യുവതാരങ്ങളായ നസ്ലിൻ ഗഫൂറും മമിത ബൈജുവും ഒന്നിച്ച ചിത്രമാണ് പ്രേമലു. കേരളത്തില്‍ ഇപ്പോഴും ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
പ്രേമലുവിന്റെ തെലുങ്ക് പതിപ്പും വൻ വിജയമായിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് പതിപ്പ് റിലീസിനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇത് രണ്ടാം തവണയാണ് പ്രേമലു തമിഴ്നാട്ടില്‍ റിലീസ് ചെയ്യുന്നത്.
ഫെബ്രുവരി ആദ്യവാരമായിരുന്നു പ്രേമലു തിയേറ്ററുകളില്‍ എത്തിയത്. ഈ സമയത്ത് തന്നെ ചിത്രം തമിഴ് നാട്ടിലും റിലീസ് ചെയ്തിരുന്നു. എന്നാല്‍ പിന്നാലെ എത്തിയ മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ ഹിറ്റായതോടെ പ്രേമലു പിൻവാങ്ങുകയായിരുന്നു. ആന്ധ്രാപ്രദേശിലും, തെലങ്കാനയിലും ലഭിച്ച സ്വീകാര്യതയാണ് തമിഴ് ഡബ്ബിംഗിന്റെ പ്രചോദനം. തമിഴ്നാട്ടില്‍ വൈഡ് റിലീസിന് ഒരുങ്ങുകയാണ് ചിത്രം.
ചിത്രത്തിന്റെ തമിഴ് ട്രെയിലറും പുറത്തിറക്കി കഴിഞ്ഞു. സെൻസറിംഗ് സർട്ടിഫിക്കറ്റും ലഭിച്ചു. റെഡ് ജൈന്റിനാണ് ചിത്രത്തിന്റെ വിതരണാവകാശം. മാർച്ച് 15 ന് പ്രേമലു തമിഴ് ഡബ്ബിംഗ് തിയേറ്ററുകളിലെത്തും.