Image

ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം; കെ.ടി ജലീല്‍

Published on 18 September, 2020
 ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം; കെ.ടി ജലീല്‍

തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം കൊണ്ടുവന്ന് വിതരണം ചെയ്തതില്‍ എന്‍.ഐ.എ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി ജലീല്‍ ഒരു ദിവസത്തിനു ശേഷം ന്യായീകരണവുമായി രംഗത്തെത്തി. പതിവുപോലെ ഫെയ്‌സ്ബുക്കിലുടെയാണ് ജലീലിന്റെ വിശദീകരണം. ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാന്‍ കഴിയുന്നത്. എന്നെ അപായപ്പെടുത്താന്‍ കലാപകാരികള്‍ക്ക് എന്റെ ചലനങ്ങളും യാത്രക്കിടെ എത്തുന്ന സ്ഥലവും താമസിക്കുന്ന ഇടവും തല്‍സമയം വിവരം നല്‍കുന്ന മീഡിയാ സുഹൃത്തുക്കളോട് എനിക്ക് സഹതാപമേ ഉള്ളൂ.എന്‍.ഐ.എ, സി.ആര്‍.പി.സി 160 പ്രകാരം 'സാക്ഷിയായി' ആയി വിസ്തരിക്കാന്‍ വിളിച്ചതെന്നും ജലീല്‍ പറയുന്നു. 

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: 


ഏതന്വേഷണ ഏജന്‍സി കാര്യങ്ങള്‍ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാന്‍ കഴിയുന്നത്. എന്നെ അപായപ്പെടുത്താന്‍ കലാപകാരികള്‍ക്ക് എന്റെ ചലനങ്ങളും യാത്രക്കിടെ എത്തുന്ന സ്ഥലവും താമസിക്കുന്ന ഇടവും തല്‍സമയം വിവരം നല്‍കുന്ന മീഡിയാ സുഹൃത്തുക്കളോട് എനിക്ക് സഹതാപമേ ഉള്ളൂ. 
എന്‍.ഐ.എ, Cr.P.C 160 പ്രകാരം 'Notice to Witness' ആയി വിസ്തരിക്കാന്‍ വിളിച്ചതിനെ, തൂക്കിലേറ്റാന്‍  വിധിക്കുന്നതിന് മുമ്പ് 'നിങ്ങള്‍ക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ' എന്ന് ചോദിക്കാനാണെന്ന മട്ടിലാണ് ചിലര്‍ പ്രചരിപ്പിച്ചത്. NlA യുടെ നോട്ടീസിന്റെ പകര്‍പ്പ് രാത്രി എട്ടുമണിയോടെ പുറത്തുവന്നപ്പോള്‍ ദുഷ്പ്രചാരകര്‍ കളം മാറ്റിച്ചവിട്ടി. ഒരാളെയും കൂസാതെ സധൈര്യം എനിക്ക് മുന്നോട്ടു പോകാന്‍ കഴിയുന്നത് ഒളിച്ചു വെക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ടുതന്നെയാണ്. ഈ ഭൂമുഖത്ത് അകെ പത്തൊന്‍പതര സെന്റ് സ്ഥലവും ഒരു വീടും (5 ലക്ഷം ലോണെടുത്തതിന്റെ പേരില്‍ അതും ഇപ്പോള്‍ പണയത്തിലാണ്), എനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളില്‍ പോലും സമ്പാദ്യമായി ഇല്ലാത്ത ഒരാള്‍ക്ക് ആരെപ്പേടിക്കാന്‍? ഒരു വാഹനമോ ഒരു പവന്‍ സ്വര്‍ണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവര്‍ത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാന്‍? എന്റെ എതിരാളികള്‍ക്ക് എന്നെ കൊല്ലാന്‍ കഴിഞ്ഞേക്കും. പക്ഷെ, ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ല.
സംഘ്പരിവാറിന്റെ മുഖപത്രമായ  'ജന്മഭുമി'യില്‍ ഇന്ന് വന്ന ലേഖനമാണ് ഇമേജായി കൊടുത്തിരിക്കുന്നത്. കാര്യങ്ങളെ എവിടെക്കൊണ്ടുപോയി കെട്ടാനാണ് ഫാഷിസ്റ്റുകള്‍ ശ്രമിക്കുന്നത് എന്നതിന് ഇതില്‍പരം തെളിവ് വേറെ വേണോ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക