Image

മണ്ണ്  (കവിത: ബേബി കാക്കശ്ശേരി)

Published on 11 March, 2024
മണ്ണ്  (കവിത: ബേബി കാക്കശ്ശേരി)

മണ്ണിൽ കിടന്നൊരു വിത്ത്, കുഞ്ഞി
ക്കണ്ണു തുറന്ന  നേരത്ത്
വിണ്ണിനെ കണ്ടു കൊതിച്ചു നല്ല
വർണ്ണങ്ങൾ കണ്ടു മദിച്ചു.

ചെല്ലച്ചെറു ചില്ല വന്നു ,മരം
മെല്ലെ വളർന്നു പടർന്നു
വീഴാതിരിക്കാനമർത്തി,മണ്ണു
വേരിൽ പിടിച്ചു നിറുത്തി.

മണ്ണുമായുള്ളൊരു ബന്ധം , മരം
ബന്ധനമായിക്കരുതി
മോചനം കിട്ടാൻ കുതിച്ചു , അന്ത്യം
വേരറ്റു മണ്ണിൽ പതിച്ചു!

ഉണ്ണീ, വളരൂ വിണ്ണോളം ,പക്ഷേ
മണ്ണുമായ് ബന്ധങ്ങൾ വേണം.
വീണാലും താങ്ങുവാൻ മണ്ണ്,അമ്മ -
യാണിതു, ചിമ്മല്ലേ കണ്ണ്!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക