Image

കൺമണി (കവിത :രമാ പിഷാരടി)

Published on 08 March, 2024
കൺമണി (കവിത :രമാ പിഷാരടി)

കരഞ്ഞ കണ്ണിനോടവൾ-

പറഞ്ഞിനി കരയേണ്ട,

മെല്ലെ ചിരിക്കുക വീണ്ടും;

വെളിച്ചത്തിൻ വിളക്കത്-

കണ്ണീരിനിലാൽ

കുതിർന്ന് പോകാതെ-

കെടാതെ കാക്കുക!

വിലങ്ങ് വച്ചൊരാൾ-

അകന്ന് പോയേക്കാം,

വെളിച്ചത്തിൻ തിരി-

കെടുത്തി പോയേക്കാം,

തളരേണ്ട താഴ്ന്ന്-

കുനിഞ്ഞ് നിൽക്കേണ്ട,

മരപ്പാവക്കുള്ളിൽ-

തറച്ച പോലൊരു-

മടുത്ത മൗനമായ്-

തരിച്ചിരിക്കേണ്ട..

വിലങ്ങ് വയ്ക്കുവാൻ-

പലരുമുണ്ടാകും,

കടുത്ത വാക്കുമായ്-

കനല് വീണേക്കാം..

തുളച്ച നോട്ടങ്ങൾ-

പുളച്ച് വന്നേക്കാം,

ഇരതേടി വല വിരിച്ച്-

വേടനോ പതിഞ്ഞിരുന്നേക്കാം-

മലയിടുക്കിലായ്..

ചതിയുടെ വാക്കിൽ-

കുരുക്കി തേനിൻ്റെ-

മധുരത്തിൽ താഴ്ത്തി-

പറന്ന് പോയേക്കാം…

പലരെയും കൊണ്ട്-

ചതിപ്പകിടയാൽ-

വനവാസത്തിനായ്-

പറഞ്ഞ് വിട്ടേക്കാം..

അരക്കില്ലങ്ങളിൽ-

പകയെറിഞ്ഞേക്കാം

മുഖം മൂടിയിട്ട്-

ശരങ്ങളെയ്തേക്കാം..

അഭിനയത്തിൻ്റെ-

അരങ്ങതിൽ വന്ന്-

പലകഥകളും-

പറഞ്ഞ് പോയേക്കാം…

സഹിക്കാനാകാതെ-

ഹൃദയം ഭാരത്താൽ

മുറിഞ്ഞ്  പോകവേ,

ശിരസ്സ് ചിന്തയാൽ-

വലഞ്ഞ്  പോകവേ, 

കരഞ്ഞ കണ്ണിനോടവൾ പറഞ്ഞു-

കൺമണി! കരയാതെ-

ചിരിക്കുക വീണ്ടും..

വെളിച്ചത്തിൻ വിളക്കത്-

കണ്ണീരിനിലാൽ-

കുതിർന്ന് പോകാതെ-

കെടാതെ കാക്കുക..

നനഞ്ഞ കൺപീലിയതിലൊരു-

ദിവ്യപ്രകാശനക്ഷത്രം

പതിയെ മിന്നിയോ?

Join WhatsApp News
Sudhir Panikkaveetil 2024-03-08 16:18:46
ചിരിയെന്ന പ്രകാശം കണ്ണുനീരിൽ അലിയാൻ അനുവദിക്കാതെ , കെടാതെ കാത്തുസൂക്ഷിക്കുക. കണ്ണിനോട് കവി പറയുന്നു. നല്ല സന്ദേശം. ഇയ്യിടെ തലശ്ശേരി രാഘവൻ കവിത പുരസ്‌കാരം നേടിയ കവയിത്രിക്ക് ഭാവുകങ്ങൾ.
Rema Pisharody 2024-03-08 17:14:31
Thank you very much for reading my poem and for your valuable review..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക