Image

മാധ്യമങ്ങൾ പ്രശംസിച്ച കാമ്പസ് ത്രില്ലർ 'താൾ' 15 മുതൽ  അമേരിക്കൻ  തീയറ്ററുകളിൽ 

Published on 11 March, 2024
മാധ്യമങ്ങൾ പ്രശംസിച്ച കാമ്പസ് ത്രില്ലർ 'താൾ' 15 മുതൽ   അമേരിക്കൻ  തീയറ്ററുകളിൽ 

അമേരിക്കൻ മലയാളികൾ നിർമ്മിക്കുകയും കേരളത്തിലെ മാധ്യമങ്ങൾ ഒരുപോലെ  അഭിനന്ദനം ചൊരിയുകയും ചെയ്ത കാമ്പസ് ത്രില്ലർ 'താൾ' 15 മുതൽ അമേരിക്കയിലെ വിവിധ തീയറ്ററുകളിലെത്തുന്നു.  ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിലും മോണിക്ക ഖമ്പട്ടിയും നിർമിച്ച ചിത്രം കാണാൻ മറക്കണ്ട.

'ക്യാമ്പസ് പശ്ചാത്തലമാക്കി എന്നതുകൊണ്ട് മാത്രം ഒരു ചിത്രവും വിജയിക്കില്ല. തുടക്കത്തില്‍ ഒരു സാധാരണ ക്യാമ്പസ് ചിത്രം പോലെ ആരംഭിച്ച് പോകെപ്പോകെ പ്രേക്ഷകര്‍ക്ക് ഒരിക്കലും മുന്‍കൂട്ടി കാണാനാവാത്ത വഴികളിലൂടെ സഞ്ചരിക്കുകയാണ് താള്‍. ക്യാമ്പസ് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ പ്രധാന തീം പ്രണയമാണെങ്കിലും ഒരു ത്രില്ലര്‍ കൂടിയാണ് താള്‍. അതാണ് രാജാസാഗറിന്‍റെ ചിത്രത്തെ വ്യത്യസ്തമാക്കുന്നതും,' ഏഷ്യാനെറ്റ് എഴുതി 

'എഴുതാൻ മറന്നുപോയ ഒരു പുസ്തകത്താൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവും. അത് പലതരത്തിൽ ആവും. ചിലപ്പോൾ മറവി മൂലം സംഭവിച്ചതാവം. മറ്റു ചിലപ്പോൾ മനഃപൂർവവും. അതുപോലെ നമ്മുടെ ഉള്ളിൽ ഉറങ്ങുന്നതോ, അല്ലെങ്കിൽ പിന്നീട് പറയാനായി മാറ്റിവച്ച ചില കഥകളെ ഓർമ്മിപ്പിക്കുവാനായി എത്തിയിരിക്കുന്ന ചിത്രമാണ് 'താൾ', മനോരമയുടെ റിവ്യുവിൽ പറയുന്നു  

'വിശ്വയും മിത്രയും കാർത്തിക്കും സുഹൃത്തുക്കളാണ്. അവരുടെ ക്യാംപസ് ജീവിതത്തിൽ ഉണ്ടാവുന്ന ചില പ്രശ്നങ്ങളാണ് താളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. വിശ്വയും മിത്രയും ക്യാംപസിൽ അവശേഷിപ്പിച്ച ചില അടയാളങ്ങളിലൂടെ അവരിലേക്ക് എത്താൻ ശ്രമിക്കുന്ന പുത്തൻ തലമുറയ്ക്ക് നേരിടേണ്ടിവരുന്ന ചില പ്രശ്നങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്. പ്രണയവും വിരഹവും ഒരേ തൂവൽ പക്ഷികളാണ് എന്നും ഈ ചിത്രം പറയുന്നുണ്ട്. പ്രണയം എന്നാൽ വിട്ടുകൊടുക്കൽ കൂടിയാണ് എന്നും ഈ ചിത്രം ഓർമിപ്പിക്കുന്നു.'

അൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യാ ആൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ രാജാസാഗർ ആണ് സംവിധാനം.  രൺജി പണിക്കർ, രോഹിണി, ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ മറീന മൈക്കിൾ, വൽസാ കൃഷ്ണാ, അലീന സിദ്ധാർഥ് എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

ഏഷ്യനെറ്റ് തുടരുന്നു, 'രണ്ട് കാലഘട്ടങ്ങളിലായി കഥ പറയുന്ന ചിത്രമാണിത്. ഇപ്പോഴത്തെ കാലത്തും 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു തലമുറയുടെ കോളെജ് ജീവിത കാലത്തും. സൈക്കോളജിയില്‍ കോളെജ് അധ്യാപകനായ രാഹുല്‍ മാധവിന്‍റെ കഥാപാത്രത്തിന് മുന്നില്‍ തങ്ങളുടെ ചില സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ലഭിക്കാനായി അതേ കോളെജിലെ രണ്ട് വിദ്യാര്‍ഥികള്‍ എത്തുകയാണ്. വിദ്യാര്‍ഥികളോട് പുറമേക്ക് പരുക്കനായി ഇടപെടാറുള്ള ഈ അധ്യാപകന് മുന്നില്‍ ചോദ്യങ്ങളുമായി എത്താന്‍ ആദ്യം അവര്‍ക്ക് മടിയാണെങ്കിലും അയാള്‍ക്ക് സഹായിക്കാന്‍ കഴിയുമെന്ന ഉറച്ച ധാരണയില്‍ അവര്‍ അതിന് മുതിരുകയാണ്. 23 വര്‍ഷം മുന്‍പുള്ള, തന്‍റെ കൂടി ക്യാമ്പസ് കാലത്തേക്കാണ് ഈ അധ്യാപകന്‍ ആ വിദ്യാര്‍ഥികളെയും ഒപ്പം പ്രേക്ഷകരെയും കൊണ്ടുപോകുന്നത്. ഒരു സാധാരണ പ്രണയചിത്രമെന്ന നിലയില്‍ തുടങ്ങി, മനശാസ്ത്ര വഴികളിലൂടെ, ഇനിയെന്തെന്ന ആകാംക്ഷയുടെ മുനമ്പിലേക്ക് ക്ലൈമാക്സില്‍ പ്രേക്ഷകരെ എത്തിക്കുന്നുണ്ട് രാജാസാഗര്‍.' 

ആന്‍സണ്‍ പോളും രാഹുല്‍ മാധവും ഒരുപോലെ സ്കോര്‍ ചെയ്തിട്ടുണ്ട് ചിത്രത്തില്‍, ഒപ്പം ആരാധ്യ ആനും. മാസ് ഗെറ്റപ്പിനൊപ്പം നിരവധി അഭിനയമുഹൂര്‍ത്തങ്ങളും നായകനായ ആന്‍സണിന് നല്‍കുന്ന തിരക്കഥയാണ് താളിന്‍റേത്. അദ്ദേഹം അത് മനോഹരമായി അവതരിപ്പിച്ചിട്ടുമുണ്ട്. നായകനോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് ആരാധ്യയുടേത്. ആദ്യകാഴ്ചയില്‍ സിംപിളും ഹാപ്പിയുമൊക്കെയായി തോന്നിപ്പിക്കുന്ന ഈ കഥാപാത്രമാണ് ആഖ്യാനത്തിന്‍റെ കേന്ദ്രസ്ഥാനത്ത് നിന്ന് പ്രേക്ഷകരെ നിരന്തരം ഞെട്ടിക്കുന്നത്. ഒരു തുടക്കക്കാരിയുടെ പതര്‍ച്ചകളൊന്നുമില്ലാതെ അല്‍പം ഹെവിയായ ഈ കഥാപാത്രത്തെ ആരാധ്യ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

നമുക്ക് പരിചയമുള്ള ചിലരുടെയെങ്കിലും അസാധാരണമായ പെരുമാറ്റം എന്തുകൊണ്ട് അങ്ങനെയായി എന്നുള്ള ചോദ്യത്തിനു കൂടി ഈ ചിത്രം ഉത്തരം തരുന്നുണ്ട്. 

കലാലയ ജീവിതത്തിന്റെ വർണ്ണാഭമായ ലോകം വരച്ചിടുന്ന താളിൽ പ്രണയവും, വിരഹവും, ആനന്ദവും എല്ലാം ഒരേപോലെ ഇഴ ചേർത്താണ് അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് മാധ്യമ പ്രവർത്തകനായ ഡോ.ജി.കിഷോറാണ്. 

മനോഹരമായ കൊണ്ട് ഗാനങ്ങൾ കൊണ്ട് സമ്പന്നമാണ് താൾ. ബികെ ഹരിനാരായണന്റെ വരികൾക്ക് ബിജുബാലാണ് സംഗീതം നൽകിയിരിക്കുന്നത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക