Image

കുരുടർ കണ്ട ആനയുടെ കുമ്പസാരം (കവിത: വേണുനമ്പ്യാർ)

Published on 11 March, 2024
കുരുടർ കണ്ട ആനയുടെ കുമ്പസാരം (കവിത: വേണുനമ്പ്യാർ)

രോഗാതുരമായ നാട്ടിലെ
അരോഗദൃഢഗാത്രൻ;
ഞാൻ ആനമലയുടെ ഓമനപ്പുത്രൻ! 

ആനയെ കണ്ട ഗുണപാഠകഥയിൽ
കുരുടൻമാർ പറഞ്ഞതെല്ലാം
ഭാഗികമായ സത്യം മാത്രമെന്നറിക.

സത്യം വചിക്കേണ്ട താമസം
അതസത്യമായി മാറും
എന്ന് ലാവൊത് സു പറഞ്ഞതും
ഭാഷയിതപൂർണ്ണമങ്ങഹോ!
എന്ന് ആശാൻ മൊഴിഞ്ഞതും
ഓർക്കുമല്ലൊ.

എങ്കിലും കാടിനെ വെടിഞ്ഞ ഈ കരിങ്കാലിക്ക്,
തോട്ടിയുടെ കുത്തും പാപ്പാന്റെ
ആട്ടും ഏൽക്കേണ്ടി വരുന്ന
ഈ ബന്ദിയ്ക്ക് സത്യം തുറന്നു
പറയണമെന്നുണ്ട്.

സത്യം തുറന്നു പറയുമ്പോൾ
ആരും എന്റെ നാവരിയാൻ തുനിയരുതേ!
ആരും ചങ്ങലയ്ക്കിട്ട എന്റെ മേൽ
രണ്ടാം ചങ്ങലയിടാൻ വരരുതേ!

എന്നെ ഞാനാക്കുന്ന എന്റെ അസ്സൽ സ്വത്വം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. മിക്ക മനുഷ്യരെപ്പോലെ ഞാനുമിപ്പോൾ ഒരു മയക്കത്തിലാണ്. ഞാനൊരു വെറും കാഴ്ചപ്പണ്ടം. എങ്കിലും മനസ്സിൽ തോന്നുന്ന സത്യം ഉശിരോടെ  ചിന്നം വിളിച്ചു പറയണമെന്നുണ്ട്.

തന്നോടു തന്നെ സംസാരിച്ചു തുടങ്ങുന്നത് ഭ്രാന്തിന്റെ ആദ്യ ലക്ഷണമാണെന്നു പറഞ്ഞു കേൾക്കുന്നു. പക്ഷെ ഭ്രാന്ത് നല്ലതിനല്ലേ ചങ്ങലകൾ
പൊട്ടിച്ചെറിയാൻ, സ്വന്തം വനലോകം
തിരിച്ചു പിടിക്കാൻ.

അംഗം പ്രതി നോക്കുമ്പോൾ
ഭംഗിയില്ലെങ്കിലും ആകെപ്പാടെയുള്ള
എന്തൊ ഒരഴക് എനിക്കുണ്ടെന്ന്
ഞാൻ അഹങ്കരിക്കുന്നു.  

എഴുന്നള്ളത്തിനു വരുമ്പോഴുള്ള
എന്റെ തലയെടുപ്പ്. എത്രയൊ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളിൽ
ഞാൻ വിസ്മയത്തിന്റെ മണി
മുഴക്കുന്നുണ്ടാകാം. യുവതികൾ
എന്നെ കരുത്തിന്റെ കിരാതമൂർത്തിയായി മനസ്സിൽ
ആരാധിക്കുന്നുണ്ടാകാം.

ഞാൻ ദൈവത്തിന്റെ
സ്വന്തം ആന. പക്ഷെ ഇപ്പോൾ എന്റെ സൂക്ഷിപ്പുകാരൊക്കെ പിശാചുക്കളാ!

ഇത് ഞാൻ എന്നോടു തന്നെ
നടത്തുന്ന ഒരു കുമ്പസാരമായി
കൂട്ടിയാൽ മതി.

പിശാചുക്കൾ എന്നെ ക്രൂശിക്കട്ടെ!
എന്റെ ഇടവും വലവും മരക്കള്ളന്മാരെ
നിർത്തട്ടെ!!

ആനക്കോപ്പും
നാടൻചന്തവുമൊക്കെ എനിക്ക് മടുത്തു.

എന്നെ മയക്കു വെടി വെച്ച്
വീഴ്ത്തരുത്.  

എനിക്കെന്റെ കാടൻചന്തം മതി.

എന്റെ തണ്ണീർ കൊമ്പനെ
യോർക്കുമ്പോൾ എനിക്ക് കരച്ചിൽ
വരുന്നു. 

എനിക്കെന്റെ പനകളുള്ള പുൽമേട് മതി.

നഷ്ടപെട്ടതൊന്നും നിങ്ങൾക്ക്
തിരിച്ചു തരാൻ കഴിയില്ലല്ലൊ! ഞാൻ മസ്തകം കാട്ടിത്തരാം. 

എനിക്കെന്റെ മുളങ്കാട് മതി

ഒളിപ്പോരിനു മിനക്കെടാതെ
നിങ്ങൾക്ക് നേർവെടി വെക്കാം.
എന്നെ ബന്ധിക്കാൻ വിളക്കിയ
ചങ്ങലകൾ ആലയിൽ തന്നെ
പൂക്കുല പോലെ പൊട്ടിച്ചിതറട്ടെ !

എനിക്കെന്റെ പളുങ്കനരുവി മതി
എനിക്കെന്റെ സ്വാതന്ത്ര്യം മതി
എനിക്കെന്റെ കുരിശുമലദൈവം മതി.

ഇത് ഞാൻ എന്നോടു തന്നെ
നടത്തുന്ന ഒരു കുമ്പസാരമായി
കൂട്ടിയാൽ മതി.

എനിക്ക് പകയുണ്ട് കലിയുണ്ട്
എന്റെ പൊട്ടിയൊലിക്കുന്ന
പരുക്കളിൽ കുത്തുന്നവരോടല്ല
എന്റെ വാലിൽ തീവെട്ടി മുട്ടിക്കുന്ന
വരോടല്ല. എന്നെ സൃഷ്ടിച്ച സ്രഷ്ടാവിനോട് തന്നെ. ചിലപ്പോൾ
എനിക്ക് എന്നോടു തന്നെ അടക്കാനാകാത്ത....

അപൂർവ്വം ചില നിമിഷങ്ങളിൽ ശരണാഗതിയുടെ പാതയിൽ ശാന്തമാകുമ്പോൾ മനസ്സ് മന്ത്രിക്കും: 
സ്രഷ്ടാവേ, അങ്ങയുടെ ഹിതം തന്നെ നടക്കട്ടെ! ഒരാനയായി ജനിച്ചു പോയില്ലേ!!

Join WhatsApp News
Thomas 2024-03-11 15:12:22
Good. Congrats.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക