Image

നിർവ്വചനം (ചെറുകഥ: എം ജി വിനയചന്ദ്രൻ)

Published on 14 March, 2024
നിർവ്വചനം (ചെറുകഥ: എം ജി വിനയചന്ദ്രൻ)

ഡിസംബർ മാസത്തിലെ തണുപ്പുള്ള ഒരു രാതി.
മുറ്റത്ത് പുൽക്കൂടൊരുക്കി, നക്ഷത്ര ദീപങ്ങൾ തെളിയിച്ച ആ വീട്ടിനുള്ളിൽ, തീൻ മേശക്കരുകിൽ ഇരിക്കുന്ന കുടുംബത്തിലെ, ലിയോണിനോട്
" ചോദിക്ക്" എന്ന മട്ടിൽ ആഗ്യം കാണിക്കുന്ന ഭാര്യ ലിസ.
മേശയുടെ എതിർ വശമിരുന്ന് അത്താഴം കഴിക്കുന്ന വിരമിച്ച അദ്ധ്യാപികയായ അമ്മയുടെ ഗൗരവം നിറഞ്ഞ മുഖത്തേക്ക് ലിയോൺ സൂക്ഷിച്ച് നോക്കി.
കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി ലിസയുടെ സാന്നിദ്ധ്യം ഉള്ളിടത്ത് അമ്മയുടെ ഭാവം ഇങ്ങനെയാണ്. എങ്കിലും അമ്മയെ പരിചരിക്കുന്നതിൽ ലിസ വിഴ്ച വരുത്തിയിട്ടില്ല.
അവളുടെ നിർബന്ധബുദ്ധിയാണല്ലോ, അമ്മയുടെ അരുമ മകനെ അവരിൽ നിന്നകറ്റിയത്.
അത് അനിവാര്യമായിരുന്നെങ്കിലും.
"ഇപ്പോൾ വേണോ" എന്ന് ലിയോൺ ആഗ്യഭാഷയിൽ തന്നെ പ്രതിവചിച്ചു.
" വേണം '' ലിസ മുഖപേശികളുടെ ദ്രുതചലനം കൊണ്ട് അതുറപ്പിച്ചു.
കുനിഞ്ഞിരുന്ന് കഴിക്കുമ്പോഴും,
മകന്റെയും, മരുമകളുടേയും ചേഷ്ടകൾ ശ്രദ്ധിച്ചിരുന്ന അമ്മ, അടുത്തിരിക്കുന്ന അഞ്ച് വയസുകാരൻ ചെറുമകനെ കണ്ണടക്കിടയിലൂടെ നോക്കി, അവരുടെ അടുത്ത നീക്കത്തിനായി കാതോർത്തിരുന്നു.
" അമ്മാ, ക്രിസ്തുമസ്സിന് ലിജോയെ കൊണ്ടു വരണോ?"
അല്പം സങ്കോചത്തോടെയാണെങ്കിലും ശാന്തമായി ലിയോൺ ചോദിച്ചു.
"അതെന്താ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം"
അമ്മയുടെ സ്വരത്തിലെ കാഠിന്യം തിരിച്ചറിഞ്ഞ അയാൾ നിശബ്ദനായി. അത് ശ്രദ്ധിച്ച ലിസയാണ് മറുപടി പറഞ്ഞത്
" അത്... അമ്മച്ചി കഴിഞ്ഞ പ്രാവശ്യം കൊണ്ടുവന്നപ്പോൾ അവൻ.....
പെട്ടെന്നായിരുന്നു അമ്മയുടെ എതിർ ചോദ്യം, ഭക്ഷണം കഴിക്കുന്നത് നിർത്തി,  രണ്ടു പേരുടേയും മുഖത്തേക്ക് നോക്കി, ക്ഷോഭത്തോടെ
" അതുകൊണ്ട് അവനെന്റെ മകനല്ലാതാകുമോ"
ലിസ തുടരാൻ ശ്രമിച്ചെങ്കിലും, അമ്മയുടെ ഭാവമാറ്റംശ്രദ്ധിച്ച ലിയോൺ അവളെ തടഞ്ഞു.
നിരാശ നിഴലിച്ച മുഖഭാവത്തോടെ ലിസ മിണ്ടാതിരുന്നു.
മകൻ അമ്മയെ ആശ്വസിപ്പിച്ചു.
" അമ്മ കഴിക്ക്, അവനെ ഞാൻ പോയി കൊണ്ട് വരാം, കഴിക്ക്, മരുന്നുള്ളതല്ലേ"
ഗൗരവം വിടാതെ അമ്മ സംശയം പ്രകടിപ്പിച്ചു
" അവൾ സമ്മതിച്ചോ"
അമ്മയെ ക്ഷുഭിതയാക്കരുതെന്ന അപേക്ഷാ ഭാവത്തിൽ ലിയോൺ ലിസയെ നോക്കി.
" അമ്മ കഴിക്ക്, ലിജോയെ കൊണ്ട് വരാം"
സമ്മതം നടിച്ചു കൊണ്ട് ലിസ പറഞ്ഞത് കേട്ടിരുന്നഅമ്മ അവിശ്വാസത്തിന്റെ ദൃഷ്ടികൊണ്ട് രണ്ട് പേരെയും മാറി മാറി നോക്കി.
അത്താഴം കഴിച്ച് അമ്മ മുറിയിലേക്ക് പോയി.
പരിഭവത്തിന്റെ രാത്രികളിൽ അമ്മ പതിവ് തെറ്റിക്കുമെന്നയാൾക്കറിയാം, മരുന്നെടുത്ത് കൊടുക്കാൻ കാത്ത് നിൽക്കില്ല, പെട്ടെന്ന് കതകടച്ച് കിടക്കും.അമ്മക്ക് പിറകെ മുറിയിലെത്തിയ ലിയോൺ അമ്മയെ ഒരിക്കൽ കൂടി ആശ്വസിപ്പിച്ച്, മരുന്ന് നൽകി.
അമ്മയുടെ മനസ്സ് ശാന്തമായോ?
പുറത്തേക്കിറങ്ങിയ മകനെ അമ്മ തിരികെ വിളിച്ചു, അലമാരയിൽ നിന്നെടുത്തെ  ചെക്കിന്റെ താൾ നീട്ടി പറഞ്ഞു
" നീ നാളെ ആഫിസിൽ പോകുമ്പോൾ എന്റെ പെൻഷൻകൂടി വാങ്ങി കൊണ്ട് പോരെ "
ചെക്ക് വാങ്ങുമ്പോൾ അമ്മയുടെ ചുളിവുകൾ വീണ നേർത്ത വിരലുകൾ വിറക്കുന്നത് അയാൾ ശ്രദ്ധിച്ചു. ലിയോൺ അമ്മയുടെ മുഖത്തേക്ക് നോക്കി.
ആകണ്ണുകൾ നനഞ്ഞ് നിറയുന്നത് അയാൾ കണ്ടു.
"അമ്മേ"
അയാൾ അമ്മയെ ചേർത്ത് പിടിച്ച് കിടക്കയിലിരുത്തി.
"മോനെ, എനിക്ക് ലിജോയെ കാണണം, എന്റെ മോനെ കാണണം"
അമ്മയുടെ ശബ്ദം ഇടറി, ഇടനെഞ്ചിൽ വാക്കുകൾ കുരുങ്ങി കുറുകുന്നത് അയാൾ തൊട്ടറിഞ്ഞു.
ലിയോൺ അമ്മയെ സാന്ത്വനത്തിന്റെ വാക്കുകൾ കൊണ്ട് തലോടി.
"അമ്മ കിടന്നോളൂ, ഞാൻ നാളെ അവധിയെടുക്കാം, അവനെ കൊണ്ട് വരാം "
അമ്മ ആശ്വാസത്തോടെ കിടന്നു.
അമ്മയുടെ നിശ്വാസത്തിന്റെ ചൂടേറ്റ ലിയോൺ നൊമ്പരം നിറഞ്ഞ മനസ്സുമായി, വാതിൽചാരി പുറത്തിറങ്ങി.
കിടപ്പ് മുറിയിലേക്ക് അയാൾ പോയില്ല. ഒരു പരാജിതയുടെ കലുഷമായ മുഖവും മനസ്സുമായിരിക്കുന്ന ലിസയുടെ വാക്കുകൾ, ഈ മാനസ്സികാവസ്ഥയിൽ തന്നെ പ്രകോപിതനാക്കുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു.
സ്വീകരണ മുറിയിലേക്ക് വന്ന ലിയോൺ സോഫയിൽ തല ചാരി ഇരുന്നു. തന്റെ ഓർമ്മയിൽ അമ്മ ആദ്യമായാണ് ലിജോയെക്കുറിച്ചുള്ളചിന്തയിൽ
ഇത്രയും വികാരാധീനയാകുന്നത്.
അവൻ അമ്മയുടെ ഉള്ളിലെ ശമിക്കാത്ത നീറ്റലാണ്.
അമ്മയുടെ  മക്കളിൽ മൂന്നാമൻ, അമ്മയുടെ അരുമയായ 
ലിജോ വാലന്റൈൻ ഫെർണാഡസ്.  തന്റെകുഞ്ഞനുജൻ.
സ്കൂൾ പഠനകാലത്ത് അതിസമർത്ഥനായ വിദ്യാർത്ഥി, പാഠ്യയിതരവിഷയങ്ങളിലും പ്രതിഭാശാലി, പ്രത്യേകിച്ച് പ്രസംഗകലയിൽ. വീട്ടിലും നാട്ടിലും പ്രിയപ്പെട്ടവൻ. ഏതൊക്കയോ ഉയരങ്ങളിൽ എത്തുമെന്ന് തങ്ങൾ വല്ലാതെ മോഹിച്ചിരുന്നു ആ നാളുകളിൽ.
ഒരഭിഭാഷകനാകുക എന്ന ആഗ്രഹവുമായിട്ടാണ് അവൻ ലോ കോളജിൽ ചേർന്നത്. ഹോസ്റ്റലിൽ ആയിരുന്നു താമസം. കലാലയത്തിലും അവൻ ശ്രദ്ധിക്കപ്പെട്ടു. അവൻ അംഗമായ വിദ്യാർത്ഥി സംഘടനയുടെ മുൻനിരപ്രചാരകനും,പ്രസംഗകനുമായി അവൻ അംഗീകരിക്കപ്പെട്ടു.
ആദ്യ വർഷം വേനലവധിക്ക് വീട്ടിലെത്തിയ അവന്റെ പെരുമാറ്റത്തിൽ അസ്വാഭാവികമായി ഒന്നും കാണാൻ കഴിഞ്ഞില്ല. സിനിമ കാണാനും, അമ്പല മൈതാനത്ത് കളിക്കുന്നതിനും അവൻ തനിക്കൊപ്പം കൂടിയിരുന്നു. പള്ളിയിൽ പോകുന്നതിലും, ഉച്ച നേരത്ത് അമ്മച്ചിയുടെ മടിയിൽ തലവച്ചുമയങ്ങുന്നതിലും മാറ്റമുണ്ടായില്ല. അവനെ അവനായി തന്നെ കാണാൻ കഴിഞ്ഞു.
അവധി കഴിഞ്ഞ്കോളജിലേക്ക് തിരികെ പോയതും ഉത്സാഹത്തോടെയാണ്.
ദിശ തെറ്റാതെ തെളിനീരായി ഒഴുകിയ പുഴയിൽ എപ്പോഴാണ് കല്ലേറ് വീണത്, പിന്നെ മടവീഴും പോല കലങ്ങിമറിഞ്ഞത്.
രണ്ടാം വർഷം ഓണാവധിക്ക് ലിജോ വീട്ടിൽ എത്തിയില്ല. പപ്പയുടെ ചോദ്യത്തേ യുക്തിഭദ്രമായ മറുപടി കൊണ്ട് അവൻ മറികടന്നു. സംശയത്തിന്റെ നിഴൽ പോലും വീഴ്ത്താതെ.
വേനലവധിക്കും എത്താതിരുന്നതിനാൽ വിവരം അന്വേഷിച്ച് പുറപ്പെടാൻ ഒരുങ്ങിയ പപ്പയെ തേടി അവിടെ നിന്നും ഫോൺ സന്ദേശമെത്തി. മുറിയിൽ ബോധരഹിതനായി കിടന്ന ലിജോയെ ആശു പതിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു.
ആശുപത്രിയിലെ പരിഭ്രാന്തിയും ഉത്കണ്ഠയും നിറഞ്ഞ നിമിഷങ്ങൾ.
 ഡോക്ടറുടെ വാക്കുകൾ പപ്പയുടേയും അമ്മയുടെയും കാതുകളിൽ ഇടിത്തീയായിവന്നുവീണു.
മകൻ മയക്ക്മരുന്നിന് അടിപ്പെട്ടു എന്നറിഞ്ഞ പപ്പ "എന്റെകുഞ്ഞ് കൈ വിട്ട് പോയി" എന്നുറക്കെ വിലപിച്ച് നെഞ്ചിൽകൈയ്യമർത്തി പിറകിലേക്ക് ഇരുന്നു പോയി.
അമ്മ സ്ഥലകാലം മറന്ന് നിലവിളിച്ചു.
ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ലിജോ, മൂകനായി മുറിക്കുള്ളിൽ കതകടച്ചിരുന്നു. മാനസ്സികാരോഗ്യത്തിനു കൂടി ചികിത്സ നൽകുന്ന വിമുക്തി കേന്ദ്രത്തിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്ടർ കർശനമായി നിർദ്ദേശിച്ചിരുന്നു വെങ്കിലും അമ്മയ്ക്ക് അത് സമ്മതമായിരുന്നില്ല.
"എന്റെ മകന് ഒരസുഖവുമില്ല.ഉണ്ടെങ്കിൽ തന്നെ അത് മാറിക്കൊള്ളും,അതിന് അവന്റെ വീടാണ് നല്ലത് "
അമ്മയുടെ വിശ്വാസം അതായിരുന്നു.
ആദ്യ രണ്ടോ മുന്നോ ദിവസങ്ങളിൽ അമ്മയെ അനുസരിച്ച ലിജോ കുറച്ച് ഭക്ഷണം കഴിച്ചു. കുളിച്ച് വസ്ത്രം മാറാൻ തയ്യാറായില്ല.
ലിജോയുടെ അസാധാരണമായ നോട്ടവും ഭാവവും പൂർണ്ണ ഗർഭിണിയായിരുന്ന ലിസയിൽ ഭയം ജനിപ്പിച്ചു. അവൻ അക്രമാസക്തനാകുമെന്ന് അവൾ ബലമായി സംശയിച്ചു. അവനെ വിമുക്‌തി കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് പല ആവർത്തി അമ്മയോട് പറഞ്ഞു വെങ്കിലും ചെവിക്കൊണ്ടില്ല പകരം ശകാരവുംകേട്ടു.
അന്ന് രാത്രിയിൽ അത് സംഭവിച്ചു!
ഭക്ഷണവുമായി ലിജോയുടെ മുറിയിലേക്ക് പോയ അമ്മയുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് താനും ചേട്ടനും ഓടി ചെന്നത്, ഗ്ലാസ് എറിഞ്ഞുടച്ച്, പാത്രം തട്ടിയെറിഞ്ഞ്, അമ്മയുടെ മുടിയിൽ കുത്തിപ്പിടിച്ച്
"എന്നെ തുറന്ന് വിടൂ" എന്നലറുന്ന ലിജോയെ കണ്ട് ഞെട്ടിത്തരിച്ചു പോയി.
അന്നുതന്നെ അവനെ ലഹരിവിമുക്‌തി
കേന്ദ്രത്തിലേക്ക് മാറ്റി.
ആ രാത്രിയിൽ തളർന്ന് വീണ പപ്പ പിന്നീട്അധികനാൾ തങ്ങൾക്കൊപ്പമുണ്ടായില്ല.
സാധാരണ ജീവിതത്തിലെക്കുള്ള തിരിച്ച് വരവ് ദുഷ്ക്കക്കരമാക്കുന്നവണ്ണം അവൻ്റെ മനസ്സികാരോഗ്യം ദുർബലമായിരുന്നു. ഒരു പ്രണയഭംഗത്തിൻ്റെ ഉണങ്ങാത്ത മുറിവും കൗൺസിലിങ്ങിൽ കണ്ടെത്തി.
അവൻ വിമുക്തി കേന്ദ്രത്തിൽ തുടർന്നു.
ലിജോയെ ഈസ്റ്ററിനുംക്രിസ്തുമസ്സിനും മാത്രം വീട്ടിലേക്ക് കൊണ്ട് വന്നു.
അത് അമ്മയുടെ ആഗ്രഹംകൂടി ആയിരുന്നു.
ശാന്തനായി വന്ന് പോയിരുന്ന ലിജോ കഴിഞ്ഞഈസ്റ്ററിനെത്തിയപ്പോൾ
തന്റെമകനുമായി ടിവി റിമോട്ടിനായിവാശി പിടിക്കുകയും പെട്ടെന്ന് പ്രകോപിതനായി അത് എറിഞ്ഞ് പൊട്ടിച്ച് മകനെ ഉപദ്രവിക്കാൻതുനിഞ്ഞപ്പോൾ തടയാൻ ശ്രമിച്ച അമ്മയെ ലിജോ തള്ളി മറിച്ചത് ലിസ സൂചിപ്പിച്ചപോഴാണ് അമ്മക്ക് അമർഷം ഉണ്ടായത്.
അയാൾ ഓർക്കുന്നു, അക്രമത്തിൻ്റെ തലത്തിൽ നിന്നും ലിജോ പെട്ടെന്ന് ശാന്തനായി .അമ്മയെ കെട്ടി പിടിച്ച് കരഞ്ഞു. മടിയിൽ തലവെച്ച് കിടന്നു.അമ്മയുടെ വിരലുകൾ അവൻ്റെ മുടിയിഴകളെ തലോടി. കണ്ണുകൾ മെല്ലെ അടഞ്ഞു.
അടുത്ത ദിവസം തിരികെ പോകുമ്പോൾ, പതിവില്ലാതെ ലിജോ വല്ലാതെ വൈമുഖ്യം കാണിച്ചു.
"അമ്മാ, എന്നെ കൊണ്ടു പോകരുതെന്ന് പറയമ്മ, ഞാൻ പാവമല്ലേ അമ്മാ, ഞാൻ ആരെയും ഒന്നും ചെയ്യില്ല അമ്മ"
കണ്ണുകൾ നിറഞ്ഞൊഴുകി, അവൻ അമ്മയെ ദയനീയമായി നോക്കി. അത് കണ്ട് നിൽക്കാനാകാതെ അമ്മ മുറിയിൽ കയറി കതകടച്ചു. 
ലിജോ നിശബ്ദനായി. 
അനുസരണയുളള കുട്ടിയെപ്പോലെ തനിക്ക് ഒപ്പം കാറിൽ കയറി.
വിമുക്തികേന്ദ്രത്തിലെത്തിയ ലിജോ പതിവിന് വിരുദ്ധമായി കാറിൽ നിന്നിറങ്ങി വേഗത്തിൽ നടന്നു പോയി. ഒന്നും മിണ്ടാതെ, തിരിഞ്ഞ് നോക്കാതെ !അപ്പോൾ അവൻ്റെ മുഖത്ത് നിറഞ്ഞ് നിഴലിച്ചത് പരിഭവമോ? വേദനയോ?
എന്തൊ അയാളുടെ മനസ് വല്ലാതെ അസ്വസ്ഥമാകുന്നു. ഉഷ്ണം മനസ്സിനോ ശരീരത്തിനോ. 
ലിയോൺ പുറത്തേക്കിറങ്ങി. മഴയുടെ നനവുള്ള കാറ്റ്. വർഷമേഘം മൂടിയ ആകാശം. മഴത്തുള്ളി കിലുക്കം.
 മഴ പെയ്തുതുടങ്ങി
ലിയോൺ അമ്മയുടെ മുറിക്കരുകിലേക്ക് നടന്നു. 
ലിജോ അകന്ന്പോയ ശേഷം
അമ്മയ്ക്ക് മഴ ഇഷ്ടമാണ്. ഇടിമിന്നൽ ഭയവും. 
മേളപ്പെരുക്കം പോലെ മഴ പെയ്ത് നിറയുന്നത് അമ്മ നോക്കി നിൽക്കും.
ലിയോൺ അമ്മയുടെ മുറിക്ക് മുന്നിലെത്തി, വാതിൽപ്പാളികൾക്കിടയിലൂടെ നോക്കി. മുറിയിലെ മങ്ങിയ വെളിച്ചത്തിൽ അയാൾ കണ്ടു.
അതെ അമ്മ മഴ കാണുകയാണ് തുറന്നിട്ട ജനാലയിലൂടെ! 
അയാൾ അമ്മയെ തൊട്ടു വിളിച്ചു.
"അമ്മ ഉറങ്ങുന്നില്ലേ "
അമ്മ അത് കേട്ടില്ല! 
പുറത്തേക്ക് നോക്കി നിന്ന അമ്മയുടെ കണ്ണുകൾ ആരയോ പ്രതീക്ഷയോടെ തിരയുന്നതുപോലെ ! 
മഴ നിറഞ്ഞ് പെയ്യുകയാണ്. പെട്ടെന്ന് ഒരു ചെറുമിന്നൽ, അതിൻ്റെവെളിച്ചത്തിലേക്ക് ചൂണ്ടി അമ്മ ചോദിച്ചു
" എൻ്റെ മോൻ, ലിജോ, അവനല്ലെ നനഞ്ഞ് കുതിർന്ന് ഓടി വരുന്നത് "
"അല്ല അമ്മയുടെ തോന്നലാണ്. അവനെ നാളെ തന്നെ കൊണ്ട് വരാം.അമ്മ വന്നുകിടക്കൂ , സമാധാനമായി ഉറങ്ങൂ " 
ലിയോൺ ആശ്വസിപ്പിച്ചു.
മനസ്സോടെ അല്ലെങ്കിലും അമ്മ ജന്നൽ കമ്പിയിനിന്നും‌ പിടി വിട്ടു.  
ഒരു ചെറുശീതക്കാറ്റ്മുറിയിലേക്ക്കടന്നു!
ലിയോൺ ജനാല അടച്ചു. അമ്മയെകിടത്തി..ഒരിക്കൽ കൂടി ആശ്വസിപ്പിച്ചു. 
" ഞാൻ അടുത്തിരിക്കാം അമ്മ ഉറങ്ങിക്കോളൂ"
അയാൾ അമ്മയുടെ ശോഷിച്ച വിരലുകളിൽ തലോടി. 
അമ്മ ഉറങ്ങി.
അയാൾവാതിൽചാരിപുറത്തേക്കിറങ്ങി.  സോഫയിൽ തന്നെ തലചായ്ച്ചിരുന്നു. 
ഉറക്കം വരുന്നില്ല.
ജീവിതം ആകസ്മികത നിറഞ്ഞ  നിർവചിച്ച് തീർക്കാനാകാത്ത സമസ്യയായി അയാൾക്ക് തോന്നി.
അസുഖകരമായ ചിന്തകളുടെ ആഴങ്ങളിൽ എപ്പോഴൊ അയാൾ മയങ്ങി.
ഫോൺ ശബ്ദം അയാളെ ഉണർത്തി.
"വിമുക്തിയിൽ നിന്നാണ്, ബ്രദർ സമാധാനമായി കേൾക്കണം. ലിജോയെ രാത്രിയിൽ മുറിയിൽ നിന്ന് കാണാതായി. ഇവിടെ എല്ലായിടവും ഞങ്ങൾ തിരഞ്ഞു. പിന്നെ പോലീസിൽ പരാതി നൽകി.  വിവരം കിട്ടിയാൽ ഉടൻ അറിയിക്കാം"
സ്വപ്നമോ യാഥാർത്ഥ്യമോ ലിയോൺ ഒരു നിമിഷം പകച്ചു പോയി. 
പിന്നെ ബോദ്ധ്യപ്പെട്ടു.
ലിജോ അവൻ......
അമ്മയോട് എങ്ങനെ പറയും.....
ലിയോൺ അമ്മയുടെ മുറിയിലേക്ക് പതിയെ നടന്നു.
അമ്മ ശാന്തമായി ഉറങ്ങുന്നു!
അയാൾ തിരികെ നടന്നു.
അമ്മയ്ക്കരുകിൽ സമയരഥവുമായി മാലാഖമാർ നിൽക്കുന്നത് അയാൾ കണ്ടില്ല.

Join WhatsApp News
മായ ഗോവിന്ദ് 2024-03-15 00:53:08
അമ്മയും മക്കളും തമ്മിലുള്ള മാനസിക ബന്ധത്തിന്റെ ആഴം ആവിഷ്കരിക്കുന്ന ലളിതമായ കഥ.. വായിച്ചു തീർന്നപ്പോൾ ഉള്ളിലെവിടെയോ ഒരു നീറ്റൽ ബാക്കിയാവുന്നു..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക