Image

ഒരു പ്രവാസ ദുരന്തം ( കവിത : ഷാജി ജോസഫ് , ന്യൂയോർക്ക് )

Published on 07 March, 2024
ഒരു പ്രവാസ ദുരന്തം ( കവിത : ഷാജി ജോസഫ് , ന്യൂയോർക്ക് )

മനുഷ്യ മനസ്സിനെ കീഴടക്കീടുവാൻ                     
മക്കളെക്കാൾ കഴിവുള്ള നായ്ക്കൾ

മുൻപെങ്ങും ഞാനിതറിഞ്ഞിരുന്നീല                                      

മമ ജീവിതത്തിൽ നീ എത്തും വരെ

മക്കൾ പുതിയതാം ചേക്കുകൾ കയറുമ്പോൾ
മറവിയിലെന്നോ ഓർത്തിരുന്നേക്കാം

മാമ്പൂവും മക്കളും പ്രതീക്ഷകൾ വേണ്ടായെന്ന
മഹത് വചനത്തിന് നേരായ സാക്ഷികൾ

എന്നും പതിവായ് നടന്നൊരാ വീഥിയിൽ
എന്തോ സ്വരംകേട്ടു ചെടികൾക്കു പിന്നിലായ്
എത്തി
അവിടെ ഞാൻ  കണ്ടൊരാ കാഴ്ച

ചേറിൽ പുതഞ്ഞങ്ങു കേഴുന്ന നായ്ക്കുഞ്ഞ്  -
നീ ...

കാണാത്തമട്ടിൽ തിരിഞ്ഞങ്ങു നീങ്ങവേ
കത്തിയെൻ ഹൃത്തിലാ ദയനീയ രോദനം

കനിവാലേ കോരിയെടുത്തെൻ കൈകളിൽ
കരുതലാൽ പോറ്റി വളർത്തി നിന്നെയെൻ ചാരേ

പകലുകൾ രാവുകൾ പതിവായ്‌ കടന്നുപോയ്‌

ഞാനുമെൻ പാതിയും സ്നേഹിച്ചു നിന്നെയും
നിന്നിലെ കൂറും കുറുമ്പും കുസൃതിയും

ഞങ്ങൾതൻ ദു:ഖം അലിഞ്ഞലിഞ്ഞെങ്ങോ പോയ്‌

വാർദ്ധക്യത്തിലെ വിരസമാം ജീവിതം
വീണ്ടും വസന്തമായ്‌ മാറുന്ന പോലവേ

ജീവനു പിന്നെയുമൊരർഥ -
മുണ്ടായ പോൽ
വീണ്ടും ഞങ്ങളൊരച്ഛനായ്‌ അമ്മയായ്‌

വർഷങ്ങളോടിയകന്നതറിഞ്ഞീല
വാലാട്ടി സ്നേഹിച്ച്‌ കൂടെയുറങ്ങി നീ
മുജ്ജന്മ ബന്ധം മകളായ്‌ അരുമയായ്‌
അതിരുകളില്ലാത്ത നിർവ്യാജ സ്നേഹമായ്‌

പിന്നെയുമൊരു ദിനം വന്നെത്തി
ദു:ഖമായ്‌
വീണ്ടുമെൻ കാതിലായ്‌ കേട്ടുനിൻ നിലവിളികൾ

വൈദ്യനുമായില്ല ആയുസ്സ്‌ നീട്ടുവാൻ ,
വാലാട്ടി എൻചാരെ ജീവൻ വെടിഞ്ഞു നീ

മരണമെന്നു -
മെല്ലാർക്കുമേ ദു:ഖം ..

മൃതരായവർ ചങ്കിൻ തുടിപ്പുകളാകുകിൽ
മനുഷ്യനോ മൃഗമെന്നോ വേർതിരിവില്ലാതെ
മനസ്സിന്റെ വിങ്ങലായ്‌ മാറുമീ ശേഷിച്ച ജീവിതം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക