Image

ചിരിപ്പിച്ചു കൊല്ലുന്ന കള്ളന്‍മാര്‍

Published on 15 March, 2024
ചിരിപ്പിച്ചു കൊല്ലുന്ന കള്ളന്‍മാര്‍

അല്ലെങ്കിലും കള്ളന്‍മാരുടെ കഥ പറയുന്ന സിനിമകള്‍ക്ക് മലയാളത്തില്‍ പഞ്ഞമില്ല. രസകരമായ കഥാസന്ദര്‍ഭങ്ങളും നര്‍മ്മത്തില്‍ ചാലിച്ച സംഭാഷണങ്ങളുമൊക്കെയായി പ്രേക്ഷകനെ വളരെയധികം ആകര്‍ഷിക്കുന്ന സിനിമകള്‍. അത്തരത്തില്‍ പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തു കൊണ്ട് മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ പൊടിയന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മനസാ വാചാ'.താന്‍ ഒന്നുമറിഞ്ഞിട്ടില്ല രാമ നാരായണാ, എന്നു പറയും പോലെ തന്റെ നിരപരാധിത്വമോ നിഷ്‌ക്കളങ്കതയോ തെളിയിക്കാന്‍ ഉപയോഗിക്കുന്ന പ്രയോഗമാണ് മനസാ വാചാ കര്‍മ്മണാ. ഒരുകൂട്ടം കള്ളന്‍മാരുടെ കഥ പറയുന്ന ചിത്രമാണ് മനസാ വാചാ. 

ധാരാവി ദിനേശ് എന്ന പെരുങ്കള്ളന്‍ മുംബൈയില്‍ നിന്നും കൂര്‍ക്കഞ്ചേരിയിലേക്ക് എത്തുന്നതോടെയാണ് കഥയുടെ തുടക്കം. ആള്‍ നിസ്സാരക്കാരനല്ല, എന്നു മാത്രമല്ല, മുംബൈയിലൊക്കെ നല്ല പേരെടുത്ത കള്ളനാണ്. കള്ളന്‍മാര്‍ക്കെല്ലാം അയാള്‍ ഒരു റോള്‍ മോഡല്‍ എന്നു വേണമെങ്കില്‍ പറയാം. നാട്ടിലെത്തുന്ന ദിനേശ് അവിടുത്തെ ലോക്കല്‍ കള്ളന്‍മാരുമായി ചേര്‍ന്ന് ചില പ്രശ്‌നങ്ങളിലേക്കും മറ്റും പോകുന്നതോടെ അവിടുത്തെ പോലീസുകാര്‍ക്ക് ഈ സംഘം ഒരു തലവേദനയായി മാറുന്നു. ഇവര്‍ക്കിടയിലെ ചില പ്രശ്‌നങ്ങളും ചിത്രം പറഞ്ഞു പോകുന്നു. കൂടാതെ പല സമയത്തായി അരങ്ങേറുന്ന കുറ്റകൃത്യങ്ങളില്‍ ദൃക്‌സാക്ഷികളാകുന്നവര്‍ പിന്നീടുണ്ടാക്കുന്ന പൊല്ലാപ്പുകളും വളരെ രസകരമായി ചിത്രത്തില്‍ പറഞ്ഞു പോകുന്നു.

ദിലീഷ് പോത്തനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നീളന്‍ കൈയ്യുള്ള കുപ്പായവും തൊപ്പിയുമൊക്കെ ധരിച്ചെത്തുന്ന ദിലീഷ് പോത്തന്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്‍മസുള്ളവര്‍ക്ക് സമാധാനം എന്ന ചിത്രത്തില്‍ അധോലോക നായകനായി എത്തുന്ന തിലകന്റെ കഥാപാത്രത്തെ ഓര്‍മ്മിപ്പിച്ചു. സംസാരത്തിലും വേഷത്തിലും ആകെയുള്ള ശരീരഭാഷയിലും വളരെയധികം വ്യത്യസ്തത നിരഞ്ഞ കഥാപാത്രമായാണ് ദിലീഷ് പോത്തന്‍ എത്തിയിരിക്കുന്നത്. പ്രേക്ഷകനെ ചിരിപ്പിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കാനും കഥാപാത്രത്തിനായി. കള്ളനാണെങ്കിലും ഉളളു നല്ലതാണ് എന്ന് സംവിധായകന്‍ കാട്ടിത്തരുന്നുണ്ട്. മനുഷ്യത്വമുള്ള ഒരു കള്ളനായി ദീലീഷ് പോത്തന്‍ മികച്ച അഭിനയം കാഴ്ച വച്ചിരിക്കുന്നു.

സായ്കുമാര്‍, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിന്‍, ജംഷീന ജമാല്‍, പ്രശാന്ത് അലക്‌സാണ്ടര്‍, കിരണ്‍ കുമാര്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ശ്രീജിത്ത് രവി അവതരിപ്പിക്കുന്ന പോലീസുകാരനും പ്രേക്ഷകനെ ചിരിപ്പിക്കുന്നുണ്ട്. മജീദ് സയ്ദാണ് ഈ ഹാസ്യചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എല്‍ദോ ഐസക്കിന്റെ ഛായാഗ്രഹണവും സുനില്‍ കുമാര്‍ പി.കെയുടെ സംഗീത സംവിധാനവും ചിത്രത്തിന് പ്രത്യേക ഭംഗി നല്‍കുന്നു. ജാസി ഗിഫ്റ്റ് പാടിയ മനസാ വാചാ പ്രമോ സോങ്ങ് സമൂഹമാധ്യമങ്ങളില്‍ ഇതിനകം വൈറലായികഴിഞ്ഞു. സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം പ്രേക്ഷകന് മുന്നിലെത്തിച്ചിരിക്കുന്നത്. അമിത പ്രതീക്ഷകളൊന്നുമില്ലാതെ പോയാല്‍ ആസ്വദിച്ചു കാണാന്‍ കഴിയുന്ന ഒരു കൊച്ചു ചിത്രമാണ് മനസാ വാചാ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക