Image

പെൻസിൽവേനിയ പ്രൈമറി: സ്ഥാനാര്ഥിയല്ലാത്ത നിക്കി ഹേലിക്ക് 155,000 വോട്ട് (16.5 %)

Published on 26 April, 2024
പെൻസിൽവേനിയ  പ്രൈമറി: സ്ഥാനാര്ഥിയല്ലാത്ത നിക്കി ഹേലിക്ക്   155,000  വോട്ട് (16.5 %)

പെൻസിൽവേനിയ റിപ്പബ്ലിക്കൻ പ്രൈമറിയിൽ 83.5% നേടി ജയിച്ച ഡൊണാൾഡ് ട്രംപിനു പക്ഷെ പാർട്ടിയിലെ ഒരു വിഭാഗം ഇപ്പോഴും വോട്ട് ചെയ്യാൻ തയ്യാറില്ലെന്നു വ്യക്തമാവുന്നു. മാർച്ചിൽ സൂപ്പർ ട്യുസ്‌ഡേ കഴിഞ്ഞു മത്സരത്തിൽ നിന്നു പിന്മാറിയ നിക്കി ഹേലി എന്തു കൊണ്ട് 16.5% നേടി എന്ന ചോദ്യം പ്രസക്തമാണ്. 

ട്രംപ് 786,000 വോട്ട് നേടിയപ്പോൾ ഹേലിക്കു 155,000 ത്തിലധികം നേടാൻ കഴിഞ്ഞു എന്നതാണ് ശ്രദ്ധിക്കേണ്ടത്. അത്രയും വോട്ടർമാർ ഇപ്പോഴും ട്രംപിനു മുഖം തിരിഞ്ഞു നിൽക്കുമ്പോൾ 2020ൽ ട്രംപ് ബൈഡനോടു തോറ്റ സംസ്ഥാനത്തു വിജയം ഉറപ്പാക്കാൻ അദ്ദേഹത്തിനു നന്നേ പാടുപെടേണ്ടി വരും. നിർണായക സ്വിങ് സ്റ്റേറ്റായ പെൻസിൽവേനിയയിൽ ഉയർന്ന അപകട സൂചനയാണ് ഹേലിയുടെ വോട്ടുകൾ. 

സൂപ്പർ ട്യുസ്‌ഡേയിൽ രണ്ടു മില്യണിലധികം വോട്ട് നേടിയ ഹേലി ചരിത്രമെഴുതിയാണ് രണ്ടു പ്രൈമറികളിൽ വിജയം കൂടു കണ്ടത്.  സ്വിങ് സ്റ്റേറ്റുകളിൽ മിഷിഗണിൽ 26% വോട്ട് ഹേലി നേടി. അരിസോണയിൽ 18 ശതമാനവും. 

നവംബറിൽ ഹേലി അനുഭാവികൾ ട്രംപിനു വോട്ട് ചെയ്യാൻ സാധ്യതയില്ല എന്നാണ് വിലയിരുത്തൽ. ട്രംപ് ടീം ചുവരെഴുത്തു വായിക്കേണ്ടതുണ്ട്. പാരമ്പര്യ റിപ്പബ്ലിക്കൻ വോട്ടർമാരെയും സ്വതന്ത്രരെയും സ്വന്തമാക്കാൻ ട്രംപ് നന്നേ അധ്വാനിക്കേണ്ടി വരും. 

യുഎസ് ഹൗസിൽ കെണിയിൽ പെട്ട സ്പീക്കർ മൈക്ക് ജോൺസനെ സഹായിക്കാൻ ട്രംപ് തയാറായത് അദ്ദേഹത്തിന്റെ യാഥാർഥ്യ ബോധ്യത്തിന്റെ ഒരു സൂചന ആയിരുന്നു. ഡെമോക്രാറ്റുകളുമായി ഒത്തു പോകാൻ ജോൺസൺ തീരുമാനിച്ചപ്പോൾ പാർട്ടിക്കു സഭയിൽ ഒരൊറ്റ സീറ്റിന്റെ ഭൂരിപക്ഷം മാത്രമേയുള്ളൂ എന്നു ട്രംപ് പറഞ്ഞു. തോന്നിയതൊന്നും ചെയ്യാൻ ജോൺസണു കഴിയില്ലെന്നും. 

ഗർഭഛിദ്ര വിഷയത്തിലും കുറേക്കൂടി കരുതലോടെ സംസാരിക്കുന്ന ട്രംപിനെ അടുത്ത കാലത്തു കണ്ടു. ഡെമോക്രാറ്റുകൾക്കു ഇതൊരു തുറുപ്പു ചീട്ടാണ് എന്നിരിക്കെ, അരിസോണയിൽ കോടതി കൊണ്ടുവന്ന സമ്പൂർണ നിരോധനം കടന്ന കൈയ്യായിപ്പോയി എന്നു പറയാൻ ട്രംപ് മടിച്ചില്ല. നഗരപ്രാന്തങ്ങളിലെ അമ്മമാർക്കു മുന്നിൽ പക്ഷെ അദ്ദേഹം അത് ആവർത്തിക്കേണ്ടി വരും. 

ഏതാണ്ട് 15% റിപ്പബ്ലിക്കൻ വോട്ടർമാർ ട്രംപിന്റെ വാക്കുകൾ അപകടകരമായി കാണുന്നു. ബൈഡനു നാവു പിഴയ്ക്കുന്നതു പതിവാണെങ്കിലും അദ്ദേഹമല്ല ട്രംപ് ആണ് വാക്കുകൾ കൊണ്ടു പ്രകോപനം ഉണ്ടാക്കുന്നത്. 

GOP moderates still vary of Trump 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക