Image

അപരിചിതം ( കഥ : രമണി അമ്മാൾ )

Published on 14 March, 2024
അപരിചിതം ( കഥ : രമണി അമ്മാൾ )

ദൂരെ ..ദൂരെ അപരിചിതമായ
ഒരിടത്തിലേക്ക്
തികച്ചും അപരിചിതരെപ്പോലെ രണ്ടുപേർ
KSRTC സൂപ്പർ ഫാസ്റ്റിന്റെ ഏറ്റവും മുന്നിലും ഏറ്റവും പിന്നിലുമായി ഇരിപ്പുറപ്പിച്ചു. ടിക്കറ്റെടുത്തതും അവനവൻ തന്നെ.
ലക്ഷ്യമെത്തുന്നതുവരെ അറിയാവുന്നവരാരും
മുന്നിൽവന്നുപെടാതിരുന്നെങ്കിൽ..
ഒരുപാട് ആലോചനകൾക്കുശേഷമെടുത്ത തീരുമാനമാണെങ്കിലും ഇടനെഞ്ചിൽ 
ഭാരം കയറ്റിവച്ചതുപോലെ..!

മൂടൽമഞ്ഞു പുതച്ചുറങ്ങുന്ന നീണ്ട മലനിരകൾ.. 
സാമാന്യം സ്പീഡിലാണു ബസ്സ്.. 
ജില്ലാ ഹെഡ്ക്വാർട്ടേഴ്സിൽ ജോലിചെയ്യുന്നതുകൊണ്ട് സ്ഥലനാമങ്ങൾ പരിചിതമെങ്കിലും  ഈ വഴിക്ക്   ഒരിക്കൽപോലും യാത്രചെയ്യേണ്ടിവന്നിട്ടില്ല.
മലമ്പ്രദേശമാണ്....
കുടിയേറ്റഗ്രാമമാണ്.
ഇരുവശങ്ങളിലും താഴ്ചയിലും ഉയർച്ചയിലും മേഘം മുട്ടിയുരുമ്മുന്ന റബർമരങ്ങളുടെ പച്ചപ്പാണ്.

വെറും രണ്ടുദിവസങ്ങൾ മാത്രം ആയുസ്സുളള വൈവാഹിക ജീവിതം..
തുടക്കംകുറിക്കാനൊരു യാത്ര.. പിന്നെ ആ ഓർമ്മകളിൽ ഒറ്റതിരിഞ്ഞ് ജീവിതാവസാനം വരെ.. 
ആരുടേയും അനുമതിവാങ്ങാതെ,
ഹിന്ദുവും ക്രിസ്ത്യാനിയുമാവാതെ..പള്ളിയുടേയും പാട്ടക്കാരുടേയും അനുമതി വാങ്ങാതെ...!

സന്തോഷ് മാത്യു,
കൊല്ലത്തെ പേരുകേട്ട ക്രിസ്ത്യൻ ഫാമിലിയിലെ അംഗം.
പള്ളി വികാരിയുടെ ഏക മകൻ..
മെത്രാന്മാരും ഒക്കെയുളള  കുടുംബം..
എന്നിട്ടും..
ഇടതു വിപ്ളവവീര്യം സിരകളിൽ..
പുരോഗമനവാദി. വായനയും, എഴുത്തും, വരകളും ഹോബി.. സംഗീതമാണ് മനസ്സുനിറയെ. 
നന്നായി പഠിച്ചു നേടിയ ജോലി..

തരക്കേടില്ലാത്ത  ജോലിയും, ഭാരിച്ച കുടുംബ പ്രാരാബ്ദ്ധങ്ങളും
മാത്രം കൈമുതലായുളള  ഒരുവളോട് സന്തോഷിനു കലശലായ പ്രണയം. 
പ്രണയസാക്ഷാത്ക്കാരം വിവാഹത്തിലൂടെ,
ജന്മംതന്നവരോടുളള നന്ദികേടാവും..
ധർമ്മസങ്കടത്തിൽ ഉഴറുമ്പോൾ,
"വിവാഹംകൊണ്ട്
ഒന്നിക്കാതെയും ജീവിതാവസാനംവരെ പ്രണയിച്ചു ജീവിക്കാം..." 

സന്തോഷിന്റെ വിരലിലണിയാൻ, പേരിന്റെ ആദ്യാക്ഷരം കൊത്തിയ മോതിരം  വാനിറ്റിബാഗിന്റെ ചെറിയ കളളിയിൽ ഭദ്രം.. 
കഴുത്തിലൊരു താലികെട്ടി, മോതിരം കൈമാറി  ഒന്നാവാൻ പോകുന്നവർ..
ഇടത്താവളമെത്തി.. "പത്തുമിനിറ്റുണ്ട്..
ആർക്കെങ്കിലും ചായയോ കാപ്പിയോ കുടിക്കണമെങ്കിലാവാം.." ഡ്രൈവറും കണ്ടക്ടറും ഇറങ്ങി.. തെരുവോരത്തെ ചെറിയ ചായക്കടയുടെ ചില്ലലമാരയിൽ നാടൻ പലഹാരങ്ങൾ..
സന്തോഷ്  ബസ്സിൽനിന്നിറങ്ങുകയാണ്.
ഇറങ്ങിയാലോ...
വേണ്ട.....ഹെഡോഫീസിന്റെ
പരിധിയിൽപ്പടുന്ന സ്ഥലമാണ്. ഓഫീസിൽവച്ചെങ്ങാനും രണ്ടുപേരേയും
കണ്ടിട്ടുളളവർ
നേരെ വന്നുപെട്ടാൽ...!
ഒരേ സെക്ഷനിൽ  അടുത്തടുത്ത സീറ്റിലിരുന്നു ജോലിചെയ്യുന്ന ആണും പെണ്ണും....ഇവിടെ..? വാർത്ത ഈ നിമിഷം അങ്ങെത്തും.. സ്വപ്നങ്ങൾ വടികുത്തിപ്പിരിയും..
നേരിടാനുളള ധൈര്യമില്ല..

താഴ്വാരത്തിന്റെ ഉയർന്ന പ്രതലത്തിലൂടെ വളഞ്ഞും പുളഞ്ഞും ഇഴഞ്ഞു കയറുന്ന വീതികുറഞ്ഞ റോഡ്......
മഞ്ഞുമല വെയിലു കായാൻ താഴേക്ക് സാവധാനം ഇറങ്ങി വരുകയാണോ..!
റോഡിനു താഴെ  മരങ്ങൾക്കും കുറ്റിക്കാടിനുമിടയിൽ
ഒറ്റപ്പെട്ട കൊച്ചുകൊച്ചു വീടുകൾ.. മേൽക്കൂരകളിൽ
പടർന്നുകയറിക്കിടക്കുന്ന
വയലറ്റുപൂക്കളുളള  വളളിച്ചെടികൾ..
താഴേക്കുനോക്കാൻ പേടിയാവുന്നു..
"വിശക്കുന്നുണ്ടോ"
സന്തോഷിന്റെ മെസേജ്..
"മൂന്നരയാകുമ്പോൾ എത്തും.."
ഹോളിഡേ-ഇൻ ഹോട്ടലിൽ
റൂമ് ബുക്കു
ചെയ്തിട്ടുണ്ടായിരുന്നു.
സന്തോഷ് മാത്യു  & ഫാമിലി..
സീസൺ അല്ലാത്തതുകൊണ്ടാവും...ടൂറിസ്റ്റു കേന്ദ്രമായിരുന്നിട്ടു
കൂടി ഒട്ടും തിരക്കില്ല....
ഒറ്റതിരിഞ്ഞ്  അലഞ്ഞു നടക്കുന്ന കഴുതകൾ.. അരയിൽ 
ചരടില്ലാതെ ഓടിനടക്കുന്ന കുസൃതിക്കുരുന്നുകളേപ്പോലെ
സ്വൈരവിഹാരം നടത്തുന്ന
നാല്ക്കാലികൾ..

മെയിൻ സ്റ്റേഷനു മുമ്പുളള സ്റ്റോപ്പിൽ ഇറങ്ങിയില്ലെങ്കിൽ
കുറച്ചുദൂരം പിന്നോട്ടു നടക്കണ്ടിവരും.... ബ്രീഫ്കേയ്സുരുട്ടി സന്തോഷ് വാതിലിനടുത്തെത്തി..തൊട്ടു പിന്നിൽ മറ്റൊരു ബസ്സ്, അതും KSRTC....ചങ്കിടിപ്പ് കൂടുകയാണ്..
വലതു വശത്ത് ഉയരത്തിൽ
ഹോട്ടലിന്റെ പേരെഴുതിയ വലിയ ബോർഡ്. മുകളിലേക്കു നടന്നു കയറണം..
പൊളളുന്ന ചൂട് പടിഞ്ഞാറുനിന്നും മുഖത്തേക്കുതന്നെ...
തിരിച്ചുപോക്കിലും ആറിത്തണുക്കാത്ത സൂര്യകോപം..
സാരിത്തുമ്പെടുത്ത് തലവഴിമൂടി.. 
മുകളിലേക്കു കയറിപ്പോകുന്നവരെ
താഴെ റോഡിൽ നിന്നാൽ വ്യക്തമായി കാണാം..!

ഓഫീസിൽ ഓഡിറ്റു നടക്കുന്നു,
ഈ മാസം വീട്ടിൽ വരാൻ കഴിയില്ലെന്ന് അമ്മയോട്  പറഞ്ഞു..
വെള്ളിയാഴ്ച ലീവെടുത്തു, രണ്ടാം ശനിയും ഞായറുംചേർത്ത് 
മൂന്നു ദിവസങ്ങൾ..
സന്തോഷ് 
ഒരു വലിയ ബ്രീഫ്കെയ്സ്..രണ്ടു
രാത്രികളും ഒരു പകലുമുണ്ട്..  ഫാമിലിയായിട്ടു സുഖവാസ കേന്ദ്രത്തിൽ താമസിക്കാൻ 
അത്രയും വേണ്ടേ...!
കമിതാക്കളല്ല.. ഭാര്യാഭർത്താക്കന്മാരാണ്...അങ്ങനെയേ ആരും ധരിക്കാവൂ... 

റൂമിന്റെ കീയും വാങ്ങി ലിഫ്റ്റിലേക്കു കയറുമ്പോൾ,
"ഞങ്ങളിങ്ങനെ എത്രപേരെ കണ്ടിരിക്കുന്നു" എന്ന ഭാവം.. ഗൂഢസ്മിതം...റിസപ്ഷനിൽ ഇരിക്കുന്നവർക്ക്..

മനസ്സിൽ  പറഞ്ഞുകൊണ്ടിരുന്നു, വിശ്വസിപ്പി
ച്ചുകൊണ്ടിരുന്നു,  ഇതെന്റെ ഇണയാണ്, തുണയാണ്.. ഈ ജന്മത്തിൽ മറ്റൊരു പുരുഷൻ ജീവിതത്തിലേക്ക് കടന്നുവരില്ല.. 
ഇന്ന് പ്രകൃതിയെ സാക്ഷിനിർത്തി ഞങ്ങൾ വിവാഹിതരാവും..
ആരെയും ബോധിപ്പിക്കാനല്ല..
എന്നെന്നും സ്വന്തമെന്ന് അവനവനെത്തന്നെ വിശ്വസിപ്പിക്കാൻ..
യാത്രയുടെ ക്ഷീണമുണ്ട്.. ടെൻഷനുമുണ്ട്....
ഡ്രസ്സുപോലും
മാറാതെ കട്ടിലിലേക്കു ചാഞ്ഞതും 
കാളിംഗ്ബെൽ
ശബ്ദിച്ചതും ഒരുമിച്ച്.... 
സന്തോഷ് ഡോറിന്റ ഒരുപാളി പതുക്കെ തുറന്നു..
"സാർ എന്തെങ്കിലും ആവശ്യം..." "ഇപ്പോഴില്ല...വിളിച്ചു പറഞ്ഞോളാം.."
ഹോട്ടൽ ബോയിയുടെ അകത്തേക്കു നീളുന്ന നോട്ടം.. 
"കുളിച്ചു ഫ്രഷായിട്ടുവരൂ..
ആ ചടങ്ങുകൂടിയങ്ങു കഴിച്ചേക്കാം..."
കഴുത്തിൽ കിടന്ന ചെയിനൂരി, കൊളുത്തിൽ താലി കൊരുത്ത് കഴുത്തിലണിയിച്ചു..
പരസ്പരം മോതിരവും.. 
"താലികെട്ടിയെന്നും
പറഞ്ഞ് കെട്ടിയോനാണെന്ന അവകാശവാദ
വുമായി വീട്ടലേക്കൊന്നും കേറിവന്നേക്കരുതേ പൊന്നേ...." സന്തോഷ്
തമാശപറഞ്ഞതാണെങ്കിലും കണ്ണുനിറഞ്ഞുപോയി.
"പോട്ടെടാ... 
ഒരു വികാരിയുടെ മകനല്ലായിരുന്നെങ്കിൽ, മതവും ജാതിയും ഒന്നും എനിക്കു പ്രശ്നമല്ലായിരുന്നു..
ഇടവകക്കാരുടെ മുന്നിലും കുടുംബക്കാരുടെ മുന്നിലും അച്ചൻ ചെറുതാവേണ്ട.. പക്ഷേ..
എനിക്ക് നിന്നെക്കൂടാതെ
ഒരു ജീവിതമില്ല.."

ഇരുട്ടും തണുപ്പും താഴ്വാരത്തുനിന്നും
പയ്യെപ്പയ്യെ, 
മുകളിലെക്ക് കടന്നുവന്ന് കൂടൊരുക്കം തുടങ്ങി..

രണ്ടുരാത്രികൾക്കും ഒരുപകലിനും ശേഷം
വിടപറയാനിരുന്ന ദാമ്പത്യം 
വല്ലപ്പോഴുമൊക്കെ തമ്മിൽക്കണ്ടും, കാണാതെയും, എവിടെയെങ്കിലും ഒന്നോ രണ്ടോ ദിവസം 
ഏതെങ്കിലും രാച്ചില്ലകളിൽ ചേക്കേറിപ്പാർത്തും ആർക്കുമൊരു സംശയത്തിനിട
നൽകാതെ തുടരാൻ കഴിഞ്ഞു...

സന്തോഷിന്റെ ആകസ്മിക മരണം ഓഫീസിലെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് കണ്ടത്.

ആരോട് എന്ത് പറയണം ചോദിക്കണം എന്നറിയാതെ മനസ്സിന്റെ നിയന്ത്രണം കീഴ്മേൽ മറിഞ്ഞു..

പകലറിയാതെ രാത്രിയറിയാതെ രണ്ടു ദിവസങ്ങൾ .

യൂറോപ്പിൽ പഠിക്കാൻ പോയ മകൾ വരാൻ കാത്ത് സന്തോഷ് മോർച്ചറിക്കുള്ളിൽ..

ഒടുവിൽ, ചേതനയറ്റ ആ ശരീരം അവിശ്വസനീയതയോടെ സഹപ്രവർത്തകരോടൊപ്പം പോയി ഒരുനോക്കു കണ്ടു...
ജീവൻ പറിഞ്ഞുപോകുന്ന വേദനയോടെ..
ഉളളിലൊരു കടലൊളിപ്പിച്ചുവെച്ച്
സാധാരണപോലെ.. 

"ഉത്തരവാദിത്വങ്ങൾ
ഒട്ടൊക്കെ നിറവേറ്റിക്കഴിഞ്ഞില്ലേ.സ്വന്തമായി ഒരു ജീവിതം..   മറന്നുപോകരുത്.."

കൂട്ടുകാർ, സഹപ്രവർത്തകർ, ഓർമ്മിപ്പിക്കുന്നുണ്ട്...

താനൊരു വിധവയാണെന്ന സത്യം അവർക്കറിയില്ലല്ലോ...
സന്തോഷ് മാത്യുവിന്റെ
വിധവ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക