Image

എന്‍ ഡി എയുടെ രഥയാത്രയ്‌ക്ക്‌ കാസര്‍കോട്ട്‌ തുടക്കം

Published on 08 November, 2018
എന്‍ ഡി എയുടെ രഥയാത്രയ്‌ക്ക്‌ കാസര്‍കോട്ട്‌ തുടക്കം

കാസര്‍കോട്‌:  ശബരിമല ആചാരങ്ങള്‍ അട്ടിമറിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നിലപാടിനെതിരെ എന്‍ ഡി എ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രയ്‌ക്ക്‌ കാസര്‍കോട്ട്‌ ഉജ്വല തുടക്കം.

വ്യാഴാഴ്‌ച ഉച്ചയോടെ കാസര്‍കോട്‌ മധൂര്‍ മദനേന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിനു സമീപം തയ്യാറാക്കിയ പ്രത്യേക വേദിയില്‍ കര്‍ണാടക പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ്‌ യദ്യൂരപ്പയാണ്‌ രഥയാത്രയുടെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചത്‌.

എന്‍ ഡി എ നേതാക്കളായ അഡ്വ. പി എസ്‌ ശ്രീധരന്‍ പിള്ള, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ ചേര്‍ന്നാണ്‌ രഥയാത്ര നയിക്കുന്നത്‌. ജാഥാലീഡര്‍മാര്‍ക്ക്‌ രഥയാത്രയുടെ ധര്‍മദണ്ഡ്‌ കൈമാറിയാണ്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചത്‌. കേരള ജനത ധര്‍മ യുദ്ധത്തിലാണെന്നും രഥയാത്ര പിണറായി ഭരണത്തിന്റെ അന്ത്യം കുറിക്കുമെന്നും യദ്യൂരപ്പ ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരള ജനത ഒന്നടങ്കം ധര്‍മ യുദ്ധത്തിന്റെ പാതയിലാണ്‌. ഭാരതമൊട്ടാകെ ദീപാവലി ആഘോഷിക്കുമ്‌ബോള്‍ കേരള ജനത സമരപാദയിലാണ്‌.

ആചാരം സംരക്ഷിക്കാന്‍ വേണ്ടിയുള്ള ധര്‍മസമരത്തിലാണ്‌ ജനങ്ങള്‍. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ എടുത്ത നിലപാട്‌ വേദനാജനകമാണ്‌. ഇടതുപക്ഷവും വലതുപക്ഷവും കേരളത്തിലെ ആചാരങ്ങളെ അട്ടിമറിക്കുകയാണ്‌.

ആചാരം ലംഘിക്കാനുള്ള തീരുമാനം എടുക്കുന്നതിനു മുമ്‌ബ്‌ സാവകാശം കാട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമായിരുന്നു. ഹൈന്ദവ ജനതയുടെ ആചാരത്തെ തകര്‍ക്കുക എന്ന ലക്ഷ്യം മാത്രം വെച്ചാണ്‌ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബി ജെ പി ജില്ലാ പ്രസിഡണ്ട്‌ അഡ്വ. കെ ശ്രീകാന്ത്‌ സ്വാഗതം പറഞ്ഞു. എ എന്‍ രാധാകൃഷ്‌ണന്‍ ആമുഖപ്രഭാഷണം നടത്തി. ഒ രാജഗോപാല്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പി കെ കൃഷ്‌ണദാസ്‌, സ്വാമി പരിപൂര്‍ണാനന്ദ, തുഷാര്‍ വെള്ളാപ്പള്ളി, അഡ്വ. പി എസ്‌ ശ്രീധരന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക