Image

മാലാഖച്ചിറകിൽ ( കഥ: അന്നാ പോൾ )

Published on 22 March, 2024
മാലാഖച്ചിറകിൽ ( കഥ: അന്നാ പോൾ )

എനിയ്ക്കു മഠത്തിൽ പോയാ മതി അച്ചാച്ചാ... കല്യാണം വേണ്ട എന്നു കുഞ്ഞുമേരി പറഞ്ഞതിന്റെ പിറ്റേന്നു അവളുടെ അപ്പൻ ഉച്ചയ്ക്കു ഉണ്ണാൻ വന്നതു ഒറ്റയ്ക്കായിരുന്നില്ല,
കൂടെ ബ്രോക്കർ മിഖായേൽ ചേട്ടനുമുണ്ടായിരുന്നു. ഊണു കഴിഞ്ഞ് അയാൾ അച്ചാച്ചനോടും അമ്മച്ചിയോടും ശബ്ദം താഴ്ത്തി കുറേ നേരം സംസാരിച്ചിട്ടു പോയി. പിന്നെ അപ്പനും അമ്മയും എന്തൊക്കെയോ പറഞ്ഞ ശേഷം അച്ചാച്ചനും കടയിലേക്കു പോയി.

അവരെന്താ പറഞ്ഞതെന്ന് കുഞ്ഞുമേരി കേട്ടില്ലെങ്കിലും കാര്യം പിടി കിട്ടി.
രാത്രി മുഴുവനും അവൾ കരഞ്ഞു. വല്യമ്മച്ചി അവളെ ആശ്വസിപ്പിക്കാനായ് പറഞ്ഞതൊന്നും അവൾക്കു സ്വീകാര്യമായിത്തോന്നിയില്ല

നിന്റെ താഴെ നാലെണ്ണമാ വാശിക്കു വളർന്നു വരുന്നതു. പിന്നെ ഒരാൺതരി ഉള്ളതു നേർച്ചേം കാഴ്ച്ചേം വച്ച് ഒണ്ടായതാ . അതാണേൽ ഒരു മണ കൊണച്ചൻ ചെക്കൻ....നിന്റപ്പനെപ്പോലെ തന്നെ. കൂട്ടത്തിലുള്ളവരെല്ലാം തുണിക്കടയും പാത്രക്കടയും, എന്തിനു സ്വർണ്ണക്കടവരെ ഉള്ളവരാണു.
എന്റെ മകനിപ്പോഴും ഒണക്ക മീനും കപ്പേം വിറ്റോണ്ടിരിക്കുന്നു...

മഹാരാജാവിന്റെ കാലത്തു എട്ടു കുടുംബക്കാർക്കാ ചന്തേ കച്ചോടം നടത്താൻ അനുവാദമുണ്ടായിരുന്നതു. അതിലൊരു കുടുംബമായിരുന്നു എന്റെ മാപ്ല കുഞ്ഞു വർക്കീടെ കുടുംബം.'' അങ്ങേരു കേമനായിരുന്നു... നല്ല തണ്ടും തടീം ചൊണേം ഒള്ള ആണായിരുന്നു. ചന്തേക്കിടന്നു വഴക്കുണ്ടാക്കുന്ന ഏതു ചട്ടമ്പിയേം അങ്ങേരു അടിച്ചു ഓടിക്കും...
ആ അപ്പന്റെ ഒരു മണോം കൊണോം ഇല്ലാത്ത എന്റെ മകൻ...

കണ്ണിലുറക്കം വരുന്നതു വരെ ഇങ്ങനെ പറഞ്ഞോണ്ടിരിക്കും... അമ്മച്ചി പിറുപിറുക്കും... ഒച്ചേ പറയാൻ പേടിയാ...
തള്ളയ്ക്കു ഒറക്കോ മില്ല....
കുഞ്ഞുമേരീ, നീ അപ്പൻ പറയുന്നതനുസരിക്ക്. നിന്റെ കൊണത്തിനല്ലേ...

എല്ലാവരും ഉറങ്ങിക്കഴിഞ്ഞിട്ടും മേരിക്കുറക്കം വന്നില്ല.
അവളുടെ മനസ്സു മുഴുവനും കർമ്മലീത്താ മഠവും മഠത്തിന്റെ മനോഹരമായ പൂന്തോട്ടങ്ങളും മാന്തോപ്പുകളമായിരുന്നു.
റോസാപ്പൂ കൊണ്ടലങ്കരിച്ച  ചാപ്പലും മാതാവിന്റെ വലിയ രൂപവുമൊക്കെയങ്ങനെ അവളെ മാടിവി ളിക്കുന്ന പോലെ തോന്നുമവൾക്കു .

വേദപാഠ ക്ലാസ്സിൽ വെച്ചു പഠിച്ച മരിയാ ഗൊരേത്തിയുടെ ജീവചരിത്രം അവളുടെ മനസ്സിനെ വല്ലാതെ മാറ്റിക്കളഞ്ഞു. അതുപോലെ ഒരു പുണ്യവതിയാകണമെന്ന അവളടെ ഉൽക്കട മോഹത്തിന്മേലാണു അപ്പൻ കല്യാണമെന്ന കത്തി ഓങ്ങി നിൽക്കുന്നതു
..
മേരിയുടെ അനുവാദമില്ലാതെ തന്നെ ഏലപ്പാറക്കാരൻ വർക്കിയുമായുള്ള വിവാഹം ഉറപ്പിച്ചു. മേരി മനസ്സില്ലാമനസ്സോടെ വർക്കിയ്ക്കു താലി കെട്ടാൻ കഴുത്തുകാണിച്ചു നിന്നു കൊടുത്തു

വർക്കിയ്ക്കു യോഗ്യതകളേറെ ഉണ്ടായിരുന്നു താനും.
തോമാശ്ലീഹാ നേരിട്ടു മാമോദീസാ മുക്കിയ തലമുറയിൽപ്പെട്ടതും കുടുംബത്തിൽ അച്ചന്മാരും കന്യാസ്ത്രീകളും ഉള്ളയാളുമായിരുന്നു വർക്കി. മേരി അകമേ കരഞ്ഞു കൊണ്ടു കുടുംബ ജീവിതമാരംഭിച്ചു.

വർക്കിയുമൊത്തുള്ള കിടപ്പും ജീവിതവും വലിയ പാപമാണെന്നവളുടെ ഉള്ളിലിരുന്നു സദാ ആരോ മന്ത്രിച്ചു കൊണ്ടിരുന്നു. ക്രമേണ എല്ലാം ശരിയാകുമെന്നു വർക്കി വിചാരിച്ചു. ഇടയ്ക്കു അതിരമ്പുഴയിലെ വീട്ടിൽ വരുമ്പോൾ വെല്ല്യമ്മച്ചിയെ കെട്ടിപ്പിടിച്ചു മതിയാവോളം കരയും.

പെരുന്നാളിനു വന്നാലും
മേരി ആളും ആരവവും അടങ്ങിക്കഴിഞ്ഞേ പള്ളിയിൽ പോയി നേർച്ചയിടു .
അയൽക്കാരി കോരയുടെ പെമ്പിള അന്നമ്മയ്ക്കും മക്കൾക്കും ഉഴുന്നാടയും ഈന്തപ്പഴവും വാങ്ങിച്ചു വേഗം വീട്ടിൽ വരും.

ഇടവകക്കാരു പെണ്ണുങ്ങളെല്ലാം ഉടുത്തൊരുങ്ങി മാപ്ലയും കുഞ്ഞുങ്ങളുമായി പള്ളി മുറ്റം മുഴുവനും നെരങ്ങി പരിചയക്കാരോടെല്ലാം കെട്ട്യോന്റെ പൊങ്ങച്ചവും പറഞ്ഞു അങ്ങനെനടക്കും... വൈകിട്ടു വെടിക്കെട്ടും പ്രദക്ഷിണവും കൂടിയിട്ടേ അവരൊക്കെ മടങ്ങുകയുള്ളു.
കല്യാണത്തിനു മുമ്പും മേരി വെടിക്കെട്ടു കാണാൻ പോകാറില്ലായിരുന്നു. അവൾക്കു കൂട്ടിനു വെല്ലമ്മച്ചി മാത്രമേ വീട്ടിൽക്കാണു .
ഓരോ അമിട്ടും കതിനകളും ഭീകര ശബ്ദത്തിൽ പൊട്ടുമ്പോൾ മേരി ഞെട്ടി വിറച്ചു പുതപ്പു തലവഴി മൂടി എസ് പോലെ കിടന്നു നിലവിളിക്കും. നിലവിളികേൾക്കാൻ വെല്ല്യമ്മച്ചിയും അടുത്തുണ്ടാവില്ല. അവരപ്പോൾ ആകാശത്തു വിരിയുന്ന കരിമരുന്നു കലാപ്രകടനത്തിന്റെ
വർണ്ണക്കുടകളുടെ മാസ്മരികതയിൽ പരിസരം മറന്ന് അലക്കു കല്ലിൽ ക്കയറിനിന്ന് ആർപ്പിടുന്നുണ്ടാവും. മേരിയുടെ നിലവിളി കൾ ആ പ്രകമ്പനത്തിൽ അമർന്നു പോകും. പള്ളിയും പരിസരവും പുകയും വെടിമരുന്നിന്റെ ഗന്ധവുംകൊണ്ടു മൂടിപ്പോകും.

വെടിക്കെട്ടുകാരിൽ കേമൻമാർ പലരുണ്ടു്. എന്നാലും ചെമ്പിളാവുകാരൻ തൊമ്മൻ വർക്കിയുടെ ഫാനാണ് വെല്യമ്മച്ചി.

പെരുന്നാളിന്റെ പിറ്റേന്നു തന്നെ മേരി കുഞ്ഞുങ്ങളേയും കൂട്ടി വെല്ല്യമ്മച്ചി കെട്ടിക്കൊടുക്കുന്ന പലഹാരപ്പൊതിയുമെടുത്തു വർക്കി യ്ക്കൊപ്പം ഏലപ്പാറയ്ക്കു തിരിക്കുo.

വർക്കിയുടെ ആത്മ സ്നേഹിതനും അയൽക്കാരനമാണു കോര: അപ്പന്മാരും അങ്ങനെ തന്നെ വലിയ സ്നേഹിതന്മാരായിക്കഴിഞ്ഞവരാണു. പകലത്തെ പണിയെല്ലാം കഴിഞ്ഞ് പുഴയിലിറങ്ങിയൊരു കുളി... ചെമ്മണ്ണു തിന്നു തിന്നു കാവിനിറമായ തോർത്തും കോണകവും അഴിച്ചു തൂമ്പാത്തഴമ്പുള്ള കൈ വെള്ളയിലടിച്ച്  ഊരിപ്പിഴിഞ്ഞ് ചെറു ചൂടുള്ള പാറപ്പുറത്തു വിരിയ്ക്കും

കുളി കഴിഞ്ഞു രണ്ടാളും കയറി വരുമ്പോൾ ആ കോസ്റ്റ്യൂംസ് യഥാസ്ഥാനങ്ങളിലണിയാൻ ഉണങ്ങി റെഡിയായിട്ടുണ്ടാവും.

പിന്നെ ചിതറിക്കിടക്കുന്ന പോലെ തോന്നിക്കുന്ന ചെറുകുന്നു കൾക്കിടയിലെ T S N0 -7 ഷാപ്പിലേക്ക്
ഒരു പോക്കാണ്... അവിടെ നിന്നും ഇരുന്നുമൊക്കെ രണ്ടെണ്ണം തിടുക്കത്തിൽ അകത്താക്കി ഇരുട്ടുന്നതിനുമുമ്പേ വീട്ടിൽ പ്പോകുന്നവരാണധികവും. കാട്ടുപന്നിയുടെ ഇറച്ചി വിളമ്പുന്നയന്ന് നല്ല തിരക്കായിരിക്കും.

ചെറുകുന്നു ഷാപ്പിലെ സ്ഥിരം കുടിയന്മാരാണു വർക്കിയും കോരയും.
അച്ചായന്മാർക്കു ള്ളതു മാറ്റിവെച്ചേക്കും. കുടി കഴിഞ്ഞു കുന്നിൽ ചെരുവിലൂടെ രണ്ടാം പാട്ടും പാടി ആടിയാടിയങ്ങനെ ആഹ്ലാദവാന്മാരായി വീട്ടിലേക്കു നടക്കും...

വഴിയരികിലെ പൊന്തക്കാടുകളിൽ തീക്കണ്ണുമായി ഇരയെക്കാത്തിരിക്കുന്ന ഒന്നിനേയും അവർക്കു പേടിയില്ല. മദ്യം അസാധാരണ ധൈര്യവാന്മാരാക്കും മനുഷ്യനെ....

ആടിയാടി വരുന്ന ഭർത്താവിനെ നോക്കി കോരയുടെ പെമ്പിള പിറുപിറുക്കും... ഉണ്ടക്കണ്ണുമിഴിച്ചു ദേഷ്യം മുഴുവൻ പുറത്തു കാണിക്കും... മേരിയാകട്ടെ അപ്പോൾ മാതാവിന്റെ മുൻപിൽ മുട്ടുകുത്തി പ്രാർത്ഥനകളുരുവിടുന്നുണ്ടാവും... ജപമാല രഹസ്യങ്ങൾ മുഴുവനും ചൊല്ലും പിന്നെ എത്രയും ദയയുള്ള മാതാവേ എന്നു തുടങ്ങുന്ന പ്രാർത്ഥന.. ഇതെല്ലാം കഴിഞ്ഞ് അവൾക്കു മാത്രമായുള്ള മരിയ ഗൊരേത്തി പുണ്യാളത്തിയോടുള്ള പ്രത്യേക അപേക്ഷ... ഇതിനിടയിൽ ഭൂകമ്പം ഉണ്ടായാലും മേരി അറിയാറില്ല... പിളേളര് പ്രാർത്ഥനയ്ക്കിടയിൽ മുട്ടുവേദനിച്ചു ഇരുന്നാൽ അവരെ നുള്ളി എഴുന്നേൽപ്പിക്കും.

വർക്കി മുറ്റത്തു കുത്തിയിരുന്നു ചിലപ്പോൾ ഛർദ്ദിയ്ക്കുന്നുണ്ടാവാം... ചിലപ്പോൾ വലിയ ശബ്ദത്തിൽ കീഴ് വായു വിട്ടു കൊണ്ടു് ഉമ്മറത്തു തൂണും ചാരിയിരുന്നു മേരിയുടെ അപ്പനെ ചീത്തവിളിച്ചു കൊണ്ടിരിക്കും. നിന്റപ്പനെപ്പോലെ വർക്കി കടം പറഞ്ഞു കെട്ടിക്കുവേലെടീ എന്റെ മക്കളെ... അപ്പൻ മരിച്ചിട്ടും  സ്ത്രീധനക്കണക്ക് പറഞ്ഞ് ആ പാവം മനുഷ്യന്റെ നിസഹായതയെ അപമാനിച്ചു കൊണ്ടിരുന്നു. അതുകൊണ്ടും കലിപ്പ് അടങ്ങിയില്ലെങ്കിൽ പാവം ആങ്ങളക്കൊച്ചനെ ചീത്തവിളിക്കും. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ക്ണാപ്പൻ ഫ്‌പൂ... അവനും കുപ്പേം കൊണക്കമീനും വിയ്ക്കുന്നു... ഭാര്യേ പേടിച്ചു ജീവിക്കുന്ന......... അപ്പനേം ആങ്ങളേം പരിഹസിക്കുന്നതു കേട്ടുകേട്ടു മേരിയുടെ ഉള്ളം കലങ്ങാറുണ്ടു്. പാതികൂമ്പിയ അവളുടെ നീലക്കണ്ണുകൾ നിറഞ്ഞു തുളുമ്പും അവളുടെ നീലക്കണ്ണുകളുടെ സാന്ദ്രതയിൽ എന്തോ ഒന്നു ഉള്ളതു വർക്കി യ്ക്കെന്നല്ല ആർക്കുമറിയില്ല... കോരയുടെ പെമ്പിള അന്നമ്മയ്ക്കു മാത്രം മേരിയുടെ സ്വഭാവത്തിനെന്തോ ഏനക്കേടുണ്ടന്നു തോന്നിയിട്ടുണ്ടു..

നാവു കുഴഞ്ഞു മുറ്റത്തോ ഉമ്മറത്തോ കിടക്കുന്ന അപ്പനെ പെൺമക്കൾ വല്ലവിധത്തിലും പൊക്കിയെടുത്തു അകത്തു കിടത്തും... കോരയുടെ ആൺമക്കൾ സഹായത്തിനെത്തുന്നതു മേരിയ്ക്കിഷ്ടമല്ല.. പെമ്പിളേളരു ചീത്തയാകുമെന്നു മേരിഭയന്നു... കന്യാസ്ത്രീകളുടെ പള്ളിക്കൂടത്തിലാണു പെമ്പിളേളരു പഠിച്ചതു... മേരി വെറുതേ ആശിച്ചു; അവർ കന്യാസ്ത്രീ യാകണമെന്ന്. 

അവരാണെങ്കിൽ നോട്ടം തെറ്റിയാൽ ആമ്പിള്ളേരോടു മിണ്ടാനും കുഴയാനുമൊക്കെ പോകുന്നുമുണ്ട്... മേരിയുടെ മനസ്സാകെ ചുട്ടുപൊള്ളിയ പോലായി...

അന്നമ്മയാണേൽ മക്കളേം നോക്കാറില്ല...
കള്ളും കുടിച്ചു വരുന്ന കെട്ട്യോന്റെ കൂടെക്കിടന്നു ഉറങ്ങുകയും ചെയ്യുന്നു.

കോരയുടെ മക്കൾ ജോബിയും ജോസിയും നല്ല തണ്ടും തടിയുമുള്ള ചെറുപ്പക്കാരാണ്... മേരിയുടെ മനസ്സിന്റെ ആധി വർദ്ധിച്ചുവർദ്ധിച്ചവന്നു... പുരുഷനാൽ കളങ്കപ്പെടാതെ വിശുദ്ധയായി ജീവിക്കാൻ സാധിച്ചില്ലല്ലോ എന്നുള്ള വ്യസനവും പേറി നീറിനീറി മേരി ജീവിച്ചു... കോരയാണെങ്കിൽ തമാശയായിട്ടു പലപ്പോഴും പറയും...
നിന്റെ മേരി ഒരു മാലാഖയാടാ.. വർക്കി ഉള്ളിൽ പിറുപിറുക്കും... മാലാഖാ കാരണം ഞാൻ ആറാം പ്രമാണം ലംഘിച്ചു നടക്കുന്ന കാര്യം കോരയ്ക്കറിയില്ല... തന്റെ മക്കൾ പാപത്തിന്റെ സന്തതികളാണെന്നുള്ള കുറ്റബോധത്തോടെ മേരി ജീവിച്ചു.
കുടത്തെറിഞ്ഞിട്ടും പറിച്ചെറിഞ്ഞിട്ടും വിട്ടുപോകാതെ മുളപൊട്ടി പടർന്ന് മനസ്സും ശരീരവും നിറയെ പടർന്നു പന്തലിച്ച പാപബോധം കാലം ചെല്ലുന്തോറും
മനസ്സിനെ ഞെരുക്കിക്കൊണ്ടിരുന്നു... അത്
മേരിയുടെ പ്രാണനു താങ്ങാനാവാത്ത ഭാരമായിത്തീർന്നു...

കന്യാസ്ത്രീ വേഷത്തിൽ അൾ ത്താരയ്ക്കരികിൽ നിൽക്കുന്നതു മേരി ഇടയ്ക്കിടെ സ്വപ്നം കാണാറുണ്ടു്. സ്ഥലമാകാതെ പോയ ഒരു പകൽക്കിനാവുപോലെ ആ മോഹം മേരിയുടെ ഇടനെഞ്ചിൽ ഘനീഭവിച്ചു കിടന്നു.

അതിരമ്പുഴയിൽ നിന്നും കൊണ്ടുവന്ന പേരയ്ക്കമാമ്പഴം തിന്നിട്ട് വലിച്ചെറിഞ്ഞ മാങ്ങാണ്ടി കിളിർത്തു വളർന്നു പൊന്തി പടർന്നു പന്തലിച്ചു... പലവട്ടം പൂത്തു കായ്ച്ചു... താരുണ്യത്തിന്റെ തുടിപ്പും ചുവപ്പും മക്കളുടെ ഉടലാകെ നിറയുന്നതു മേരി ഞ്ഞെട്ടലോടെ കണ്ടു... അവളറിയാതെ മിഴികൾ നിറഞ്ഞ് ഒഴുകും... ഉറങ്ങിക്കിടക്കന്ന മക്കളെ മേരി തുറിച്ചു നോക്കി ഉറങ്ങാതിരിക്കും. അവരുടെ ഉദരത്തിന്നുള്ളിൽ നിന്നും ശിശുക്കളുടെ കരച്ചിൽ കേട്ടവൾ ചെവി പൊത്തും...

പ്രഭാതത്തിൽ വർക്കി മാതൃകാ പിതാവായി ഉണരും... പതിവുള്ള ഉപദേശങ്ങൾ കൊടുക്കും .
പിള്ളേരേ നോക്കിക്കോണം അവരു വളർന്നു വരുവാ അപ്പറത്തു രണ്ടാൺ കുഞ്ഞുങ്ങളുണ്ടെന്ന ഓർമ്മ വേണം... മാതാവിന്റെ മുമ്പീ തിരീം കത്തിച്ചു കണ്ണടച്ചിരിക്കരുതു. അന്നമ്മയല്ല നീയാ നോക്കണ്ടതു....

മേരിയുടെ മനസ്സിൽ ആധിയുടെ കൊടുങ്കാറ്റു വീശി ... ഉള്ളുലയ്ക്കുന്ന ചിന്തകൾ ഉറക്കം കെടുത്തി ... സദാ പിടയ്ക്കുന്നൊരു നോവ്... ശാന്തമായിക്കിടന്ന കുളത്തിലേക്കു ഒരു പാറ വന്നു പതിച്ച പോലെയായി അവളുടെമനസ്സ്.... വ്യസന ഭാരവും പേറി ഓരോ ദിനവുo തള്ളിനീക്കി.

നാൾക്കുനാൾ തിടം വെച്ചു വളർന്ന വിഹ്വലതയിൽ അവളാകെ ഉലഞ്ഞു തകർന്നു... പ്രാർത്ഥിക്കുവാനോ പാടുവാനോ ഏകാഗ്രതയില്ലാതായി. മേരിയുടെ മനസ്സിൽ ഭയത്തിന്റെ ആശങ്കകളുടെ വരാൻ പോകുന്ന ദുരന്തത്തിന്റെ കടലിരമ്പി . ചുഴികളും മലരികളും നിറഞ്ഞ ഒരു മഹാസമുദ്രമായി അതു മേരിയെ വിഴുങ്ങി. വർക്കിയുടെ രോഷം നിറച്ച വാക്കുകളും അവളെ പൊള്ളിച്ചു കൊണ്ടിരുന്നു... ഉറക്കം വരാതെ കിടന്ന ഒരു രാത്രിയിൽ വീടിനു പിന്നിലെ കുന്നിൽ നെറുകയിൽ നിന്നും കുറുനരികളുടെ വിലാപം ഉയരുന്നതു കേട്ട് ഞെട്ടിത്തരിച്ച് ജനാല തുറന്നു പുറത്തേയ്ക്കു നോക്കി... അകലെ ചക്കിപ്പാറയ്ക്കുമുകളിൽ ചന്ദ്രനുദിച്ചു നിൽക്കുന്നു. ഏലക്കാടുകളും ചെറു കുന്നുകളും താഴ്വാരങ്ങളുമെല്ലാം നിലാവിൽക്കുളിച്ച് കിടക്കുന്നു... മഞ്ഞിന്റെ നേർത്ത ധവള നീരാളം പുതച്ചുറങ്ങുന്ന മലഞ്ചെരിവുകൾ . അതിന്റെ ലഹരി പിടിപ്പിക്കുന്ന അലൗകിക പ്രഭ അവളെ ഉന്മത്തയാക്കി... നാളിതു വരെ കാണാത്ത സൗന്ദര്യം... ഒരിക്കലും തോന്നാത്ത അനുഭൂതികൾ... നീലിമയാർന്ന ആകാശച്ചെരുവിൽ നിന്ന് പറന്നു വരുന്നു മരിയാ ഗൊരേത്തി പുണ്യവതി... വെള്ളച്ചിറകുകൾ വീശിവീശി... തന്റെ അടുക്കലേയ്ക്ക്... ചുട്ടുപൊള്ളിച്ചു കൊണ്ടിരുന്ന മനസ്സും ശരീരവും പഴുത്ത ഇലകൾ കൊഴിയും പോലെ ഊർന്നു വീണു... തനിക്ക് രണ്ടു ചിറകുകൾ മുളയ്ക്കുന്നതായും  ശരീരത്തിന് ഭാരമില്ലാതാകുന്നതായും തോന്നി അവൾ 
മുറ്റത്തേക്കു
പറന്നിറങ്ങി.

ഏലക്കാടുകൾക്കും പുൽമേടുകൾക്കും മുകളിലൂടെ താഴ്‌വരയിലാകെ പറന്ന് പറന്ന് പിന്നെ കൊഴുത്ത പച്ചജലം നിറഞ്ഞ കൊല്ലിയുടെ മുകളിലൂടെ പറന്ന് പറന്ന് താഴേക്ക് ഇരുണ്ട ആഴങ്ങളിലേക്ക് താണു പറന്നു . അവസാനത്തെ പിടച്ചിലോളം പ്രതീക്ഷ മങ്ങാതെ മരിയാ ഗൊരേത്തിയ്ക്കൊപ്പം കുളത്തിലെ ജലത്തിന്റെ ചില്ലുവാതിലുകൾ ഒന്നൊന്നായ്ക്കടന്ന്....
പിറ്റേന്ന് ആഴമുള്ള കൊല്ലിയിൽ കമിഴ്ന്നു കിടന്ന മേരിയുടെ ചിറകുകൾ വർക്കി മാത്രം കണ്ടു. !!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക