Image

വളവളാ ചിരിയ്ക്കുമ്പോൾ (കവിത : താഹാജമാൽ )

Published on 26 March, 2024
വളവളാ ചിരിയ്ക്കുമ്പോൾ (കവിത : താഹാജമാൽ )

എനിക്കറിയാം
വളവളാ ചിരിച്ചിട്ട്
ചിന്തകൾ കറുത്ത്
കമാന്ന് ഒരക്ഷരം പോലും
ഉരിയാടാനാവാതെ നിലയുറപ്പിച്ച 
നിലനില്പുകാരെ

ജീവിതത്തിൽ എന്തെങ്കിലുമാവാൻ
ശപിക്കപ്പെട്ടിട്ടും
ഒന്നുമാവാനാവാതെ
സ്വന്തം ജീവചരിത്രമെഴുതാൻ
പലതിൻ്റെയും പ്രസിഡൻ്റായി
വെള്ളവസ്ത്രത്തിൽ
അടക്കം ചെയ്തു നടക്കുന്നവർ
നല്ലവരെന്നു തോന്നുമെങ്കിലും
വളവളാ ചിരിയ്ക്കുന്നവർ
വക്രിച്ച് ചിന്തിയ്ക്കുന്നവർ
നിമിഷങ്ങൾക്കൊണ്ട്
നിഗൂഢമാകുന്നവർ

പാപത്തിൻ്റെ പാനപാത്രം
സ്വയം കഴുത്തിലേന്തി
കുലമഹിമ പറയുന്നവർ
കുപ്രചാരകരായി
മാന്യതയിലൊളിച്ചവർ
വെള്ള പൂശാൻ
പ്രചാരകരെ സൃഷ്ടിച്ചവർ
വളാവളാ ചിരിക്കുന്നവർ
പ്രോജ്ജ്വലമെന്ന് പറയാൻ
സ്വയം വിപണി ചെയ്യുന്നവർ
ജാള്യരായ് ജയ് വിളിയ്ക്കുന്നവർ
നല്ലവരെ ഭയക്കുന്നവർ

സാർ 
നിങ്ങളെന്നെ കാണുമ്പോൾ
ചിരിയ്ക്കരുത്
ജാള്യതകൾ മറച്ചു പിടിയ്ക്കാൻ
കുശലം ചോദിക്കരുത്
ഞാനിതുവഴി പോകുമ്പോൾ
നിങ്ങളുടെ അസ്വസ്ഥതകൾ
എൻ്റെ കാതിൽ ചിലമ്പുന്നത്
എൻ്റെ കുറ്റമാണ് സാർ

ഞാൻ നല്ലവനല്ലെന്ന് നിങ്ങൾ
ഒരാളോടുകൂടി പറയുന്നതിൽ തെറ്റില്ല
കാരണം നിങ്ങൾ
എൻ്റെ കവിതകൾ വായിക്കാറില്ലല്ലോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക