Image

ഒരു മുടി വിശേഷവും പ്രൊഫൈൽ പ്രശ്നവും : പി. സീമ

Published on 07 May, 2024
ഒരു മുടി വിശേഷവും പ്രൊഫൈൽ പ്രശ്നവും : പി. സീമ
"പെണ്ണായാൽ  മുടിയും,മുലയും വേണം" എന്ന്  ഒരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ടല്ലോ പെൺകുട്ടികളുടെ അഴക് മുടി ആണെന്ന് വിശ്വസിക്കുന്ന കൂട്ടത്തിൽ തന്നെ ആണ്  ഞാനും പക്ഷെ അത്  ഒരു ചെറു തമാശയിലൂടെ  എന്റെ fb പ്രൊഫൈലിന്  ഇപ്പോഴും profile has some issues എന്ന് എഴുതി വരാൻ മാത്രം പ്രശ്നം ഉണ്ടാക്കും എന്ന്  ഞാൻ വിചാരിച്ചതേയില്ല. ഇനി കാര്യത്തിലേക്കു വരാം.
 
ഇവിടെ അടുത്തുള്ള ഒരു പെൺകുട്ടിക്ക് ധാരാളം  നീളമുള്ള  മുടിയുണ്ട്. അവൾ ഭർത്താവിനോടൊപ്പം ദുബൈ  പോയപ്പോൾ അവിടെ നിന്നു ഇട്ടിരുന്ന ഫോട്ടോയിൽ മുടി തോൾഭാഗം കഴിഞ്ഞു അല്പം മാത്രം മുന്നോട്ട് സ്റ്റൈൽ ആക്കി ഇട്ടിരുന്ന ഫോട്ടോ പോസ്റ്റ്‌ ചെയ്തിരുന്നത് കണ്ടു ഞാൻ ഒന്ന് നടുങ്ങി. "മുടി വെട്ടി കളഞ്ഞോ കുട്ടീ "  എന്ന് ഞാൻ  അല്പം സങ്കടത്തോടെ കമന്റിൽ  ചോദിച്ചു. പിന്നിൽ കെട്ടി വെച്ചതാകും എന്ന് വിശ്വസിക്കുന്നതായും പറഞ്ഞു. "കെട്ടി വെച്ചിട്ടുണ്ട്" എന്ന് അവൾ പറഞ്ഞതിന് മറുപടി  ആയി ഒരു ചെറു തമാശ ഞാൻ പറഞ്ഞതാണ് പ്രശ്നം ആയതു. " വെട്ടി കളഞ്ഞെങ്കിൽ %%%%₹₹*നേ ഞാൻ" എന്ന് പറഞ്ഞു. Messenger ഇൻബോക്സിൽ കയറി പറഞ്ഞാൽ മതിയായിരുന്നു. Messenger ഉപയോഗം വളരെ കുറവാണ് എനിക്ക്.
 
എന്തായാലും  ഇനി ആ  നിരോധിച്ച വാക്ക് ഒരിക്കൽ കൂടി പറഞ്ഞാൽ വീണ്ടും പ്രശ്നം ഉണ്ടാകും.(അതാണ്‌ അടയാളത്തിൽ ഒതുക്കിയത്).   നിങ്ങൾക്ക് ഇതിൽ ഞാൻ പറയാത്ത ആ വാക്ക് ഏതെന്നു ഇപ്പോൾ മനസിലായി കാണും എന്ന് വിശ്വസിക്കുന്നു. 
 
ക്ലൂ തരാം.ഈസ്റ്ററിനു നമ്മൾ കോഴിയെ ₹%*₹*റു ണ്ട്..  പാമ്പ് വഴിയിൽ കിടന്നാൽ ₹%&&റുണ്ട്... ഏതായാലും ആ വാക്ക്   ഏതെന്നു കമന്റ്‌ ആയി ഇടാൻ ഞാൻ പറയില്ല. പ്രൊഫൈൽ issues നിങ്ങൾക്കും വന്നാലോ. കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ്സിനു എതിരാണ് ആ പദം എന്നാണ്.
 
എന്നാലും ഇത്രയും പ്രതീക്ഷിച്ചില്ലായിരുന്നു. പോട്ടെ സമയം മോശമാണ് ഇപ്പോൾ. അതാകാം. ഇത്രയും അല്ലെ വന്നുള്ളൂ. ഇതിലും വലുത് എന്തോ   വണ്ടി പിടിച്ച് വരാൻ ഇരുന്ന നേരത്തായിരിക്കും "വെട്ടി കളഞ്ഞിരുന്നേൽ ₹%₹₹നെ ഞാൻ" എന്ന് എനിക്ക് തമാശിക്കാൻ തോന്നിയത്.  അത് മുടി വെട്ടുന്നതിനെ ഉദ്ദേശിച്ചു പറഞ്ഞതായിരുന്നു താനും.   പോട്ടെ സാരമില്ല.. പോസ്റ്റ്‌ എല്ലാരും കാണുന്നുണ്ട്. അത് തന്നെ ഭാഗ്യം.
 
ഇപ്പോഴും ഉള്ളിൽ ഇരുന്നു ഈ ഞാൻ തന്നെ എന്നോട് പറയുന്നുണ്ട് 
 
"ഇതൊക്കെ എടുത്തു ദൂരെ കളഞ്ഞിട്ടു പോയി ഒരു നീളൻ കഥ എഴുതി വല്ല മാസികയ്ക്കും കൊടുക്കെടീ അസത്തെ .. അവളുടെ ഒരു മൊബൈൽ കുത്തൽ  ".എന്ന്. 
ഒരു കണക്കിന് അത് ശരിയാ അല്ലെ.? ഇതിൽ ഒന്നും ഇല്ലാഞ്ഞ കാലത്ത് കഥ എഴുതി സമ്മാനവും കുറെ ആദരവുകളും ഒക്കെ മേടിച്ചവളാണ്.  ഇപ്പോൾ  ചുമ്മാ ഒരു പ്രയോജനവും ഇല്ലാതെ ഇതിൽ തോണ്ടി കൊണ്ടിരുന്നു ഇങ്ങനെ ആകാൻ പണ്ട്  നന്നായി പഠിച്ചു വന്ന കാലത്ത്  വഴി തെറ്റിച്ച  ആ ദൈവം തന്നെ പിന്നെയും വന്നതാകുമോ? 
സെക്കന്റ്‌ ഇയർ ബി. എ കഴിഞ്ഞു നേരെ കതിർ മണ്ഡപത്തിലേക്കും അവിടുന്നു അടുക്കളയിലേക്കും ആയിരുന്നല്ലോ കയറ്റി വിട്ടത്... പിന്നെ ഞാൻ കുതറി ചാടി മൂന്നാം വർഷം മലയാളം ഒറ്റയ്ക്ക് പഠിച്ചു എഴുതി എടുത്തത് അല്ലെ.  വീണ്ടും എഴുത്തു നിർത്തിക്കോ ഇനി ഇതിൽ മതി എന്ന് പറഞ്ഞു  വളഞ്ഞ വഴി കാട്ടിയതാണോ? 
ഇപ്പോൾ അങ്ങനെ ഒരു സംശയം ഇല്ലാതില്ല.
 
വാൽക്കഷണം 
 
ആൾ ഉള്ള കാലം എങ്കിൽ ഇങ്ങനെ കുത്തിക്കൊണ്ട് ഇരിക്കാൻ ഒന്നും സമ്മതിക്കില്ലായിരുന്നേ. എങ്കിൽ വിവരം അറിഞ്ഞേനെ.  ഞാൻ  വഴി തെറ്റി വന്നതാണെങ്കിലും   എഴുത്തി ലേക്കുള്ള വഴി തെളിച്ചു തരാൻ  കഥാക്യാമ്പിൽ ഒക്കെ   എന്നെ നിർബന്ധിച്ചു  കൊണ്ടു വിട്ടുതന്ന ആൾ ആണ്.  ജോലിക്കൊ വിട്ടില്ല എന്നാൽ പിന്നെ എഴുത്തെങ്കിലും നന്നാകട്ടെ എന്ന് ഓർത്തു കാണും.  ഞാൻ എങ്ങനെ നന്നാകാൻ. പലപ്പോഴും   മുന്നേറാനുള്ള  വഴിയിൽ ഉടനീളം വാരിക്കുഴികൾ മാത്രം... അന്നും   ഇന്നും   എന്നും.  അത് ഒരു യോഗം ആണ്.  ആയില്യം രാജയോഗം. ഇനി ആർക്കും ഇത്തരം യോഗങ്ങൾ ഉണ്ടാകാതിരിക്കട്ടെ.
 
 
 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക