Image

നോവൽ -പ്രണയത്തിന്റെ ഇടനാഴി- ഭാഗം - 5-വിനീത് വിശ്വദേവ്

Published on 11 March, 2024
നോവൽ -പ്രണയത്തിന്റെ ഇടനാഴി- ഭാഗം - 5-വിനീത് വിശ്വദേവ്

സായാഹ്ന സമയങ്ങളിൽ തിരക്ക് കുറവായിരുന്നതിനാലാണോ അതോ പുസ്തക പ്രേമികളായ മുതിർന്ന ചേട്ടന്മാർ എത്താതിരുന്നതിനാലാണോ ഗ്രന്ഥപ്പുരയിലാകെ നിശബ്ദ്ദത തളംകെട്ടി നിന്നിരുന്നു. ജനലരികിലൂടെ അകത്തേക്ക് കടന്നു വന്ന ഇളം തെന്നൽ എന്നെ ഒന്ന് ഇക്കിളിപ്പെടുത്തി. എന്റെ വീണ കമ്പിയെല്ലാം അവൾ വിലക്കെടുക്കും വിധം ഹൃദയതാളത്തിന്റെ ശ്രുതി തെറ്റി തുടങ്ങിയിരുന്നു. സിമിയുടെ മുഖത്ത് വിടർന്ന പുഞ്ചിരിയിൽ അരിമുല്ലപ്പൂവുകൾപോലുള്ള പല്ലുകൾ അവളറിയാതെ അവളുടെ അധരങ്ങൾക്കിടയിലൂടെ നോക്കി ഒരു ദന്ത ഡോക്ടർപ്പോലെ ഞാൻ അളവെടുക്കാൻ ശ്രമിച്ചു. എന്റെ കണ്ണുകളിലെ പ്രതിബിംബത്തെ മറയ്ക്കും വിധം സിമി എന്റെ മുഖത്തിന് കുറുകെ കൈകൾ വീശി. പെട്ടന്ന് മറ്റൊരു സ്വപ്നലോകത്തു നിന്നും നിലംപതിച്ചു ഞാൻ അവൾക്കു മുന്നിൽ വീണ്ടും വിഷ്ണുവായി മാറി. എന്താടോ താൻ ഇവിടെങ്ങും അല്ലേ..? എന്തുപറ്റി...? വിഷയത്തിൽ നിന്നും തെന്നിമാറിയെന്നറിയിക്കാതെ ഗ്രന്ഥപ്പുരയിലെ അംഗത്വ തുകയെക്കിറിച്ചു ആലോചിച്ചതാണെന്നു പറഞ്ഞു തടിതപ്പി. ഒരു നുണയെ മറയ്ക്കാൻ എനിക്ക് വീണ്ടും എത്ര എത്ര നുണകൾ പറയേണ്ടിവരുമെന്നാലോചിച്ചു എന്റെ മനസ്സ് വല്ലാതെ ഒന്നാകുലപ്പെട്ടു. ഞാൻ കള്ളം പറഞ്ഞതാണെന്ന് അറിഞ്ഞിട്ടാണോ എന്നറിയില്ല അപ്പോഴും സിമിയുടെ മുഖത്ത് പുഞ്ചിരി ഒളിവീശി നിൽക്കുന്നുണ്ടായിരുന്നു.

അപ്രതീക്ഷിതമായി എന്റെ ജീവിതത്തിനു നേർക്ക് സിമിയിൽ നിന്നും കൂർത്ത മുനയുള്ള ചോദ്യ വാൾ ഉയർന്നു. രണ്ടാഴ്ചയ്ക്കു ശേഷം പത്താം പരീക്ഷ ഫലം വരും തുടർ പഠനത്തെക്കുറിച്ചു തന്റെ ഭാവി പരിപാടി എന്താണ്? ഭാവിയെക്കുറിച്ചോ ഭൂതത്തെക്കുറിച്ചോ വർത്തമാനത്തെക്കുറിച്ചോ  കണക്കുകൂട്ടലുകളോ ധാരണകളോ അന്നുവരെ എനിക്കില്ലായിരുന്നു. എന്നിട്ടും വീണിടം വിഷ്ണുലോകം കണക്കേ കല്ല് വെച്ച നുണകളായി ഞാൻ അവൾക്കു മുന്നിൽ പടികൾ തീർത്തു. പ്ലസ് ടു കഴിഞ്ഞു ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി എടുക്കണം. അതിനുശേഷം ബി.എഡ്. ചെയിതു ഏതെങ്കിലും സ്കൂളിൽ ടീച്ചറായി ജോലി ചെയ്യണമെന്നാണ് എന്റെ ഇപ്പോഴത്തെ ആഗ്രഹം. എന്റെ ആത്മവിശത്തോടും ആവേശകരമായുള്ള മറുപടിയിൽ അവൾ അന്തംവിട്ടിരിക്കുന്നതായി എനിക്ക് തോന്നി. മേശപ്പുറത്തു തുറന്നു കിടന്നിരുന്ന മാതൃഭൂമി പത്രത്തിന്റെ തലക്കെട്ടുകളിൽ ഒന്ന് കണ്ണോടിച്ചുകൊണ്ട് ഞാൻ സിമിയെ വിളിച്ചു. എഡോ.. തന്റെ പദ്ധതി എന്താണ്? അതിനെക്കുറിച്ചു ആലോചിക്കുന്നതിനും തീരുമാനം എടുക്കുന്നതിനും വേണ്ടിയാണു കാണണമെന്നും സംസാരിക്കണമെന്നു ഞാൻ തന്നോട് പറഞ്ഞത്. എന്റെ തീരുമാനങ്ങൾക്ക് ചുവടുപിടിച്ചാണോ അവളുടെ ഭാവി തീരുമാനിക്കേണ്ടതെന്ന ശങ്ക എന്നിൽ ഉടലെടുത്തു. ഒന്ന് കൂടി ഉറപ്പാക്കുന്നതിന് ഞാൻ അവളോട് ചോദിച്ചു. താൻ എന്താണ് പറഞ്ഞു വരുന്നതെന്നു എനിക്ക് മനസിലായില്ല. എഡോ ഞാൻ ആകപ്പാടെ ആശയക്കുഴപ്പത്തിലാണ്. എനിക്കും വിഷ്ണുന്റെ തീരുമാനംപോലെ  ടീച്ചർ അകാൻ ആഗ്രഹമുണ്ട്. എന്റെ വീട്ടിൽ പറയുന്നത് പ്ലസ് ടുവിനൊപ്പം എൻട്രൻസ് കോച്ചിങ്ങിനു പോയി എൻട്രൻസ് എഴുതി മെഡിസിൻ പഠിക്കാനാണ്. എൻട്രൻസ് കോച്ചിങ് എന്നുപറഞ്ഞു ഒരുവർഷം വെറുതെ കളയണ്ടെന്നാണ് അച്ഛന്റെയും അമ്മയുടെയും പദ്ധതികൾ. എനിക്ക് ഇപ്പോഴും വിഷ്ണു പറഞ്ഞതുപോലെ ടീച്ചർ ആകണോ അതോ മെഡിസിന് പോകണോ എന്നുള്ള കാര്യം തീരുമാനം ഉറപ്പിച്ചെടുക്കാൻ കഴിയുന്നില്ല. 

പത്താം ക്ലാസ് പരീക്ഷ ഫലം എന്നത് ജീവിതത്തിന്റെ വഴിതിരുവാണെന്നാണ് വീട്ടിലെ പൊതുബോധം. അതിനു മുന്നേ തന്നെ കാര്യങ്ങൾ വീട്ടിൽ പറഞ്ഞു തീരുമാനം എടുക്കണം. ഒന്ന് തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ അതിൽ നിന്നും പിൻമാറാൻ വീട്ടിൽ സമ്മതിക്കുകയോ തരപ്പെടുകയോ ചെയ്തെന്നു വരില്ല. എന്റെ മനസ്സ് ഇപ്പോഴും കാറ്റിലുലയുന്ന തോണിപോലെ ചാഞ്ചാടുകയാണ്. താൻ കൂടെ ഉണ്ടെങ്കിൽ ഒരുമിച്ചു പോകാനും പഠിക്കാനുമൊക്കെ അവസരമാകുമല്ലോ അതാണ് ഞാൻ...  സഡൻ ബ്രേക്ക് ഇട്ടപോലെ അവളുടെ വാക്കുകൾ ഞങ്ങൾ ഇരുന്ന മേശക്കു ഇപ്പുറം കടക്കാതെ അവളുടെ തൊണ്ടയിൽ തന്നെ കുടുങ്ങി പോയി. അവൾക്കു വേണ്ടി എന്നിൽ സ്നേഹം അല്ലാതെ നല്ല ഭാവിയെക്കുറിച്ചോ അതിന്റെ ഗുണദോഷങ്ങളെക്കുറിച്ചോ ചിന്തിച്ചുറപ്പിച്ച തീരുമാനങ്ങൾ എടുക്കുന്നത്ര ബുദ്ധി എനിക്ക് ഉറച്ചിട്ടില്ലായിരുന്നു. എങ്കിലും സിമിയോട് ഒന്നുമാത്രം ഞാൻ പറഞ്ഞു. എല്ലാ അച്ഛനമ്മമാരും അവരവരുടെ മക്കൾക്ക് വേണ്ടി നല്ലതു മാത്രമല്ലേ ചെയ്യാൻ ആഗ്രഹിക്കു. അവരുടെ ആഗ്രഹങ്ങൾക്കും തന്റെ അഗ്രങ്ങളും തമ്മിൽ താരതമ്യം ചെയുമ്പോൾ വളരെ പ്രാധ്യാം തോന്നിയതിനു തിരി തെളിക്കാൻ നോക്കുന്നതായിരിക്കും ജീവിതത്തിൽ വെളിച്ചമുണ്ടാകാൻ നല്ലതു എന്നാണ് എന്റെ അഭിപ്രായം. പിന്നെ ആഗ്രഹിക്കുന്നതിനും സ്വപ്നം കാണുന്നതിനും മനുഷ്യന് അതിരുകളില്ലല്ലോ.. എന്ന് പറഞ്ഞു ഞാൻ അവൾക്കായി തുറന്ന പുഞ്ചിരി സമ്മാനിച്ചു. ഗ്രന്ഥപ്പുരയിലെ അരണ്ട വെളിച്ചത്തിലും അവളുടെ കവിളുകൾ കുങ്കുമ നിറമണിഞ്ഞു. അധരങ്ങൾ അസ്ത്രങ്ങൾ തൊടുത്തുവിടാൻ ഒരുങ്ങുന്ന വില്ലുകൾ എന്നവണ്ണം വിടർന്നു.

അൽപനേരത്തെ നിശബ്ദതയ്ക്കു ശേഷം പുസ്തകങ്ങളടുക്കി വെച്ചിരുന്ന ആ മുറിക്കു ചുറ്റുമൊന്നു അവൾ കണ്ണോടിച്ചു. എന്റെ മനസിലെ ഇഷ്ടം തുറന്നു പറയാതെ പുസ്തകകെട്ടുകൾ അതിനു മുകളിൽ വന്നു പതിച്ചുകൊണ്ടു മൂടപ്പെട്ടു. പിന്നീട് ഞങ്ങളുടെ സംസാരം പുസ്തകളിലേക്കു വഴിത്തിരിഞ്ഞു. വിഷ്ണു താൻ ഏതൊക്കെ പുസ്തങ്ങൾ വായിച്ചിട്ടുണ്ട്.? ഞാനോ.. ഒന്ന് മോറിച്ചിരിച്ചുകൊണ്ട് കുറിക്കുകൊള്ളുന്ന മറുചോദ്യം ഞാൻ സിമിക്ക് നേരെ എറിഞ്ഞു. താൻ വായിച്ച പുസ്തകങ്ങൾ എതൊക്കെയാണ് എന്ന് ആദ്യം പറയു. പുതിയകാവ് കവലയിൽ കൊട്ടൻചുക്കാദി തൈലം വിൽക്കാൻ വരുന്ന സുഗുണൻ ചേട്ടനെപ്പോലെ വാചാലയായിക്കൊണ്ട് സിമി പുസ്തകങ്ങളുടെ ഒരു നീണ്ട നിര എന്റെ മുന്നിലേക്ക് ചൊരിഞ്ഞിട്ടു. വൈക്കം മുഹമ്മദ് ബഷീറിന്റെ 'മതിലുകൾ', 'പ്രേമലേഖനം, എം ടി യുടെ 'രണ്ടാമൂഴം', 'മഞ്ഞു' എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം. മാധവിക്കുട്ടിയുടെ 'എന്റെ കഥ' ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷി. തുടങ്ങി നിരവധി പുതകങ്ങൾ സിമിയുടെ വായനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നറിഞ്ഞപ്പോൾ എനിക്ക് അവളോട് ബഹുമാനം തോന്നി. പഠിക്കാനുള്ള പുസ്തങ്ങൾ തന്നെ വൈമുഖ്യപ്പെട്ടു വായിച്ചു തീർക്കുന്ന എന്റെ കാര്യം നോക്കുമ്പോൾ ആയിരത്തിലധികം പുസ്തങ്ങൾ നിലയുറപ്പിച്ച ഗ്രന്ഥപ്പുരയിലിരുന്ന എന്റെ മനസ്സിലെ പുസ്തകങ്ങളുടെ എണ്ണം ശൂന്യമായിരുന്നു. നിരവധി പുസ്തകങ്ങൾ വായിച്ചു കീഴടക്കിയ സിമിയുടെ മുന്നിൽ എനിക്ക് പറയാനുണ്ടായിരുന്നത് പത്താം ക്ലാസ് പഠനത്തിന്റെ ഭാഗമായിരുന്ന വൈക്കം മുഹമ്മദ് ബഷിറിന്റെ 'പാത്തുമ്മയുടെ ആട്' എന്ന പുസ്തകം മാത്രമായിരുന്നു. ഞാൻ ഒരു മത്സരബുദ്ധിയോടെ പുസ്തകത്തെ സമീപിച്ചിട്ടില്ലെന്നും വായിച്ചിട്ടില്ലെന്നും അറിഞ്ഞ അവൾ എന്നെ പരിഹസിച്ചില്ല. പുസ്തകങ്ങൾ വായിക്കാൻ ശീലിക്കുക അതിൽ നിന്നും വിഷ്ണു തന്നെ മനസിലാകും തനിക്കു ഉണ്ടാകുന്ന മാറ്റം എന്ന നിർദ്ദേശം മാത്രം നൽകി. 

പുതിയകാവ് പഞ്ചായത്തിന്റെ ഭരണ പരിഷ്കാരത്തിൽ ഉൾപ്പെടുത്തി പ്രസിഡന്റ് രവീന്ദ്രൻ മാഷ് കൊണ്ട് വന്നതായിരുന്നു കൃത്യസമയങ്ങളിൽ പഞ്ചായത്തു പരിധിക്കുള്ളിൽ സയറൻ മുഴങ്ങുന്നത്. രാവിലെ അഞ്ചു എട്ടു പത്തു മണി ഉച്ചക്ക് പന്ത്രണ്ടു മണി വൈകുന്നേരം അഞ്ചു മണി രാത്രി പത്തു മണി എന്നിങ്ങനെയുള്ള സമയങ്ങളിലായിരുന്നു സയറൻ മുഴങ്ങിക്കൊണ്ടിരുന്നത്. സംസാരിക്കുന്നതിനിയയിൽ അഞ്ചു മണി സയറൻ മുഴങ്ങുന്നത് ഞങ്ങൾ കേട്ടില്ല. സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു. വെക്കേഷനായതിനാൽ പാടത്തെ കളിയൊക്കെ കഴിഞ്ഞു ഞാൻ വീട്ടിൽ എത്തിയിരുന്നത് ഏഴു മണി അടുക്കാറാകുമ്പോഴായിരുന്നു. പക്ഷേ എന്നെപ്പോലെ അല്ലല്ലോ സിമിയുടെ കാര്യം എന്ന ബോധം എന്നിൽ ഉണർത്തി. നേരം ഒരുപാടായി നമുക്ക് നാളെ കാണാം സിമി എന്ന് പറയുമ്പോഴും എന്നോട് പറയാൻ എന്തോ ബാക്കി ഉള്ളതുപോലെ അവളുടെ മുഖത്ത് നിഴലിച്ചു. അല്ലേലും ചില കാര്യങ്ങൾ അങ്ങനെയാണ് പറയാൻ ബാക്കിയാക്കി നാം മുന്നോട്ടു പോകും. എന്റെ മനസ്സിലും അവളോട് പറയാൻ ഒരുപാടു ബാക്കിയുണ്ടായിരുന്നു. ഗ്രന്ഥപുരയുടെ മുന്നിൽ നിന്നും സിമി എന്റെ കണ്ണിൽ നിന്നും മറയുന്നതുവരെ ഞാൻ അവിടെ കാത്തുനിന്നു. 
(തുടരും.....)

read: https://emalayalee.com/writer/278

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക