Image

മുത്തശ്ശി (കവിത: തൊടുപുഴ കെ ശങ്കർ മുംബൈ)

Published on 08 March, 2024
മുത്തശ്ശി (കവിത: തൊടുപുഴ കെ ശങ്കർ മുംബൈ)

 മുത്തശ്ശിയായ്‌ ഞാൻ!  എനിക്കുണ്ടു മക്കളും 
മുത്തം തരാൻ പേര കുട്ടികളും!
മുത്തുകളാണവർ എന്റെയമൂല്യമാം 
മുത്തുകൾ,  മങ്ങാത്ത പൊന്മുത്തുകൾ!

പേരക്കിടാങ്ങളുണ്ടെങ്കിലൊരു വീട്ടിൽ 
നേരമേ പോവതറിയുകില്ല!
തട്ടിയുറക്കിയും താരാട്ടു പാടിയും
തൊട്ടിലിലാട്ടിയും ഞാൻ രസിപ്പൂ!

ഞാനൊന്നിരുന്നെന്നാൽ തോളിൽ പിടച്ചേറി
ആന കളിയ്ക്കുന്നു രണ്ടു പേരും!
എന്നിട്ടതൊന്നുമേ പോരാതിരുവരും 
എന്നെ പിടിച്ചു കുതിരയാക്കും! 

നിത്യ പ്രയാണത്തിൽ മക്കളെ പോറ്റാനേ
ഗത്യന്തരമില്ലാത്തക്കാലത്തിൽ, 
ചൊല്ലട്ടെ യെൻ പിഞ്ചു മക്കളെ കൊഞ്ചിയ്ക്കാൻ 
തെല്ലും സമയം ലഭിച്ചതില്ല!

പുത്ര സൗഭാഗ്യമേ യില്ലാതെ ദുഖിപ്പൂ 
എത്രയോ ദമ്പതിമാരിഹത്തിൽ!
സമ്പത്തും സൗഖ്യവു മെത്രയുണ്ടെങ്കിലും 
സന്തതിയില്ലേലതർത്ഥ ശൂന്യം!

ഇന്നിതാ പേരക്കിടാങ്ങളായ് കൊഞ്ചിയ്ക്കാൻ 
തന്നിതാ ദൈവം അവസരവും!
മുത്തുകളാണവരെന്റെ അമൂല്യമാം
മുത്തുകൾ മിന്നുന്ന പൊന്മുത്തുകൾ!
                              ---------------

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക