Image

ആളെ മനസ്സിലായി ( ദുര്യോഗം : എം.ഡി. കുതിരപ്പുറം )

Published on 16 March, 2024
ആളെ മനസ്സിലായി ( ദുര്യോഗം : എം.ഡി. കുതിരപ്പുറം )


രാത്രിയെന്നു പറഞ്ഞാൽ പാതിരാ പന്ത്രണ്ട് മണിയൊന്നും ആയില്ലെന്ന്. ഏറിയാൽ ഒരു പതിനൊന്നര.

കവലയിൽ ബസ്സ് ഇറങ്ങിയ ഞാൻ ഒന്നര മൈൽ അകലെയുള്ള വീട്ടിലേയ്ക്ക് പോകാൻ ഓട്ടോ ഒന്നും വിളിക്കാൻ പോയില്ല.

അസ്സമയത്ത് ഓട്ടോ വിളിച്ചാൽ അവന്മാര് ഇരട്ടി ചാർജ് മേടിക്കും.
ആ കാശ് ലാഭിച്ചാൽ അതുകൊണ്ട് നാളെ ഒരുകിലോ ചാള മേടിക്കാം.

അതുകൊണ്ട് ഞാൻ റബ്ബർ തോട്ടത്തിന്റെ ഇടയ്ക്കൂടെ ഉള്ള റോഡിൽ കൂടി നടക്കാൻ തുടങ്ങി.
വെട്ടം കാണാൻ മൊബൈലിന്റെ ലൈറ്റ് ഓൺ ചെയ്തുപിടിച്ചു.
കുറച്ചങ്ങോട്ട് കഴിഞ്ഞപ്പോൾ ഇരുട്ടിനു കനം കൂടിവന്നു.
രാത്രി അന്തരീക്ഷം മഴക്കാറ് മൂടി കിടക്കുകണെന്ന് ഞാൻ അറിഞ്ഞില്ല.

മഴ ചാറി,പെട്ടെന്ന് ടോർച്ചങ്ങ് കെട്ടു. ആവശ്യത്തിന് ചാർജില്ല എന്ന് ഞാൻ അറിഞ്ഞില്ലായിരുന്നു.
ഓരോ മണ്ടത്തരങ്ങള്.
കുരുത്തത്തിനു എതിരെ നിന്നും ഒരു വെട്ടം വരുന്നതു കണ്ടു.

അടുത്തടുത്തു വന്നപ്പോഴുണ്ടടാ അതൊരു കറുത്ത പട്ടി!
അതിന്റെ കണ്ണുകൾ പത്തുവാട്ടിന്റെ LED ബൾബ് പോലെ കത്തി നിൽക്കുന്നു!
ഭീകരമായി പിളർന്നുപിടിച്ച വായിലെ കൂർത്തപല്ലുകൾക്കിടയിലൂടെ നീണ്ടുകിടക്കുന്ന ചുകു ചുകാ ചുവന്ന നാക്ക്, നിലത്ത് മുട്ടി മുട്ടിയില്ല എന്ന നിലയിൽ!  ഈ അസമയത്ത്? ഇതൊരു വെറും പട്ടിയല്ല, ഉറപ്പ്.

എന്റെ കാൽമുട്ടുകൾ ബ്രേക്ക് ഡാൻസ് കളിക്കുന്നപോലെ വിറയ്ക്കാൻ തുടങ്ങി.
ദേഹത്തുനിന്നും രക്തം തിളച്ചൊഴുകിയ വിയർപ്പും മഴതുള്ളികളും കൂടി ഒരുമിച്ചൊഴുകാൻ ഒട്ടും സമയം വേണ്ടി വന്നില്ല.

തിരിച്ചോടാൻ പറ്റാതെ കാലുകൾ വഴിയിൽ ഉറച്ചുപോയതുപോലെ നിൽക്കുമ്പോഴുണ്ടടാ എന്റെ അടുത്തെത്തിയ ശ്വാനന്റെ രൂപം പെട്ടെന്ന് മാറി.
യൂത്ത് ഫെസ്റ്റിവലിന് ഭാരതനാട്യം കളിക്കാൻ വേഷം കെട്ടിയ ഒരു സുന്ദരിയായി എന്റെ മുന്നിൽ!
ടീവിയില് സീൻ മാറുന്നപോലെ ഇങ്ങനെ കളിക്കാൻ ഒരു കൂട്ടർക്കു മാത്രമേ പറ്റൂ. ആളെ മനസ്സിലായി.

ഓടിരക്ഷപെടാൻ മനസ്സ്  എന്നോട് ഉറക്കെ പറയുന്നുണ്ട്. പക്ഷെ, ആ മെസ്സേജ് കാലിൽ വരെ എത്താതെ
ആരോ തടഞ്ഞിരിക്കുകയാണല്ലോ?

കാണുന്ന മറിമായം കണ്ട് വിറകൊണ്ട ഞാൻ അന്തിച്ചു  നിൽക്കുമ്പോൾ പല്ലിളിച്ചുകൊണ്ട് അവളൊരു ചോദ്യം.
ചേട്ടാ, വൈറ്റ് ചോക്ലേറ്റ് ഉണ്ടോ, കുറച്ച് എടുക്കാൻ എന്ന്?

ഇപ്പോൾ നിങ്ങൾക്ക് ചുണ്ണാമ്പൊന്നും
വേണ്ടാതായോ എന്ന് ചോദിക്കാൻ തുനിഞ്ഞ എന്റെ നാക്ക്  വഴിയിൽ ബ്രേക്ക്‌ ഡൌൺ ആയ KSRTC  ബസ്സ്പോലെ, അനങ്ങുന്നില്ലല്ലോ.

വൈറ്റ് ചോക്ലേറ്റ് ചോദിച്ചോണ്ട് ഫോർക്ക് പോലെ കൂർത്ത നഖവുമായി അവൾ, അന്തിച്ചുനിന്ന എന്റെ കഴുത്തിൽ പിടിക്കാൻ വന്നതേ ഓർമ്മയുള്ളു.

പിന്നെ ഞാൻ കണ്ണുതുറക്കുമ്പോൾ വീട്ടിൽ പനിച്ചു കിടക്കുകയാണ്.
101 ആംബുലൻസ് വിളിക്കാൻ തക്ക 110 ഡിഗ്രിയുള്ള പനി.
രാത്രിയിൽ ആ വഴിയേ വന്ന
ഓട്ടോപാപ്പൂട്ടിയാണ് വഴിയിൽ ബോധം കെട്ടു കിടന്ന എന്നെ വീട്ടിൽ കൊണ്ടേ ആക്കിയതത്രെ.

കുഴപ്പം എന്താണെന്ന് വച്ചാൽ നടന്ന സംഭവം  വീട്ടിൽ പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല.
നമ്മൾ ഒരുസംഭവം മറ്റുള്ളേരോട്  ആണയിട്ട് പറഞ്ഞാലും അവര്  അത് വിശ്വസിക്കുകേലെങ്കില് 
അതിൽപ്പരം ഒരു ദുര്യോഗം നമുക്ക് വരാനില്ല, അറിയാവോ?

പകരം, അവര് കുതിരവട്ടത്ത് ബെഡ് ഒഴിവുണ്ടോ എന്നറിയാൻ ഫോൺ വിളിച്ചോണ്ടിരിക്കുകയാ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക