Image

ആർ എഫ് കെ ജൂണിയറിന്റെ വരവ് ബൈഡന്റെ സ്ഥാനാർത്ഥിത്വത്തിനു കൂടുതൽ  പ്രയോജനം ചെയ്യുമെന്ന് കണ്ടെത്തൽ (ഏബ്രഹാം തോമസ്)

Published on 26 April, 2024
ആർ എഫ് കെ ജൂണിയറിന്റെ വരവ് ബൈഡന്റെ സ്ഥാനാർത്ഥിത്വത്തിനു കൂടുതൽ  പ്രയോജനം ചെയ്യുമെന്ന് കണ്ടെത്തൽ (ഏബ്രഹാം തോമസ്)

വാഷിംഗ്‌ടൺ: റോബർട്ട് കെന്നഡി ജൂനിയർ പ്രസിഡന്റ് സ്ഥാനാർത്ഥി ആയി രംഗത്തുണ്ടെങ്കിൽ അത് ഏറെ പ്രയോജനം ചെയ്യുക ഡെമോക്രാറ്റിക്‌ സ്ഥാനാർഥി പ്രസിഡന്റ് ജോ ബൈഡനായിരിക്കും എന്ന് രാഷ്ട്രീയ നിരീക്ഷകർ പ്രവചിക്കുന്നു. ഏറ്റവും പുതിയ ക്വിന്നിപിയാക് സർവ്വേ പ്രകാരം ബൈഡനും മുൻ പ്രസിഡന്റ് ട്രമ്പിനും 46 % വീതമാണ് ജനപിന്തുണ. ആർ എഫ് കെ ജൂനിയറും സ്ഥാനാർത്ഥി ആയാൽ ഇരുവർക്കും തുല്യമായി 9% വീതം പിന്തുണ നഷ്ടമായി 37 % വീതം പിന്തുണയിൽ എത്തി നിൽക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. ആർ എഫ് കെ ജൂണിയറിന്റെ വോട്ടർമാരിൽ ഒരു വോട്ടെടുപ്പ് നടത്തിയാൽ അവരിൽ 47 % ബൈഡനും 29 % ട്രമ്പിനും വോട്ട് ചെയ്യും എന്നുമാണ് കണ്ടെത്തൽ.

ഒരു മാറിസ്റ്റ് സർവേയും എൻ ബി സി പോളും ഇതേ ഫല പ്രഖ്യാപനമാണ് ചെയ്യുന്നത്. ഈ സർവ്വേകൾ തനിക്കു അനുകൂലമായതിൽ ബൈഡൻ അതീവ സന്തുഷ്ടനാണ്. മാറിസ്റ്റ് സർവ്വേ ബൈഡനു 51 % പ്രവചിക്കുന്നതിനാൽ അതിനോട് കൂടുതൽ പ്രതിപത്തി പ്രസിഡന്റ് കാട്ടി. 'മാറ്റം വ്യക്തമായും തങ്ങൾക്കു അനുകൂലമാണെന്ന്' അദ്ദേഹം പ്രതികരിച്ചു.

എന്നാൽ ബൈഡനു എല്ലാം നല്ല വാർത്തകൾ അല്ല. ബ്ലൂംബെർഗിന്റെ പ്രതിമാസ സർവ്വേ കടുത്ത മത്സരം നടക്കുന്ന ഏഴു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഒരെണ്ണത്തിൽ മാത്രമേ ബൈഡൻ മുന്നിലാണ് എന്ന് കണ്ടെത്തിയുള്ളു. വോട്ടർമാർ ബൈഡനിലേക്കു തിരിച്ചു വരും എന്ന ബൈഡൻ ക്യാമ്പിന്റെ വിശ്വാസത്തിലാണ് ആവേശം പ്രകടിപ്പിക്കുന്നതെന്നു ഒരു വിഭാഗം നിരീക്ഷകർ പറയുന്നു.
ഗർഭഛിദ്രം മുതൽ വിലക്കയറ്റം വരെ എല്ലാ വിഷയങ്ങളിലും തന്റെ നിലപാടാണ് ശരി എന്ന് പ്രചരിപ്പിച്ചു വോട്ട് നേടാനാണ് ബൈഡൻ ശ്രമിക്കുന്നത്. ട്രംപിന്റെ 2023  ലെ മുന്നേറ്റം തടയുവാൻ  ബൈഡനു വലിയ തിരഞ്ഞെടുപ്പ് ഫണ്ടിന്റെയും നേരത്തെ തന്നെ  നടത്തിയ 50  മില്യൺ ഡോളറിന്റെ പരസ്യത്തിന്റെയും  പിൻബലം ഉണ്ട്. കഴിഞ്ഞ വർഷ അവസാനം വരെ ഡെമോക്രാറ്റ് ആയിരുന്ന ആർ എഫ് കെ ജൂനിയർ ബൈഡന്റെ കുറെ വോട്ടുകൾ നേടുമെന്നാണ് കരുതുന്നത്. ഇതിനു പുറമെ റിപ്പബ്ലിക്കൻ വോട്ടുകൾ നേടാൻ ട്രംപ് അനുകൂലികളോട് ആർ എഫ് കെ ജൂനിയർ നേരിട്ട് തന്നെ വോട്ട് അഭ്യർത്ഥിക്കുന്നു.

മുൻ പ്രസിഡന്റ് എന്ന നിലയിൽ തനിക്കു നിയമ നടപടികളിൽ നിന്ന് ഇമ്മ്യൂണിറ്റി വേണം എന്ന ട്രംപിന്റെ വാദത്തോട് യു എസ് സുപ്രീം കോടതി അനുകൂലിക്കുവാൻ സാധ്യതയില്ല. എന്നാൽ സുപ്രീം കോടതിയിൽ ട്രംപിനെതിരെ ഉള്ള ക്രിമിനൽ കേസിന്റെ വിചാരണ നവംബറിലെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നീട്ടി വച്ചേക്കും. ഇത് ട്രംപിന് വലിയ അനുഗ്രഹം ആയിരിക്കും. കഴിഞ്ഞ മാസം തുടങ്ങാനിരുന്ന കേസിന്റെ വിചാരണ വളരെ വേഗം നടത്തി കേസ് പര്യവസാനിക്കണമെന്നു സ്പെഷ്യൽ കോൺസൽ ജാക്ക് സ്മിത്ത് നിര്ബന്ധിച്ചിരുന്നു. ഒരു പക്ഷെ ജഡ്‌ജിമാർ ട്രംപിന്റെ ഏത് കേസിലാണ് ട്രംപ് തന്റെ ഔദ്യോഗിക നിലയിൽ ഇടപെട്ടതെന്നു തീരുമാനിക്കുവാൻ കീഴ് കോടതികളിലേക്കു മാറ്റി എന്ന് വരാം.
മുൻപ് ജസ്റ്റിസ് ബ്രെട് കാവനാഗ് പറഞ്ഞത് പോലെ ട്രംപിന്റെ പ്രവർത്തികളിലെ ഔദ്യോഗിക, അനൗദ്യോഗിക നടപടികൾ തീരുമാനിക്കുവാൻ ഡി സി സര്ക്യൂട്ട്  അല്ലെങ്കിൽ ഡിസ്ട്രിക്ട് കോർട്ടിനോട് ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കുവാൻ ആവശ്യപ്പെട്ടേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക