Image

തിരുബലി ( കവിത : സൂസൻ പാലാത്ര )

Published on 29 March, 2024
തിരുബലി ( കവിത : സൂസൻ പാലാത്ര )

മിശിഹാ ക്രൂശിൽപ്പിടഞ്ഞു
മാടപ്രാവു കുറുകുമ്പോലെ
മാതാവു താനും കുറുകിക്കരഞ്ഞു
യരുശലേം കുമാരികൾ മാറത്തടിച്ചു
നിലവിളിച്ചേശുവിനായ്

ഇരുകള്ളന്മാർ നടുവിൽ ക്രൂശിലവൻ കിടന്നു 

"എനിക്കു ദാഹിയ്ക്കുന്നു"

മാനവർ തന്നാത്മാക്കൾക്കായി
നാഥൻദാഹിച്ചതറിയാതെ
പുളിവീഞ്ഞവരവനേകി

പീലാത്തോസ് നല്കിയ  
കുറ്റപത്രം റോമാശതാധിപൻ
എമലിയൂസ് യേശുവിൻ്റെ
തലയ്ക്കുമീതെ തൂക്കി,
INRI എന്ന ലാറ്റിൻപദത്തി-
ന്നർത്ഥമിങ്ങനെ;
"നസ്രായക്കാരൻ യേശു
യഹൂദന്മാരുടെ രാജാവ് "

ദുഷ്ടനായ ആബ്നേർ:
"നസ്രായൻ യേശു യഹൂദന്മാരുടെ രാജാവാണെന്ന് അവൻ പറഞ്ഞുവെന്നെഴുതുക
കുറ്റപത്രമതിൽ.

കുറ്റമില്ലാത്തവനെന്നറിഞ്ഞിട്ടും 
സ്ഥാനമോഹത്താൽ 
രക്ഷിക്കാഞ്ഞ പശ്ചാത്താപവിവശനായ 
പീലാത്തോസ് മൊഴിഞ്ഞേവം:
"പുരോഹിതാ ഞാൻ എഴുതിയതെഴുതി"

ഇരുകള്ളന്മാരിൽ വലത്തേകള്ളൻ ദത്തോസിൻ്റെയും
ഇടതുഭാഗത്തെ കള്ളൻ ദൂമാത്തോസിൻ്റെയും
നടുവിലവൻ ക്രൂശിന്മേൽ
തൂക്കപ്പെട്ടു!

ഇടതുകള്ളൻ നാഥനെ പരിഹസിച്ചു, 
വലതുകള്ളനായ ദത്തോസ് ദൂമാത്തോസിനെ ശാസിച്ചീവിധം: 
"നാം പാപം ചെയ്തിട്ടു ശിക്ഷാവിധിയിലകപ്പെട്ടു,
ഈയേശുവോ നന്മമാത്രം ചെയ്തിട്ടിവനീവിധം കുരിശിൽ പീഡാമരണമേറ്റു!"

ദത്തോസ് പ്രാർത്ഥിച്ചേശുവിനോട്
"കർത്താവേയങ്ങ് രാജത്ത്വം പ്രാപിച്ചുവരുമ്പോൾ 
അടിയനേയും ഓർക്കേണമെ!"

രക്തച്ചാലുകളൊഴുകുന്ന
മുൾക്കിരീടമണിഞ്ഞതല
നാഥൻ വലതുകള്ളനുനേരെ തിരിച്ചു, യേശുനാഥ   ഝടുതിയിലരുളൾചെയ്തു;
"നീ, ഇന്ന് എന്നോടുകൂടെ പറുദീസയിൽ ഇരിയ്ക്കും!"

ദൈവാലയത്തിലെ മണി ആറടിച്ചു,
ഭയാനകമായ മേഘം കാൽവരിമലയെമൂടി
കാൽവരിയും കെദ്രോനും
ഒലിവു മലയും അന്ധകാരത്തിലമർന്നു,
സൂര്യൻ തൻ്റെ മുഖംമറച്ചു
ലോകം മുഴുവനുംകൂരിരുളിലായി

യേശു അത്യുച്ചത്തിൽ പിതാവാം ദൈവത്തെ വിളിച്ചുകരഞ്ഞു;
"എലോഹി, എലോഹി, ലാമ്മ ശബക്താനി"
എൻ്റെ ദൈവമേ എൻ്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്തെന്നർത്ഥം.
യുഗങ്ങൾക്കു മുമ്പേയുള്ള  ദാവീദിൻ്റെ പ്രവചനം
സങ്കീർത്തനം ഇരുപത്തിരണ്ടിൽ
രേഖപ്പെടുത്തിയിരിക്കുന്നു.
 
അസിറിയാ ഭാഷയറിയാത്ത
റോമാ പട്ടാളക്കാർ 
പരിഹാസ ശരങ്ങൾ എയ്തു;
"ഏലിയാവ് ഇവനെ രക്ഷിക്കുമോന്നു നോക്കാം"

യേശുനാഥൻ അമ്മയെയും 
അമ്മയെ താങ്ങിപ്പിടിച്ചുനിന്ന പ്രിയശിഷ്യൻ യോഹന്നാനേയും അരുമയോടെ നോക്കി!
"സ്ത്രീയേ ഇതാ നിങ്ങളുടെ മകൻ"!
യോഹന്നാനെ. ഇതാ നിൻ്റെ അമ്മ!"
ക്ഷണത്തിൽ യോഹന്നാൻ ആ അമ്മയെ ചേർത്തുപിടിച്ചു

യേശു സ്വർഗ്ഗത്തേക്കു നോക്കി
ഉച്ചത്തിലട്ടഹസിച്ചു
"സകലവും നിവൃത്തിയായി"!

"പിതാവേ എൻ്റെ ആത്മാവിനെ ഞാൻ തൃക്കരങ്ങളിലേല്പിക്കുന്നു"!

തലമുമ്പോട്ടു താഴ്ത്തി 
ലോകരക്ഷനവൻ
പ്രാണനെ പിതാവിനു
ബലിയായിനല്കി!!!

ഭൂമി കോപിഷ്ഠയായി,
ത്ഡടുതിയിൽഭൂകമ്പമുണ്ടായി!

വൻഭൂകമ്പം !
പാറകൾ പിളർന്നു
കബറുകൾ തുറക്കപ്പെട്ടു
മൃതന്മാർ ഉത്ഥാനം ചെയ്യപ്പെട്ടു
യെരുശലേം ദൈവാലയം കുലുങ്ങി
ദേവാലയത്തിലെതിരശ്ശീല  മേൽതൊട്ടു അടിയോളവും രണ്ടായി കീറിപ്പോയി!

സൂര്യഗ്രഹണത്താൽ ലോകം കൂരിരുളിലായി
യേശുവിനു ചുറ്റും പ്രകാശരശ്മികൾ നിന്നു വിളങ്ങി

നീതിസൂര്യൻ്റെ പീഢാമരണം 
താങ്ങാനാവാതെ 
പകലോൻ മുഖംമറച്ചുകളഞ്ഞു
ലോകം കൂരിരുളിലായി
ജനസഞ്ചയം നെഞ്ചത്തടിച്ചു,
നിലവിളിച്ചു; 
പേടിച്ചരണ്ടവർ, 
നാനാദിക്കിലും ചിതറിയോടി
നാഥാ നീ സത്യമായും ദൈവപുത്രനെന്ന
വരുമുൽഘോഷിച്ചാർത്തു.

ദൈവപുത്രാ നീ
രാജത്ത്വം പ്രാപിച്ചുവരുമ്പോൾ
ഞങ്ങളെയും ഓർക്കേണമെന്ന്
വലത്തേ കള്ളനായ ദത്തോസിനോടു
ചേർന്നവരുമലമുറയിട്ടു കേണു.

തിരുബലി ( കവിത : സൂസൻ പാലാത്ര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക