Image

നമ്പ്യാരുടെ ഗ്യാരണ്ടി (കവിത: വേണുനമ്പ്യാർ)

Published on 02 April, 2024
നമ്പ്യാരുടെ ഗ്യാരണ്ടി (കവിത: വേണുനമ്പ്യാർ)

ധനവൃദ്ധിക്കും 
വംശവൃദ്ധിക്കും വേണ്ടി 
എടുത്തു പയറ്റാതിരുന്നാൽ
നിർമിത ബുദ്ധി ബെസ്റ്റാ,
മോനെ ദിനേശാ!

മറിച്ചാണേൽ
പണി പോയി കിട്ടും
ആണിനും പെണ്ണിനും ഒരു പോലെ!

കവനരചനക്കുള്ള  
ടൂൾ കിറ്റായി വരിച്ചാലൊ
ഒരു ഗുണകോകിലമാ നി ബു!

വരിച്ചാൽ തെറിച്ചു കിട്ടും 
ആസൂത്രണക്കവികളുടെ തൂലിക. 

അവന്മാർക്ക് പിന്നെ
കോമാളിപ്പണിക്കിറങ്ങാം!

പാഠകർക്കൊ, കടിച്ചാൽ
പൊട്ടാത്ത ദുരൂഹതയുടെ 
കയ്പ് അനുഭവിക്കാതെ, 
കാണികളായി മാറി 
സർക്കസ്സ് കൂടാരത്തിലെ ഗാലറിയിലിരുന്ന്
ആർത്തു ചിരിക്കാം
ഫ്രീ സ്റ്റൈലിൽ!

വി കെ എൻ പണിയിൽ
നി ബുവിനു പങ്കില്ല
ചിരിക്കാനും
ചിരിപ്പിക്കാനും 
കൃത്രിമത്തല വേണ്ടല്ലോ!
 
ദൈവം ഫ്രീബീസായി 
വാരിക്കോരി തന്നിരിക്കുന്ന
അനിർമിതസുബുദ്ധിയില്ലേ,
അത് മൈത്രിയോടെ 
കരുണയോടെ മോദത്തോടെ
സമഗ്രതയോടെ 
കൈ കാര്യം ചെയ്യുക;
നി ബു ഒരനുഗ്രഹമാകും.
അത് ഡീപ് ഫേക്കായ ആഗോളഗ്രാമജനത്തിനാകട്ടെ
ആചന്ദ്രതാരം ഒരു ദോഷവും ചെയ്യില്ല.

ഇത് നമ്പ്യാരുടെ ഗ്യാരണ്ടി,
യമണ്ടൻ ഗ്യാരണ്ടി ഡാ!
സൊന്നാൽ സൊന്ന പോലിറുക്കും
ഒരു തടവ് സൊന്നാ നൂറ് തടവ്
സൊന്ന മാതിരി! കബാലി ഡാ!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക