Image

ജഡ്ജിമാരെ അധിക്ഷേപിക്കുന്ന വീഡിയോ; മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണന്‍ അറസ്റ്റില്‍

Published on 02 December, 2020
ജഡ്ജിമാരെ അധിക്ഷേപിക്കുന്ന വീഡിയോ; മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി  സി എസ് കര്‍ണന്‍ അറസ്റ്റില്‍

ചെന്നൈ:  ജഡ്ജിമാരെയും കോടതി ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവിട്ട കേസില്‍ മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന സി എസ് കര്‍ണന്‍ അറസ്റ്റില്‍. സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം ജഡ്ജിമാരെയും കോടതി ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കുന്ന തരത്തില്‍ വീഡിയോ പുറത്തുവിട്ടുവെന്നാണ് അദ്ദേഹത്തിനെതിരെയുള്ള പരാതി.


പുതുച്ചേരി ബാര്‍ കൗണ്‍സില്‍ നല്‍കിയ പരാതിയില്‍ കര്‍ണനെതിരെ നാല് വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഇദ്ദേഹത്തിനെതിരെ പോലീസ് നടപടിയൊന്നും സ്വീകരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബാര്‍ കൗണ്‍സില്‍ കോടതിയെ സമീപിക്കുകയായിരുന്നു.


ഇതോടെ കര്‍ണനെ അറസ്റ്റ് ചെയ്യാത്ത തമിഴ്‌നാട് പോലീസിനെതിരെ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. 


എന്ത് കാരണത്താലാണ് കര്‍ണനെ അറസ്റ്റ് ചെയ്യാത്തതെന്ന് ചോദിച്ച കോടതി വിശദീകരണം നല്‍കാന്‍ ഡി ജി പി, ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ എന്നിവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജസ്റ്റിസ് കര്‍ണന്‍ നടത്തിയ ആരോപണങ്ങള്‍ അത്യന്തം അപകീര്‍ത്തികരമാണെന്നാണ് കോടതിയുടെ നിരീക്ഷണം.


ഡിസംബര്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കുമ്ബോള്‍ വിശദീകരണം നല്‍കണമെന്നായിരുന്നു കോടതി പറഞ്ഞത്. തുടര്‍ന്നാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നത്.

ജഡ്ജിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരെ അഴിമതി, ലൈംഗികാരോപണങ്ങള്‍ എന്നിവ ഉന്നയിക്കുന്ന ജസ്റ്റിസ് കര്‍ണന്റെ വീഡിയോകള്‍ യുട്യൂബിലൂടെയും പുറത്ത് വന്നിരുന്നു.


സംഭവത്തില്‍ ബാര്‍ കൗണ്‍സില്‍ നല്‍കിയ ഹരജി പരിഗണിച്ച കോടതി വിവാദ വീഡിയോകള്‍ നീക്കം ചെയ്യാനും അപകീര്‍ത്തികരമായ വീഡിയോകള്‍ തുടര്‍ന്ന് അപ്ലോഡ് ചെയ്യുന്നത് തടയാനും ഫേസ്ബുക്ക്, യുട്യൂബ് അധികൃതരോട് നിര്‍ദേശിച്ചിരുന്നു.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കേ മറ്റ് ജഡ്ജിമാരില്‍നിന്ന് ജാതിവിവേചനം നേരിടേണ്ടി വന്നുവെന്ന് 2017-ല്‍ ജസ്റ്റിസ് കര്‍ണന്‍ വെളിപ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക