Image

പോറ്റമ്മ ( കവിത : ഹേന പ്രസാദ് )

Published on 13 March, 2024
പോറ്റമ്മ ( കവിത : ഹേന പ്രസാദ് )

ജന്മം കൊടുത്തതാം
കുഞ്ഞിന്റെ നാവിനായ്
തെല്ലും മുലപ്പാൽ
ചുരത്താത്ത നോവുമായ്
പാരം തളർന്നു
വരുന്നുണ്ടു പെണ്ണവൾ
പാവം കറവ
നിലച്ചതാം ഗോവുപോൽ
ജോലിയ്ക്കു പോയി
മടങ്ങുകയാണിതാ
കൂലിയ്ക്കു
മാതൃത്വമൊന്നു ത്യജിച്ചവൾ
ദാരിദ്ര്യമൊന്നതി
ജീവിക്കുവാനവൾ
മാതൃത്വമിന്നു
വിലപേശി വിറ്റുപോൽ
വേലയ്ക്കവൾ പോയിടും
വീട്ടിലുണ്ടു നൽ
ഓമൽക്കിടാവും
അവൻറെ പെറ്റമ്മയും.
പെറ്റമ്മയെന്നു
വിളിയ്ക്കുവാനാകുമോ
മുറ്റുന്ന സ്വാർത്ഥത
തൻ സ്വരൂപത്തിനെ?
സമ്പന്നയാം
യജമാന വനിതയാൾ
ഭംഗപ്പെടുത്തുമോ തൻ
അംഗഭംഗികൾ?
വേണമവർക്കു
പകരത്തിനായൊരു
പോറ്റമ്മയെ പാൽ
ചുരത്തുവാൻ കുഞ്ഞിനായ്
വേലയ്ക്കു പോകുന്നതുണ്ടവളീ വിധം
കൂലിയ്ക്കു മാതൃത്വ
മൂറ്റിക്കൊടുക്കുവാൻ
കൃത്യമായ്
നിത്യമവൾക്കായ്
നിരന്നിടും
പോഷകമൂല്യം
നിറഞ്ഞതാം ഭോജനം.
സമ്പന്നത തൻ
നടുവിൽ പിറന്നതാം
ഉണ്ണിയ്ക്കു വേണ്ടയോ
സമ്പൂർണ്ണ ഭോജ്യവും.
ഗദ്ഗദകണ്ഠയാം
അമ്മയ്ക്കിറങ്ങുമോ
കണ്ഠനാളത്തിൽ
കുടുങ്ങിടും ഭോജനം?
പോറ്റമ്മയല്ല
പെറ്റമ്മയുമാണവൾ
ഓർക്കണം ആ മാതൃ
മാനസനോവു നാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക