Image

കളിയും കാര്യവുമായി ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം

Published on 12 March, 2024
കളിയും കാര്യവുമായി ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം

സാമൂഹ്യ പ്രാധാന്യമുളള ഒരു വിഷയം പ്രേക്ഷകര്‍ക്കു മുന്നില്‍ രസകരമായി അവതരിപ്പിക്കുന്നതിന് എല്ലാം സജ്ജമാക്കിയതിനു ശേഷമാണ് തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ വിടവാങ്ങിയത്. അകാലത്തില്‍ അന്തരിച്ച നിസാം റാവുത്തര്‍ തിരക്കഥയെഴുതിയ ടി.വി രഞ്ജിത് സംവിധാനം ചെയ്ത 'ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം' എന്ന ചിത്രം റിലീസ് ചെയ്യാന്‍ രണ്ടു ദിവസം ബാക്കിയുള്ളപ്പോഴാണ് അദ്ദേഹം അപ്രതീക്ഷിതമായി കാലയവനികക്കുള്ളില്‍ മറഞ്ഞത്. റിലീസ് ചെയ്യുന്നതിനു മുമ്പു തന്നെ നിരവധി പ്രതിസന്ധികള്‍ നേരിട്ട ചിത്രമാണ് 'ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം' . ആദ്യം 'ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം' എന്നായിരുന്നു സിനിമയുടെ പേര്. അത് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം 'ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം' എന്നു മാറ്റുകയായിരുന്നു. ഏതായാലും തന്റെ കന്നി ചിത്രം കാണാന്‍ നില്‍ക്കാതെ നിസാം മരണത്തിന്റെ വഴികളിലൂടെ കടന്നു പോയെങ്കിലും അതീവ സാമൂഹ്യ പ്രാധാന്യവും ചര്‍ച്ചാ പ്രാധാന്യവുമുള്ള ഒരു വിഷയമാണ് അദ്ദേഹം തിരക്കഥയാക്കിയിട്ടുള്ളത്.

കാസര്‍കോട് ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പെയിന്ററായ പ്രദീപന്‍(സുബീഷ് സുധി) ഭാര്യ ശ്യാമ(ഷെല്ലി കിഷോര്‍)യുമൊത്ത് സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന സാധാരണക്കാരനായ ഒരു നാട്ടിന്‍പുറത്തുകാരനാണ്. പ്രദീപനും ഭാര്യയ്ക്കും നാല് ആണ്‍മക്കളാണ്. ഒരു പെണ്‍കുഞ്ഞിനു വേണ്ടിയുള്ള ആഗ്രഹമാണ് നാല് ആണ്‍മക്കളിലെത്തിയത്. പ്രദീപന്റെ ജ്യേഷ്ഠനാകട്ടെ കുട്ടികളില്ലാത്തതിന്റെ വിഷമത്തിലും. കുട്ടികളില്ലാത്തവര്‍ വന്നു പ്രാര്‍ത്ഥിക്കുന്ന മീനൂട്ടി അമ്പലത്തിലെ വെളിച്ചപ്പാട് അരുള്‍ ചെയ്യുന്നതാകട്ടെ ദേവീകടാക്ഷം കൊണ്ടാണ് പ്രദീപന് ഇത്രയും കുട്ടികള്‍ ഉണ്ടായത് എന്നാണ്.

പ്രദീപന്റെ ഉറ്റസുഹൃത്താണ് സുബാഷ്. അയാളുടെ കാമുകി ദിവ്യയ്ക്ക് ആശാ വര്‍ക്കറായി ജോലി കിട്ടുന്നു. എന്നാല്‍ ജോലിയുടെ ഭാഗമായി കിട്ടിയ ഒരു ടാര്‍ഗറ്റ് പ്രദീപന്റെ മാത്രമല്ല, സമൂഹത്തിന്റെ ഒന്നാകെ പ്രശ്‌നമായി മാറുന്ന സംഭവ പരമ്പരകളാണ് പിന്നീട് ആ നാട്ടില്‍ അരങ്ങേറുന്നത്. സര്‍ക്കാരിന്റെ പുതിയ കുടുംബാസൂത്രണ പദ്ധതിയായ പുരുഷ വന്ധ്യംകരണത്തിന് ഒരാളെ കണ്ടെത്തുക എന്നതായിരുന്നു ദിവ്യയ്ക്ക് കിട്ടിയ നിര്‍ദേശം. ആരെയെങ്കിലും പദ്ധതിയില്‍ ചേര്‍ത്തില്ലെങ്കില്‍ നിന്റെ ജോലി നഷ്ടപ്പെടും എന്നു പറഞ്ഞ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബൂസേനന്‍ ദിവ്യയെ നിരന്തരം ഭീഷണിപ്പെടുത്തുന്നതോടെ അവള്‍ക്ക് എങ്ങനെയും ജോലി നഷ്ടമാകാതെ പിടിച്ചു നില്‍ക്കണമെന്നായി. എന്നാല്‍ ഇക്കാര്യത്തിനായി ചെറുപ്പക്കാരായ പുരുഷന്‍മാരെ സമീപിക്കുന്ന ദിവ്യയ്ക്ക് അവരില്‍ നിന്നും മോശമായ കമന്റുകളാണ് കേള്‍ക്കേണ്ടി വരുന്നത്. ഇത് കാമുകനായ സുബാഷിനെ വളരെയധികം വിഷമിപ്പിക്കുന്നു. അപ്പോഴാണ് തന്റെ സുഹൃത്തായ പ്രദീപന് നാല് കുട്ടികളുള്ള കാര്യം സുബാഷ് ഓര്‍മ്മിക്കുന്നത്. തുടര്‍ന്ന് പ്രദീപനെ വന്ധ്യംകരണ പദ്ധതിയില്‍ ചേര്‍ക്കാനുള്ള ഉത്തരവാദിത്വം കാമുകി ദിവ്യയ്ക്ക് വേണ്ടി സുബാഷ് ഏറ്റെടുക്കുകയാണ

സുഹൃത്തിന്റെയും മറ്റുളളവരുടെയുമൊക്കെ നിര്‍ബന്ധത്തിനു വഴങ്ങി പ്രദീപന്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്നു. പ്രദീപന്‍ ഈ രാജ്യത്തിനു തന്നെ മാതൃകയാണെന്ന് രാഷ്ട്രീയക്കാരും ആരോഗ്യ പ്രവര്‍ത്തകരും ഒരുപോലെ വിളിച്ചു പറഞ്ഞു. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് പ്രദീപന്റെ ഭാര്യ വീണ്ടും ഗര്‍ഭിണിയാകുന്നു. ശ്യാമയുടെ കുഞ്ഞിന്റെ പിതൃത്വം വരെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച വലിയൊരു സാമൂഹ്യ ചര്‍ച്ചയ്ക്കു വഴിയൊരുക്കുകയായിരുന്നു പിന്നീട്.  

സര്‍ക്കാര്‍ ജനങ്ങള്‍ക്കു വേണ്ടി പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അതിനെ കുറിച്ച് കൃത്യമായ ബോധവല്‍ക്കരണം നടത്താതെ ടാര്‍ഗറ്റ് മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമ്പോള്‍ സംഭവിക്കുന്ന ഗുരുതരമായ വീഴ്ചകള്‍ക്ക് നേരെയാണ് നിസാം റാവുത്തര്‍ എന്ന തിരക്കഥാകൃത്ത് കണ്ണാടി തിരിച്ചത്

വര്ഷങ്ങളായി മലയാള സിനിമയില്‍ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടനാണ് സുബീഷ് സുധി. പ്രദീപനായി സുബീഷിനെ തിരഞ്ഞെടുത്തതിലൂടെ ഏറ്റവും മികച്ച കാസ്റ്റിങ്ങ് എന്നു തന്നെ പറയാം. ഗ്രാമീണന്റെ ജീവിതശൈലിയും നിഷ്‌ക്കളങ്കതയുമെല്ലാം സുബീഷിന്റെ കൈകളില്‍ ഭദ്രമായിരുന്നു. സുബീഷിന്റെ അഭിന ജീവിതത്തില്‍ നാടക കഥാപാത്രമായി ഇതാദ്യമായാണ് ഒരവസര ലഭിക്കുന്നത്. അത് നിസാം റാവുത്തര്‍ എന്ന തിരക്കഥാകൃത്തിന്റെ നിര്‍ബന്ധമായിരുന്നു. ആ തീരുമാനം എത്ര കൃത്യമായിരുന്നു എന്ന് ചിത്രം കാണുമ്പോള്‍ മനസിലാകും.

തനിക്ക് കിട്ടുന്ന ഏതു കഥാപാത്രങ്ങളെയും അഭിനയിച്ചു ഫലിപ്പിക്കാന്‍ അസാമാന്യ കഴിവുള്ള നടിയാണ് ഷെല്ലി. നാട്ടിന്‍പുറത്തുകാരിയായ ശ്യാമ ഷെല്ലിയുടെ കരിയറിലെ തന്നെ മികച്ചകഥാപാത്രങ്ങളില്‍ ഒന്നായിരിക്കും. നേരാംവണ്ണം പദ്ധതിയെ കുറിച്ചോ അതിന്റെ നിര്‍വ്വഹണ രീതിയെ കുറിച്ചോ പഠിക്കാതെ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്ന ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്ക്ക് ഏറ്റവും മികച്ച ഉദാഹരണമാണ് ഈ ചിത്രത്തിലെ ബാബു സേനന്‍. സുബാഷായി വിനീത് വാസുദേവനും ദിവ്യയായി ഗൗരി കിഷനും മികച്ച അഭിനയം കാഴ്ച വച്ചു. ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ഹരീഷ് കണാരന്‍, ജോയ് എബ്രഹാം, ദര്‍ശന.എസ്.നായര്‍ എന്നിവരും ഇവര്‍ക്കൊപ്പം ദാസേട്ടന്‍ എന്ന ശ്രദ്ധേയ കഥാപാത്രമായി ലാല്‍ ജോസും ചിത്രത്തില്‍ എത്തുന്നു.

ഗ്രാമീണ ഭംഗി തുളുമ്പുന്ന ചിത്രത്തില്‍ നാട്ടിന്‍പുറത്തെ നര്‍മ്മങ്ങളുടെ മേമ്പൊടി ചാലിച്ചെഴുതിയ ചിത്രം തീര്‍ച്ചയായും പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നുറപ്പാണ്. മാസ് ഡയലോഗുകളും കിടിലന്‍ ആക്ഷനും ട്വിസ്റ്റും ഒന്നുമില്ലാത്ത ഒരു കൊച്ചു ലളിത സുന്ദര ചിത്രം. ധൈര്യമായി ടിക്കറ്റെടുക്കാം. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക