Image

ഒരു പെണ്ണിന്റെ അതിജീവനത്തിന്റെ കഥയുമായി 'ആനന്ദപുരം ഡയറീസ്'

Published on 13 March, 2024
ഒരു പെണ്ണിന്റെ അതിജീവനത്തിന്റെ കഥയുമായി 'ആനന്ദപുരം ഡയറീസ്'

മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിറക്കുമ്പോഴും സ്ത്രീകേന്ദ്രീകൃത സിനിമകള്‍അത്രയൊന്നും മലയാളത്തിലെന്നല്ല, ഇതര ഭാഷകളിലും ഉണ്ടാവുന്നില്ല എന്നതാണ് സത്യം. അന്താരാഷ്ട്ര വനിതാദിനവും സ്ത്രീശാക്തീകരണവുമൊക്കെ ആഘോഷിക്കുമ്പോഴും സ്ത്രീകഥാപാത്രങ്ങള്‍ കേന്ദ്ര സ്ഥാനത്ത് വരുന്ന ചിത്രങ്ങള്‍ താരതമ്യേന കുറവാണ്. എന്നാല്‍ ഇടയ്‌ക്കൊക്കെ പതിവു നായക സങ്കല്‍പ്പ രീതികളില്‍ നിന്നും വ്യതിചലിച്ചു കൊണ്ട് സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങളുമായി ചില നല്ല സിനിമകള്‍ ഉണ്ടാവുന്നുണ്ട്. മികച്ച പ്രമേയവും വേറിട്ട ട്രീറ്റ്മന്റും അര്‍ത്ഥവത്തായ ആവിഷ്‌ക്കാര ശൈലിയും കൊണ്ട് പ്രേക്ഷക മനസില്‍ ഇടം നേടുന്ന ചിത്രങ്ങള്‍. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് മലയാളത്തിന്റെ പ്രിയ നായിക മീന കേന്ദ്ര കഥാപാത്രമായെത്തിയ, ഈയിടെ റിലീസായ 'ആനന്ദപുരം ഡയറീസ്'. സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്ക് സമൂഹം നിശ്ചയിക്കുന്ന പരിധികള്‍ മറികടക്കാന്‍ കെല്‍പ്പുളള, തന്റെ സ്വാതന്ത്ര്യത്തെ കുറിച്ച് ബോധ്യമുള്ള ധൈര്യവതിയായ കരുത്തുറ്റ കഥാപാത്രമായാണ് ഒരിടവേളയ്ക്കു ശേഷമുള്ള മീനയുടെ തിരിച്ചു വരവ്.

'ഇടം' എന്ന ചിത്രത്തിനു ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ആനന്ദപുരം ഡയറീസ് കുടുംബബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും കഥയുടെ അകമ്പടിയോടെ അചഞ്ചലമായ സ്ത്രീമുന്നേറ്റത്തിന്റെ കഥ പറയുന്ന ചിത്രമാണ്. ശശി ഗോപാലന്‍ നായരുടേതാണ് കഥ

ഒരു സ്ത്രീയുടെ ജീവിതത്തില്‍ സംഭവിക്കുന്ന എണ്ണമറ്റ പ്രതിസന്ധികള്‍, ജീവിതത്തില്‍ ഒരിക്കലും സ്വസ്ഥമായി ഒഴുകാന്‍ അനുവദിക്കാത്തത്രയും ദുര്‍ഘടം പിടിച്ച വെല്ലുവിളികള്‍ ഇവയൊക്കെയാണ് നന്ദിനി(മീന)ക്ക് ചെറുപ്പം മുതല്‍ നേരിടേണ്ടി വന്നത്. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വറെ ചെറുപ്പത്തില്‍ തന്നെ നന്ദിനിയ്ക്ക് വിവാഹം കഴിക്കേണ്ടി വന്നു. അധികം വൈകാതെ വിവാഹ മോചനം, അതിന്റെ കെടുതികള്‍ തീരും മുമ്പേ മാരകരോഗത്തിന്റെ സാന്നിധ്യമുണ്ടെന്ന സത്യത്തിന്റെ വെളിപ്പെടല്‍. ഇങ്ങനെ സമാനതകളില്ലാത്ത തിരിച്ചടികളേറ്റ് പഠനം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്ന സ്ത്രീയാണ് നന്ദിനി.

കോടതിമുറികളില്‍ തിളങ്ങാന്‍ കഴിയുന്ന ഒരു മികച്ച അഭിഭാഷകയാകാനായിരുന്നു നന്ദിനിയുടെ ആഗ്രഹം. എന്നാല്‍ നിരന്തരം പ്രണയാഭ്യര്‍ത്ഥനയുമായി പിന്നാലെ നടന്ന സഹപാഠി അതിന് തടസ്സമായി. അയാളില്‍ നിന്നും മകളെ രക്ഷിക്കാനായിരുന്നു വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹം ചെയ്തയച്ചത്. എന്നാല്‍ ആ ദാമ്പത്യം അധിക നാള്‍ നീണ്ടു നിന്നില്ല. വിവാഹ മോചനം നേടി നന്ദിനി തിരികെ വീട്ടിലെത്തി. പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന നിയമപഠനം തുടരാന്‍ വീണ്ടും പലതവണ അഡ്മിഷന്‍ എടുത്തെങ്കിലും പഠനം മുന്നോട്ടു കൊണ്ടു പോകാനായില്ല. ഏറ്റവുമൊടുവില്‍ കാന്‍സറും എത്തി. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് നന്ദിനി കാന്‍സറിനെതിരെയും പൊരുതി തോല്‍പ്പിച്ചു. ലോ കോളേജില്‍ എത്തിയ നന്ദിനിയെ കാത്തിരുന്നത് നല്ല സൗഹൃദത്തിന്റെ തണലാണ്. ഹരി, സാജു, ആദിത്യന്‍, റബേക്ക തുടങ്ങിയവര്‍ നന്ദിനിയുടെ ഉറ്റസുഹൃത്തുക്കളായി. എങ്കിലും വിധിയുടെ പ്രതിസന്ധികള്‍ അവിടെയും അവസാനിക്കുന്നില്ല. ജീവിതാഭിലാഷം പോലെ അഭിഭാഷകയുടെ കോട്ടണിഞ്ഞ് കോടതിയിലെത്തുന്ന നന്ദിനിക്കു മുന്നിലെത്തുന്നത് താന്‍ മകനെ പോലെ സ്‌നേഹിച്ച ഒരാളുടെ കേസ്. ആത്മസംഘര്‍ഷങ്ങളെ മറികടന്ന് മുന്നോട്ടു പോകുകയാണ് നന്ദിനി അവിടെയും.

പ്രതിസന്ധികള്‍ക്ക് മുന്നില്‍ പതറാതെ സധൈര്യം മുന്നേറണമെന്ന കരുത്തുറ്റ സന്ദേശമാണ് നന്ദിനി പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ധൈര്യവതിയായ, ഏതൊരു സ്ത്രീക്കു പ്രചോദനം നല്‍കുന്ന നന്ദിനി എന്ന കഥാപാത്രം മീനയുടെ കൈകളില്‍ ഭദ്രമായിരുന്നു. കോളേജി വിദ്യാര്‍ത്ഥിനിയുടെ പ്രസരിപ്പോടെ എത്തിയ മീന നന്ദിയായി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മലയാള സിനിമയില്‍ ഇനിയുമേറെ കാലം നായികയായി തിളങ്ങാനുള്ള ചെറുപ്പം തനിക്കുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു മീനയുടെ പ്രകടനം. ആദിത്യനായി എത്തുന്നത് ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന റോഷന്‍ അബ്ദുല്‍ റഹൂഫ് ആണ്. റബേക്കയായി എത്തുന്ന ശിഖ സന്തോഷ്, മനോജ് കെ.ജയന്‍, ജാഫര്‍ ഇടുക്കി എന്നിവരും മികച്ച അഭിനയം കാഴ്ച വച്ചു. സുധീര്‍ കരമന, സിദ്ധാര്‍ത്ഥ് ശിവ, മാലാ പാര്‍വതി, സിബി തോമസ്, രാജേഷ് അഴിക്കോടന്‍, സജ്‌ന സാജന്‍, നിഖില്‍ സഹപാലന്‍, മീര നായര്‍, അഭിഷേക് ഉദയകുമാര്‍, ഗംഗ മീര, കുട്ടി അഖില്‍, ആര്‍.ജെ അഞ്ജലി, വൃദ്ധി വിശാല്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

ഷാന്‍ റഹമാന്‍, ആല്‍ബര്‍ട്ട് വിജയന്‍, ജാക്‌സണ്‍ വിജയന്‍ എന്നിവര്‍ ഈണം നല്‍കിയ ഏഴു ഗാനങ്ങളും മനോഹരമാണ്. സ്ത്രീയുടെ മുന്നേറ്റത്തിന് ആഹ്വാനം നല്‍കുന്ന ചിത്രം ഈ കാലഘട്ടത്തിന് തികച്ചും അനുയോജ്യമായ സന്ദേശമാണ് നല്‍കുന്നത്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക