Image

യുദ്ധപെരുമഴ-തീമഴ (കവിത) - എ. സി. ജോര്‍ജ്

എ. സി. ജോര്‍ജ് Published on 15 March, 2024
യുദ്ധപെരുമഴ-തീമഴ (കവിത) - എ. സി. ജോര്‍ജ്

തീ തുപ്പും വെന്തുരുകും യുദ്ധപെരുമഴ തീമഴ
യുദ്ധം ചെയ്തവനോ പോരാളി?
മരിച്ചുവീണവന്‍ നിരപരാധി?

മരിച്ചവര്‍ക്കിവിടെ അന്ത്യകൂദാശയില്ല
വായ്ക്കരിയിടാനും പുഷ്പചക്രം
ചാര്‍ത്താനും പൊതിയാനുമാളില്ല.

അവര്‍ക്കുവേണ്ടി കരയാന്‍ പ്രാര്‍ത്ഥിക്കാനാരുമില്ല
ചീഞ്ഞളിഞ്ഞ്  പുഴുവരിക്കാതെ,
ആറടി മണ്ണിലലിഞ്ഞാല്‍ ഭാഗ്യം.

ഒരൊറ്റ സ്ഫോടനത്തില്‍ ആറായിരംപേര്‍
മരിക്കണമെന്നവര്‍ ആഗ്രഹിച്ചത്രേ
കുറ്റവാളിയോ നിരപരാധിയോ
എന്നറിയണമെന്നില്ല,  ചിന്തിക്കാന്‍ നേരമില്ല.
മരിക്കാതെ പോയവര്‍ ഭാഗ്യശാലികളോ?
മുറിവേറ്റ അംഗഹീനര്‍ ജീവചവങ്ങള്‍ നിര്‍ഭാഗ്യര്‍

വീണുപോയവര്‍ മരിച്ചവരുടെ കൈകളില്‍
ആശ്വാസം കണ്ടെത്തുന്നതുപോലെ
ഇരുളില്‍ സ്ഫോടന വെളിച്ചത്തില്‍  
പ്രതീക്ഷ കണ്ടെത്തുന്നതെങ്ങനെ?

തീച്ചൂട് നിറഞ്ഞ ഈ സന്ധ്യയില്‍
ഞാനെന്റെ നഷ്ടലോകത്തിന്റെ
തപ്ത നിശ്വാസങ്ങളെ കോര്‍ക്കാം
അതുകൊണ്ട് കഴിയുമെനിക്കിന്നും
ഏറ്റവും നഷ്ടസ്വപ്നങ്ങളെ വാര്‍ത്തെടുക്കാന്‍

ആയുധപ്പുരകളില്‍ ആണവായുധം
യുദ്ധഭൂമിയില്‍ ആയുധപ്പെരുമഴ തീമഴ
കാലമേ.. കാലമേ.. നീ ചൊല്‍ക
മാനവഹൃദയങ്ങള്‍ ദേവാലയമാകുമോ?

വെടിയൊച്ചയില്‍ ക്ഷേത്ര വാതിലുകളടഞ്ഞു
പള്ളിമുറ്റത്തെ കല്‍ക്കുരിശു ചരിഞ്ഞു
ഒരിക്കലും കണ്ണുതുറക്കാത്ത ദൈവങ്ങളേ,
തോരാത്ത കണ്ണീരിറ്റ് പ്രാര്‍ത്ഥിക്കുന്നവരെ
കാണാത്ത നിങ്ങളല്ലോ  ഭാഗ്യം കിട്ടിയവര്‍

മുറിച്ചു മാറ്റാത്ത കൊട്ടിയടച്ച അതിര്‍ത്തികളും
കെട്ടടങ്ങാത്ത അധികാര പ്രമത്തത പെരുകുന്തോറും
യുദ്ധങ്ങളും തുടര്‍ന്നുകൊണ്ടേ ഇരിക്കും
യുദ്ധത്തിനോടല്ലേ നിരായുധയുദ്ധം വേണ്ടത്
എന്തേ യുദ്ധത്തിനോട് യുദ്ധം ചെയ്യാന്‍
കീശയില്‍ ആയുധമില്ലാതെ പോകുന്നത്?

Join WhatsApp News
Mathai Mettumpuram 2024-03-15 18:53:31
നിരായുധരായ സ്ത്രീകളും കുഞ്ഞു കുട്ടികളും അടങ്ങുന്ന വളരെയധികം ഇന്നസെൻറ് ആയ പതിനായിരങ്ങളെ കൊന്നൊടുക്കുന്ന ഈ യുദ്ധം ഉടൻ അവസാനിപ്പിക്കണം. യുദ്ധത്തിനെതിരായി ലോകരാഷ്ട്രങ്ങൾ പ്രവർത്തിക്കണം. നമ്മുടെയെല്ലാം ഹൃദയം തകരുന്ന ഇത്തരം യുദ്ധങ്ങളെ ഒരുതരത്തിൽ നമുക്ക് ന്യായീകരിക്കാൻ സാധ്യമല്ല. രാഷ്ട്രീയ കക്ഷികളുടെയും, ചില രാഷ്ട്രീയ നേതാക്കളുടെയും അതിരുക കവിഞ്ഞ അധികാര മോഹത്തിന് വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള യുദ്ധങ്ങൾ. ഞാൻ ഒരു പക്ഷവും പിടിക്കുന്നില്ല. യുദ്ധക്കളത്തിൽ മരിച്ചു വീഴുന്ന ഒന്നുമറിയാത്ത ഇന്നസെൻറ് ജീവനുകൾക്ക് വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്. ഇവിടെ ശ്രീ എ സി ജോർജിന്റെ കവിതയിലും കവിതയിലും അത് വളരെയധികം വ്യക്തമാണ്. സത്യത്തിനും നീതിക്കും വേണ്ടി ഇത്തരം കവിതകളും ലേഖനങ്ങളും ശ്രീ ജോർജ് ഇതിനു മുൻപും എഴുതിയിട്ടുണ്ട്. ആരുടെയും മുഖം നോക്കാതെ, വളരെ ക്ലിയർ കട്ടായി, നേരെ വാ നേരെ പോ എന്ന രീതിയിൽ എഴുതുന്ന രചനകളാണ് ഇന്നിൻറെ ആവശ്യം. യുദ്ധ മേഖലയിൽ നിന്ന് കേൾക്കുന്ന വാർത്തകൾ ഹൃദയഭേദഗങ്ങളാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക