Image

വനിതാദീനം ( കവിത : ജിസ ജോസ് )

Published on 10 March, 2024
വനിതാദീനം ( കവിത : ജിസ ജോസ് )

രാവിലെ 
ഉണരുകയും
അവധിദിവസമായതുകൊണ്ട്
മുറ്റം വിസ്തരിച്ചു
തൂക്കുകയും ചെയ്ത്
കാപ്പിയനത്താൻ
വെള്ളം കോരുമ്പഴാണ്
ഇന്നു വനിതാദിനമാണല്ലോ
എന്നോർമ്മ വന്നത്.....

മുറ്റമടിക്കണ്ടായിരുന്നു
കടല കുതിരാനിട്ടില്ലേല്
ഇന്നു അടുക്കള 
ബന്ദാക്കാമായിരുന്നു
തേങ്ങ ചിരവുന്നതിനിടയിൽ
പെൺഗ്രൂപ്പുകളിലൊന്ന്
ചുറ്റിക്കറങ്ങി
എല്ലാം തണുത്തുറഞ്ഞു
കിടക്കുന്നു...
മൂന്നാലു വനിതാ ദിനാശംസ
പോസ്റ്ററുകളുമാത്രമൊണ്ട്
ഇവിടെക്കണ്ടത് അവിടേം
അവിടെക്കണ്ടത്
മറ്റേടത്തും കൊണ്ടുത്തളളി..
ആശംസേടെ കുറവു വേണ്ട

രാവിലെത്തന്നെ 
ഫോണ്നാത്താണോ
ഒന്നുമായില്ലേ?
വേഗമാവട്ടെ..
ഞങ്ങളു കുറച്ചാണുങ്ങളു
വെളളച്ചാട്ടം കാണാമ്പോണു.
നേരം വൈകി.
ഇച്ചിരെ
വൈകിയാലും
വെള്ളച്ചാട്ടമവിടെക്കാണു
മെന്നു പിറുപിറുത്ത്
എടു പിടീന്നു
പുട്ടും കടലേം വിളമ്പി
ഉടുപ്പു തേച്ചു കൊടുത്ത്
കൈവീശി യാത്രയാക്കി..

അവധിയല്ലേ
നാലഞ്ചുകൂട്ടുകാരു
ഉച്ചയൂണിനെത്തുമെന്നു
മകൻ..
അമ്മേടെ സ്പെഷ്യൽ
ബിരിയാണി,
പുഡ്ഡിങ് ....
പിന്നെ
പെങ്കുട്ട്യോളും ഉണ്ട്
ഇന്നു വനിതാദിനമല്ലേ
ഇച്ചിരെ പായസം കൂടി ...

ഓടിപ്പാഞ്ഞു
പണിയെടുത്ത്
ഒടുക്കം
പായസമിളക്കുന്നതിനിടയിൽ
ഇടം കൈ കൊണ്ടു
ഗ്രൂപ്പുകളൊന്നു തിരഞ്ഞു,
എല്ലാം രാവിലത്തെപ്പോലെ
തണുത്തുറത്തു കിടക്കുന്നു.
ആർക്കും 
നേരമുദിച്ചില്ലേ
ആണ്ടിലൊരിക്കേ
വരുന്ന 
വനിതാദിനത്തിനങ്ങനെ
ചത്തു കിടന്നാലോ?
പ്രാകിക്കൊണ്ടു 
പായസമിറക്കി...

 സൽക്കാരവും
സദ്യ വിളമ്പലും
പാത്രം മോറലും
നാലുമണിക്കാപ്പീം
മുറപോലെ ..
സന്ധ്യയ്ക്ക് 
ഗ്രൂപ്പിലൊരാളനക്കം

വനിതദിനമാണോ 
,വനിതാദിനമാണോ
ശരിയെന്നു
പെണ്ണുങ്ങളുടെ
രാ നടത്തത്തിനു
കൊടി കാണിക്കാൻ 
പോകുന്നവളുടെ '
സംശയം.
രണ്ടായാലും
ഭേദമില്ലെന്നൊരുവൾ,
രണ്ടും കണക്കെന്നൊരുത്തി,
വനിതാദീനമെന്നാക്കിയാ
കൊള്ളാമെന്നാർത്തു
നടു തിരുമ്മി.....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക