Image

കപ്പൽ ഗതാഗതം എന്ന് പുനരാരംഭിക്കും? കപ്പലിലെ ജീവനക്കാരുമായി അന്വേഷണ സംഘം സംസാരിച്ചു

Published on 29 March, 2024
കപ്പൽ ഗതാഗതം എന്ന് പുനരാരംഭിക്കും?  കപ്പലിലെ ജീവനക്കാരുമായി അന്വേഷണ സംഘം സംസാരിച്ചു

മെരിലാൻഡിലെ ബാൾട്ടിമോറിൽ പാലം ഇടിച്ചു തകർത്ത എം വി ദാലി കപ്പലിലെ ഇന്ത്യൻ ജീവനക്കാരുമായി യുഎസ് നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) ഉദ്യോഗസ്ഥർ സംസാരിച്ചു. മലയാളിയായ രാജേഷ് ഉണ്ണി ഉടമയായ കപ്പൽ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ ഇടിക്കുമ്പോൾ അതിലുണ്ടായിരുന്ന 21 ജീവനക്കാരിൽ ഭൂരിപക്ഷവും ഇന്ത്യക്കാർ ആയിരുന്നുവെന്നു  എൻ ടി എസ് ബി ചെയർ ജെനിഫർ ഹോമെണ്ടി മാധ്യമങ്ങളോട് പറഞ്ഞു.  ഏതാനും  ശ്രീലങ്കക്കാരും ഉണ്ടായിരുന്നു. പുറമെ രണ്ടു പൈലറ്റുമാരും. 

കപ്പലിലെ റെക്കോർഡർ വിശകലനം ചെയ്തു വരികയാണെന്നു ബോർഡിൻറെ അന്വേഷണം നയിക്കുന്ന മാർസെൽ മുയിസ് പറഞ്ഞു. ഏതോ വിദേശഭാഷയിലാണ് സിംഗപ്പൂരിൽ നിന്നുള്ള കപ്പലിലെ റെക്കോർഡിങ് എന്നും അദ്ദേഹം പറഞ്ഞു. 

ജീവനക്കാർ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നു യുഎസ് കോസ്റ്റ് ഗാർഡ് ഡെപ്യൂട്ടി കമാൻഡർ ഫോർ ഓപ്പറേഷൻസ് വൈസ് അഡ്മിറൽ പീറ്റർ ഗൗറ്റിയർ പറഞ്ഞു.

കപ്പലിൽ ഇപ്പോൾ വൈദ്യുതി ഉണ്ട്. ജീവനക്കാർ അതിലാണ്. എന്നാൽ കപ്പൽ നീങ്ങുകയില്ല. 

അന്വേഷണം വളരെ വിപുലമായ ഏർപ്പാടാണെന്നു അദ്ദേഹം പറഞ്ഞു. 

പാലം മേയിൽ തുറക്കാൻ കഴിഞ്ഞേക്കുമെന്നു ചില ഉദ്യോഗസ്ഥന്മാർ പറഞ്ഞുവെങ്കിലും ആ പ്രതീക്ഷയിൽ വിശ്വാസം അർപ്പിക്കാൻ കഴിയാത്ത നിലയിലാണ് തുറമുഖത്തെ കഠിനാധ്വാനികളായ ജീവനക്കാർ. ഈ ജീവനക്കാരെ ദിവസ വേതനത്തിലാണ് എടുക്കാറുള്ളതെന്നു തുറമുഖത്തെ ഇന്റർനാഷനൽ ലോങ്‌ഷോർമെൻ അസോസിയേഷൻ ലോക്കൽ നമ്പർ 333 പ്രസിഡന്റ് സ്കോട്ട് കോവൻ 'ന്യൂ യോർക്ക് പോസ്റ്റ്' മാധ്യമത്തോട് പറഞ്ഞു. "കപ്പലോ ചരക്കോ ഇല്ലെങ്കിൽ അവർക്കു ജോലിയില്ല." 

കപ്പൽ ചാനൽ തുറക്കുന്നതു വരെ തുറമുഖത്തെ തൊഴിലാളികൾക്കു ജോലി ഉണ്ടാവില്ല. മേയിൽ എങ്ങിനെയാണ് ഗതാഗതം പുനഃസ്‌ഥാപിക്കുക എന്നത് വ്യക്തമായിട്ടില്ല. $80 ബില്യൺ ചരക്കു നീക്കം ഉണ്ടായിരുന്ന തുറമുഖമാണിത്.  15,300 പേർക്കു നേരിട്ടും 140,000 പേർക്കു പുറമെയും ജോലി കിട്ടിയിരുന്നു. അതെല്ലാം സ്തംഭിച്ചു.  

പഴയ അവസ്ഥയിലേക്കു മടങ്ങാൻ ദീർഘകാലം വേണ്ടിവരുമെന്നു ഗവർണർ വെസ് മൂർ പറഞ്ഞു. അടിയന്തര ഫെഡറൽ സഹായമായി പ്രസിഡന്റ് ജോ ബൈഡൻ $60 മില്യൺ ആണ് അനുവദിച്ചത്. 

NTSB interviews Indian employees of crash ship 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക