Image

പാവം എന്റ ഹൃദയമേ ( കവിത : അന്നാ പോൾ )

Published on 12 March, 2024
പാവം എന്റ ഹൃദയമേ ( കവിത : അന്നാ പോൾ )

ഉള്ളുലച്ച് സദാ പിടയ്ക്കുന്നാരു നോവ്

ഉറക്കം കെടുത്തുന്നു..

പാവം
എന്റ ഹൃദയമേ

നീ എന്തിനാണിത്ര ഉച്ചത്തിൽ മിടിക്കുന്നതു?..

പോക്കുവെയിൽ വീണു തിളങ്ങുന്ന

നാട്ടുവഴികളിലെവിടെയോ

ചവിട്ടി പതിഞ്ഞൊരു

പാവം ഇലഞ്ഞിപ്പൂമണം

സിരകളിലുണരുന്നോ?

കായൽക്കരയിലെ കാറ്റിൽ പൊതിഞ്ഞു നാം

വിരൽ കോർത്തു താണ്ടിയ ദൂരങ്ങളറിയാതെ

ഞാനില്ല
നീയില്ല. നമ്മളായ് നീങ്ങവേ

ചുണ്ടിൽക്കുരുങ്ങിയ മീനുമായ് പറക്കുന്ന

പൊന്മാനിനെ നാം കണ്ടതും...

നിന്റെയുള്ളിലും

എന്നെ കുരുക്കി പറക്കുന്ന ചില്ലാട്ടക്കാരൻറ
ധാർഷ്ട്യത്തിൻ വാൾ മുനത്തിളക്കത്തിലേറി

വന്നൊരു പുഞ്ചിരി വിടർന്നതും..

പിന്നെ പോകെ പോകെ ഞാൻ
ഞാനായതും നീ നീയായതും..

അകലേക്കു പോയതും...

എങ്കിലും നീ അരികത്തണയുമ്പോഴമരുന്നു 

കനലാർന്ന കോപവും താപവും
പൊള്ളിപ്പിടയുന്നു

പിന്നെ നീ മൗനത്തിലാണ്ടതും

നിഴൽ പോലെ മാഞ്ഞതും

ഒന്നിച്ചുറങ്ങിയ രാവുകൾ

വിരൽ കോർത്തു താണ്ടിയ ദൂരങ്ങൾ
ഇന്നിരുൾ മൂടി വിജനമായ്

നിഴൽ പോലുമില്ലാതെ...

ഉള്ളുലയ്ക്കുന്ന ഓർമ്മതൻ

നൊമ്പരം പൂക്കുന്ന പൂമരമായ് ഞാൻ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക