Image

കൂട് (കവിത: സുഭദ്ര സതീശന്‍)

Published on 14 March, 2024
കൂട് (കവിത: സുഭദ്ര സതീശന്‍)

വെറ്റക്കറയോലും ചിരിയുമായിട്ടതാ
മുറ്റത്തുനിക്കുന്നൂ മൂത്താശാരി.
എന്തിനാണേതിനാണിപ്പൊഴീവരവെന്നു
കൗതുകംകൂറുന്നു കല്യാണിപ്പൂവുകൾ.
കെട്ടിവളയ്ക്കാതെ കാര്യം പറയട്ടെ..
കൂടൊന്നു പണിയേണം,കുറ്റമറ്റിരിക്കേണം.
ഉമ്മറത്തിണ്ണയിൽത്തൂക്കിയിടാനല്ല,
ഉള്ളിൽപ്പറന്നുനടക്കാനിടംവേണ്ട,
എത്ര ചിറകിട്ടടിച്ചാലുമിളകാത്ത-
പ്പൊൻകാതലിൽത്തീർത്ത കൂടായിരിക്കണം.
നീളവും വട്ടവും നിശ്ചയിച്ചോളുക
നിന്നുതിരിയാനൊരൽപ്പമിടം മതി.
കൊഞ്ചുംകിളിക്കല്ല,പാടും മാടത്തയ്ക്കല്ല
വാക്കുംകൊറിച്ചെൻെറ വരുതിയിൽനിൽക്കാതെ,
വിളിച്ചാൽത്തിരിഞ്ഞൊന്നു നോക്കുവാൻ കൂട്ടാക്കാതെ,
തോന്നിയമട്ടിൽച്ചിലച്ചും ചിലമ്പിയും
ഒരിടത്തിരിക്കാതെയുൻമാദംപിടിച്ചപോൽ
ഉഴറിനടക്കുമെൻ ചിത്തമാം കിളിക്കാണ്..

Join WhatsApp News
Sudhir Panikkaveetil 2024-03-14 11:50:41
മനസ്സ് ചഞ്ചലനായ ഒരു പക്ഷിയാണെന്നു ഗാന്ധി അഭിപ്രായപ്പെട്ടിട്ടുണ്ട് അമേരിക്കൻ മലയാള കവി ശ്രീ നമ്പിമഠവും നിസ്വനായ പക്ഷിയെന്ന അദ്ദേഹത്തിന്റെ കവയ്‌പുസ്തകത്തിൽ മനസ്സിനെ പലതരം പക്ഷികളായി പറയുന്ന കൂട്ടത്തിൽ പ്രസ്തുത അഭിപ്രായം പറയുന്നുണ്ട്. ഈ കവിത കൊള്ളാം. മനസ്സെന്ന കിളിക്ക് ഒരു കൂട് ഉണ്ടാക്കാൻ മൂത്താശാരിയെ വിളിക്കുന്ന ശ്രീമതി സുഭദ്ര സതീശൻ. കിളിയെ കൂട്ടിനകത്താക്കാൻ ശ്രീമതി സതീശൻ പാട് പെടേണ്ടിവരും. പാട്ടു പാടേണ്ടി വരുമെന്നും പറയാം. നല്ല ആശയം, ലളിതമായ ഭാഷ. കാക്കാലത്തികളെപോലെ എല്ലാവരും ചുറ്റിലും ഒരു കിളിക്കൂട് ചുമന്നു നടക്കുന്നുണ്ട് .ചിലരുടെ കിളി ചാടിപ്പോയി അവർ അതിനെ അന്വേഷിക്കുകയാണ്. അഭിനന്ദനം ശ്രീമതി സതീശൻ. കിളിയെ സൂക്ഷിച്ച് കൂട്ടിൽ കയറ്റുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക