മാര്‍ ആരൊക്കെയെന്നാരു കണ്ടു. ക്യുന്‍സി പ്ലന്റേഷന്‍ ആണ് പാസ്റ്ററെയും, ചര്‍ച്ചിനേയും തീറ്റിപ്പോറ്റുന്നതെന്ന സത്യം അറിഞ്ഞിട്ട് എന്തിനു് ഒരൊറ്റു കാരനു വഴിതുറക്കുന്നു എന്നായിരുന്നു ചിന്ത. എന്നാല്‍ പാസ്റ്റര്‍ തന്റെ ഹൃദയം പീറ്ററിന്റെ മുന്നില്‍ തുറന്നു. പീറ്ററെ നീ മുന്നോടിയായി പോകുകു. നീ വഴിയും വെളിച്ചവും ആകുന്നു. പാസ്റ്റര്‍ പറഞ്ഞതിന്റെ പൊരുള്‍ അറിഞ്ഞിട്ടും പീറ്റര്‍ പിടിക്കപ്പെട്ടവനെപ്പോലെ നിന്നതെയുള്ളു. എലീസ നിന്റെ നോവുകളെക്കുറിച്ചെന്നോടു പറഞ്ഞിരുന്നു. നീ ഭയപ്പെടേണ്ട. എന്നില്‍ നിന്നും ഇതാരും അറിയില്ല. പീറ്ററിന്റെ മുഖം തെളിഞ്ഞു. പിന്നെ അവര്‍ രണ്ടാളും ചേര്‍ന്നായി മോചനത്തിന്റെ വഴികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍.

പീറ്റര്‍ മെരിലാന്റില്‍ മൂന്നേക്കര്‍ സ്ഥലം വാങ്ങി വീടു പണിതു. പീറ്ററിന്റെ വീട് അണ്ടര്‍ഗ്രൗണ്ട് റെയില്‍ റോഡിന്റെ സ്റ്റേഷനും, എലീസ സ്റ്റേഷന്‍ മാസ്റ്ററും, പീറ്റര്‍ കണ്‍ടക്റ്ററുമായി. എന്തായിരുന്നു ഒരടിമക്ക് അണ്ടര്‍ഗ്രൗണ്ട് റെയില്‍ എന്നുള്ളതു റീനക്കറിയാമോ... എങ്ങനെ അറിയാന്‍ അതു ഞാന്‍ വഴിയെ പറയാം പറയാതിരുന്നാല്‍ ഒരു അടിമയുടെ മോചനത്തിന്റെ വഴികള്‍ പൂര്‍ണ്ണമാകില്ലല്ലോ. അങ്കിള്‍ ടോം അല്പം കിതയ്ക്കുന്നതായി റീനയ്ക്കു തോന്നി. സാരമില്ല റീന എനിക്കു കുഴപ്പമൊന്നും ഇല്ല. അല്പം വീകാരഭരിതനായി എന്നേയുള്ളു. നമ്മുടെ നാള്‍വഴികളില്‍ എല്ലാ വെളുത്തവനേയും നമ്മൂടെ ശത്രുവായി കാണുന്നവരുണ്ട്. എന്നാല്‍ അതു തെറ്റാണ്. വെളുത്തവര്‍ ഒത്തിരി നമ്മുടെ മോചനത്തിനായി തങ്ങളുടെ ജീവനും സ്വത്തും ബലിനല്‍കിയവരാണ്. അവരില്‍ ചിലരെയൊക്കെ നമ്മള്‍ ചരിത്രത്തിന്റെ താളുകളില്‍ കാണും. എന്നാല്‍ രേഖയില്‍ വരാത്തവര്‍ ഏറെയുണ്ട്.

പീറ്റര്‍ വെര്‍ജീനയില്‍ നീന്നും മെരിലാന്റിലേക്കുള്ള പുറപ്പാടിനു മുമ്പായി ഇസ്‌ബെല്ലയുടെ മൂന്നുവയസുള്ള മകനെ മുതലാളിയില്‍ നിന്നും പത്തുഡോളര്‍ വിലയിട്ടു വാങ്ങി. ഒരടിമയെ സ്വന്തമാക്കുന്ന ആദ്യത്തെ കാര്യവിചാരകന്‍ ഒരു പക്ഷേ പീറ്ററായിരിക്കും. അത് എലീസയുടെ ആഗ്രഹം കൂടിയായിരുന്നു. തന്റെ നാലുവസുള്ള ജോണിനു കളിക്കാന്‍ ഒരു കുട്ട് എന്നാണവള്‍ പറഞ്ഞതെങ്കിലും. ഒരടിമയുടെ മോചനമായിരുന്നു അവളുടെ ഉള്ളില്‍ എന്ന് പീറ്റര്‍ മനസിലാക്കിയിരുന്നു. പീറ്റര്‍ തനിക്കുള്ളതെല്ലാം ഒരു കുതിരപ്പുറത്തു കയറ്റി കയറുകൊണ്ടു കെട്ടി. മറ്റൊരു കുതിരപ്പുറത്ത് നാലുവയസുള്ള ജോണും, മൂന്നുവയസുള്ള ഇസ്‌ബെല്ലയുടെ മകന്‍ ബെഞ്ചമനും കയറി. ബെഞ്ചമന്‍ ഇന്നലെവരെ ഉടയാളടകളില്ലാത്ത അടിമ കുട്ടിയായിരുന്നു. എന്നാല്‍ ഇന്ന് അവന്‍ പിറ്ററുടെ സ്വന്തമാണ്. അടിമയോ സ്വതന്ത്രനോ എന്നവനറിയില്ലായിരുന്നു എങ്കിലും അവന്‍ ജോണിന്റെ പഴംകുപ്പായങ്ങളില്‍ പുതിയ ആകാശത്തേക്കു നോക്കി പുറപ്പാട് ആരംഭിച്ചു. പീറ്ററും എലീസയും നാട്ടുവഴികളിലൂടെ, അരിവിയുടെ തീരത്തു വിശ്രമിച്ചും, രാത്രിയില്‍ കാട്ടിലെ വന്യതയെ ഭയന്നും പതിനാലു ദിവസം കൊണ്ട് മെരീലാന്റ് എന്ന സ്വപ്നഭൂമിയില്‍ എത്തി.

പീറ്റര്‍ പ്ലാന്റേഷനില്‍ നിന്നും പുറപ്പെടുന്നതിനു മുമ്പ് ഇസ്‌ബെല്ലയോട് ഒരൊളിച്ചോട്ടത്തിനു തയ്യാറകണമെന്നും, ഒളിച്ചോടാന്‍ പ്രപ്തരായ, പത്തുപേരെ ഒപ്പം കൂട്ടാനും, പോകേണ്ട വഴികളും എത്തേണ്ട സ്ഥലവും പറഞ്ഞിരുന്നു. അവര്‍ക്കതെത്രമാത്രം മനസിലായി എന്നറിയില്ല. പ്ലന്റേഷന്റെ അതിരു കടന്നാല്‍ താന്‍ അവര്‍ക്കായി കാത്തിരിക്കും എന്നും, ഇനി പതിഞ്ചു നാള്‍ കഴിഞ്ഞാല്‍ കറുത്തുവാവു തുടങ്ങും എന്നും, ഇരുട്ടുള്ള ദിവസം ഒളിച്ചോടാന്‍ തെക്കെ അതിരിലെ പാറക്കൂട്ടങ്ങള്‍ മറയാക്കണമെന്നും പറഞ്ഞിരുന്നു. പക്ഷേ അവര്‍ക്കിടയില്‍ ഒറ്റുകാരുണ്ടായിരുന്നു. രണ്ടാംദിവസം തന്നെ പാറയിടുക്കുകളില്‍ അവര്‍ പിടിക്കപ്പെട്ടു. കൊടിയ പീഡനങ്ങളില്‍ അവര്‍ പണ്ടെത്തേതിലും ഏറെ പീഡിപ്പിക്കപ്പെട്ടു. ഇസ്‌ബെല്ലയുടെ ഒരു മുലഛേദിച്ചു. അവള്‍ അപമാനത്താന്‍ മുതലകള്‍ അധിവസിക്കുന്ന തീരത്ത് സ്വയം ചാടി പിന്നെ ആരും അവളെ കണ്ടിട്ടില്ല. ബെഞ്ചമന് അവള്‍ ഒരോര്‍മ്മപോലും അല്ല. പീറ്റര്‍ കുറ്റബോധത്താല്‍ ഏറെ നാള്‍ മൗനിയായി. എലിസ അയാളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന്, അടിമകളുടെ മോചനത്തിനായി വാദിക്കുന്ന ഒരു ഇവാഞ്ജലിസ്റ്റാക്കി. അയാള്‍ തെരുവോരങ്ങളില്‍ പ്രസംഗിച്ചു. അടുത്തുള്ള സ്ലേവ് ഓണേഴ്‌സിന്റെ ഒക്കെ കണ്ണിലെ കരടായെങ്കിലും പീറ്റര്‍ തന്റെ പ്രേക്ഷിതവേല ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക