Image

മഞ്ഞപ്പാപ്പാത്തി (കവിത: വേണു നമ്പ്യാർ)

Published on 17 April, 2024
മഞ്ഞപ്പാപ്പാത്തി (കവിത: വേണു നമ്പ്യാർ)

മഞ്ഞപ്പാപ്പാത്തി
ജനലിലൂടെ വഴി തെറ്റി വന്നതാകാം 
ഇരുകുറി വട്ടമിട്ടു പറന്നുവത്
ചെമ്പിച്ച എന്റെ ചുരുൾമുടിയ്ക്കു ചുറ്റും!

മറവ് ചെയ്തിടത്ത് ന്ന്
അമ്മ വന്നെന്നെ ഉണർച്ചയിൽ
ഉഴിഞ്ഞ പ്രതീതി.

ചുവരിലെ ഗൗളിച്ചിലപ്പ്
ഇടുങ്ങിയ മുറിയിൽ പടർത്തിയത് 
ഭീതിയുടെ ചെറുതിരകളൊ?

ആർക്ക്
ആരെ പേടി
ഇരയെ
വേട്ടക്കാരനൊ
ജീവിച്ചിരിക്കുന്നയാൾക്ക്
മരിച്ചവരെയൊ?
  
നടുക്കത്തോടെ പാപ്പാത്തി
എല്ലാം വാട്ടിയുണക്കുന്ന 
ഏപ്രിലിന്റെ ക്രൂരതയിലേക്ക് തന്നെ
ഇറങ്ങുന്നു
തുറന്നിട്ട ജനാലവഴി.

മാർച്ചിൽ
കൂടും വെടിഞ്ഞ് അമ്മക്കിളി
പോയി...
അകലേക്കകലേക്ക്.....!

മനസ്സിലെങ്ങോ മായാതെ കിടപ്പുണ്ട്
മഞ്ഞസാരിക്ക് തിളക്കമേറ്റുന്ന
കറുപ്പു പൊട്ടുകൾ.

അമ്മയുടെ  
ഇഷ്ടനിറം മഞ്ഞ.......

കണി കാണും നേരം
കമലനേത്രന്റെ നിറമേറും 
മഞ്ഞ .........

കണിയൊരുക്കി
കാണിക്കുവാനെന്നെ 
ദീപാലംകൃതമായ
പടിഞ്ഞാറ്റയിലേക്ക് കൊണ്ടു
പോകയാണ്.

രണ്ട് കരിനീലക്കണ്ണുകൾ 
എന്നെ ഉഴിയുന്നുണ്ട്
എന്റെ കണ്ണിമകളിൽ
മരിച്ചവരുടെ നനുത്ത
ചന്ദനസ്പർശം

വാത്സല്യത്തിന്റെ 
ഹർഷോന്മാദം പോലെ  
മെലിഞ്ഞിരുണ്ട 
ഒരു നിഴൽ രൂപം മന്ത്രിക്കുന്നു:

ഇനി കണ്ണ് തുറന്നോളൂ
മോൻ നല്ലത് എല്ലാം കണ്ടോളൂ !

മരിച്ച വീട്ടിൽ
വിഷുവില്ല

പൂക്കില്ലെന്ന വാശിയിൽ
മുറ്റത്ത് നന്ത്യാർവട്ടവും മന്ദാരവും 
തെച്ചിയും മൊസാന്തയും
എന്നെ കണി കാണുന്നു

അവരും എന്നെപ്പോലെ 
ഉപേക്ഷിതരാണ്
അമ്മ പോയ ശേഷം
ആരും അവരെക്കുറിച്ച്
ഓർത്തതേയില്ല
മിഴിനീരാൽ അവരെ
നനച്ചതേയില്ല.

മുറ്റത്തിനു ചുറ്റും
കരിയിലകളുടെ വിഷുസദ്യ
അവ്യവസ്ഥയിലും 
വ്യവസ്ഥയുടെ ആറാട്ട്!

ഉത്തരം കിട്ടാത്ത
ചോദ്യങ്ങളുടെ പട്ടികയിൽ
ഒരു ചോദ്യം കൂടി
ഇടം പിടിക്കുന്നു:
മരണത്തിന്റെ കണി ഒരുക്കിയത്
ആര് ആർക്കുവേണ്ടി?

വിശന്നെത്തിയ കാറ്റ് 
കലപില ശ്രുതിയ്ക്കിടെ കരിയിലകൾക്ക്
സ്ഥാനഭ്രംശം വരുത്തുന്നു
അടങ്ങാത്ത പഷ്ണിയോടെ
കടലോരത്തേക്കു പോകുന്നു.

കാറ്റിനൊപ്പം കൂട്ട് വന്ന 
കൊന്നപ്പൂക്കുലയിലെ മൊട്ട്
ഒറ്റപ്പെട്ടു പോയ ഒരു കരിയിലക്ക് 
മഞ്ഞപ്പൊട്ടിട്ടു.

ഉണ്ണാനൊന്നും കിട്ടാത്ത 
പാവം പാപ്പാത്തി!
തെല്ലിട തങ്ങി നിന്ന ശേഷം 
ഒരു കുഞ്ഞിന്റെ ദുരന്തസ്വപ്നമായ്
അത് തൊടി വിട്ടു 
വിദൂരതയിലേക്ക് നീങ്ങി.

മഞ്ഞയിലെ കറുത്ത പൊട്ടുകൾ
വാൻഗോഗ് പ്രണയിച്ചിരുന്ന
മഞ്ഞവെയിൽപ്പരപ്പിൽ
തിളച്ചുരുകി ഇല്ലാതായി.

Join WhatsApp News
Sudhir Panikkaveetil 2024-04-19 11:22:49
അനുവാചകനിൽ അനുഭൂതിയുളവാക്കുന്ന ബിംബകല്പനകളാൽ സമൃദ്ധമാണ് ശ്രീ വേണു നമ്പ്യാരുടെ കവിതകൾ. വിഷുപ്പുലരിയിൽ കറുത്ത പൊട്ടുകളുള്ള മഞ്ഞ നിറമുള്ള സാരി ചുറ്റി അമ്മ കണികാണിക്കുന്നത് "നിറമേറും മഞ്ഞ തുകിൽ ചാർത്തിയ കണ്ണനെയാണ്. അമ്മയില്ലാത്ത വിഷുവിനു പക്ഷെ ഒരു സാധാരണ ചിത്രശലഭം മുറിയിലേക്ക് പറന്നുവന്നു കവിയെ തലോടുന്നു. അമ്മയുടെ ആത്മാവായിരിക്കാം. അന്ധവിശ്വാസം ബലപ്പെടുകയാണെങ്കിൽ അപ്പോൾ ഒരു ഗൗളി ചിലക്കുന്നുണ്ട്. ആർക്ക് ആരെയാണ് പേടി. മഞ്ഞ പാപ്പാത്തി ഏപ്രിലിന്റെ ചൂടിലേക്ക് പറന്നുപോകുന്നു. മരിച്ചവീട്ടിൽ കണിയില്ല. തൊടിയിലെ ചെടികൾ പോലും അമ്മയില്ലാത്ത ദുഃഖത്തിൽ പൂക്കുന്നില്ല. വേനൽ ചൂടുന്ന മഞ്ഞ വെയിൽ പാശ്ചാത്യകലയിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ വാൻഗോഗ് എന്ന ചിത്രകാരന്റെ പ്രിയമുള്ള നിറമായിരുന്നു. അദ്ദേഹം സൂര്യകാന്തിപ്പൂക്കളുടെ കാമുകനായിരുന്നു. വിഷുവിനെ മഞ്ഞനിറവുമായി ഇണക്കുന്നു ശ്രീ വേണു നമ്പ്യാർ. കാറ്റിൽ പറന്ന കൊന്നപ്പൂക്കൾ കരിയിലകൾക്ക് മഞ്ഞ തിലകം ചാർത്തുന്നു. എന്നാൽ കറുപ്പ് നിറത്തെ മഞ്ഞ വെയിൽ ഉരുക്കി കളയുന്നു. വാൻഗോഗ് എന്ന വിശ്വത്തോര ചിത്രകാരന്റെ ഇഷ്ടപ്പെട്ട നിറമെന്ന പേരിൽ വെയിൽ ഒരു പക്ഷെ അഹങ്കരിക്കുമ്പോൾ മറ്റു നിറങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടുന്നു. അമ്മയില്ലാത്ത വീട്ടിലെ ദുഖത്തിന്റെ കറുപ്പ് ഇല്ലാതായി മഞ്ഞ നിറം പരന്നപ്പോൾ വാൻ ഗോഗിനെപ്പോലെ ശ്രീ നമ്പ്യാർ അക്ഷരങ്ങളെകൊണ്ട് ഒരു ചിത്രം വരച്ചത്
വേണുനമ്പ്യാർ 2024-04-20 03:24:34
ശ്രീ സുധീർ പണിക്കവീട്ടിലിന്റെ അവലോകനം ആയിരം ലൈക്കിനെക്കാൾ ഞാൻ വില മതിക്കുന്നു. കഴിയുന്നത്ര വെടിപ്പോടെ തുടർന്നെഴുതാനുള്ള ഊർജ്ജമാണ് അങ്ങ് നിർലോഭം തരുന്നത്. My heartfelt thanks!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക