പന്തളം: ശബരിമലയിലേക്കുള്ള തിരുവാഭരണഘോഷയാത്രയില്‍ പങ്കെടുക്കാനുള്ള പട്ടികയില്‍ മാറ്റം വരുത്തില്ലെന്ന നിലപാടിലുറച്ച് പന്തളം കൊട്ടാരം. പൊലീസില്‍ നിന്ന് കേസുള്ളവരെ ഒഴിവാക്കാനുള്ള നിര്‍ദേശം കിട്ടിയിട്ടില്ലെന്നും കൊട്ടാരം പ്രതിനിധി വ്യക്തമാക്കി.നാമജപഘോഷയാത്രയില്‍ പങ്കെടുത്തതിന് കേസുകള്‍ നേരിടുന്നവര്‍ക്ക് തിരുവാഭരണഘോഷയാത്രയില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
സാധാരണ ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് വേണം. ഇത്തവണ പങ്കെടുക്കുന്നവര്‍ക്കാണ് പൊലീസ് പ്രത്യേക ഉപാധികള്‍ വച്ചത്.
എന്നാല്‍ ഈ ഉപാധികള്‍ കൊട്ടാരം പരിഗണിക്കുന്നില്ലെന്നാണ് പ്രതിനിധി വ്യക്തമാക്കുന്നത്. നാമജപത്തില്‍ പങ്കെടുത്തതിന് കേസുകള്‍ നേരിടുന്ന കാര്യം കൊട്ടാരത്തിന് പരിഗണിക്കേണ്ടതില്ല.
അതിന്റെ പേരില്‍ തിരുവാഭരണത്തെ അനുഗമിക്കുന്നത് ഒഴിവാക്കില്ല. തിരുവാഭരണത്തെ അനുഗമിക്കുന്നവരില്‍ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങും. തിരുവാഭരണത്തെ അനുഗമിക്കുന്ന 40 പേരുടെ പട്ടിക പൊലീസിന് കൈമാറിയെന്നും പന്തളം കൊട്ടാരം വ്യക്തമാക്കി.