Image

അന്ധകാരം (കവിത: ഷീജാബീഗം. വൈ)

ഷീജാബീഗം. വൈ Published on 12 March, 2024
അന്ധകാരം (കവിത: ഷീജാബീഗം. വൈ)

സിരകളിലൊഴുകും ലഹരിയാലൊരു
രമ്യലോകത്തില്‍ മയങ്ങുന്ന യുവത്വമേ
നിമിഷമാം സുഖത്തിനായി എരിച്ചിടല്ലേ
വരമാകും നിന്‍ ജന്മസുകൃതത്തെ.
ഭ്രാന്തമായി പുലമ്പിയും കാര്‍ക്കിച്ചും
പീടികത്തിണ്ണയില്‍ മയങ്ങിയും
ഉന്മാദലഹരിയില്‍ ആടുന്ന യൗവനമേ
അറിയണം നീയെരിയ്ക്കുമോരോ
ചുരുളിലും പിടയുന്ന പ്രാണനേം
എരിഞ്ഞടങ്ങുന്ന നിന്‍ ത്രാണിയേം.

പൊരുതിടാമീ വിപത്തിനെതിരെ 
തടഞ്ഞിടാമീ ലഹരിയെയൊന്നായി 
നന്മയുള്ള ലോകമായി കാത്തിടാം
നേരുള്ള വെളിച്ചമായി മാറ്റിടാം
കാത്തിടും കരങ്ങളായി മാറിടാം
നേര്‍വഴി കാട്ടിടും തിരിനാളമായിടാം

അന്ധകാരത്തിലമരും ജീവനെ
ഉന്മാദമത്തിലലയും ഭാവിയെ
സത്പാത കാട്ടിയുണര്‍ത്തിയും
അറിവിന്‍ പാതയില്‍ നടത്തിടാം
സമയമേറെയില്ലിനിയും കാത്തിടാന്‍
ലഹരിമുക്തനാടിനായി പൊരുതിടാന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക