കൊല്‍ക്കത്ത നഗരത്തെ പശ്ചാത്തലമാക്കി നിര്‍മ്മിച്ച കഹാനിയുടെ രണ്ടാം ഭാഗത്തിനായി തയ്യാറെടുപ്പുകള്‍ നടക്കുന്നു. കേരള എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും കേരളത്തിലാണ് ചിത്രീകരിക്കുക. കഹാനിയുടെ തിരക്കഥാകൃത്ത് സുരേഷ് നായര്‍ ഇതുസംബന്ധിച്ച് സംവിധായകന് സുജോയ് ഘോഷുമായി ചര്‍ച്ചനടത്തി.
കേരളയുടെ തിരക്കഥയും സുരേഷ് നായരാണ് തയ്യാറാക്കുന്നത്. മലയാള താരങ്ങളെ ഉള്‍പ്പെടുത്തുന്ന ചിത്രം താരങ്ങള്‍ക്ക് ബോളീവുഡ് ചിത്രത്തില്‍ മുഖം കാണിക്കാനുള്ള സുവര്‍ണാവസരമാണ് ഒരുക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ കേരളയുടെ ചിത്രീകരണം ആരംഭിക്കും.
കേരളയുടെ 80 ശതമാനവും കേരളത്തിലാണ് ചിത്രീകരിക്കുന്നത്. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയ തിരക്കഥാകൃത്ത് സുരേഷ് നായരാണ് കേരളയെക്കുറിച്ച് മാധ്യമങ്ങളുമായി പങ്കുവച്ചത്. രാജേഷ് പിള്ളയാണ് മോട്ടോര്‍ സൈക്കിള്‍ ഡയറീസ് സംവിധാനം ചെയ്യുന്നത്.