Image

കേരളത്തില്‍ 11.38 ശതമാനം നിരക്ഷരര്‍; 70 ശതമാനം കുടുംബങ്ങള്‍ക്കും പ്രതിമാസ വരുമാനം 5,000 രൂപയില്‍ താഴെ

Published on 04 July, 2015
കേരളത്തില്‍ 11.38 ശതമാനം നിരക്ഷരര്‍; 70 ശതമാനം കുടുംബങ്ങള്‍ക്കും പ്രതിമാസ വരുമാനം 5,000 രൂപയില്‍ താഴെ
ന്യൂഡല്‍ഹി: കേരളത്തില്‍ 70 ശതമാനം കുടുംബങ്ങള്‍ക്കും പ്രതിമാസ വരുമാനം 5,000 രൂപയില്‍ താഴെയാണെന്ന് സാമൂഹിക, സാമ്പത്തിക സെന്‍സസ് വിശദീകരിക്കുന്നു. 10,000ല്‍ കൂടുതല്‍ പ്രതിമാസ വരുമാനമുള്ള കുടുംബങ്ങള്‍ 17 ശതമാനം. 5000 മുതല്‍ 10,000 രൂപ വരെ ശമ്പളക്കാരുള്ള കുടുംബങ്ങള്‍ 12.35 ശതമാനം.
കേരളത്തില്‍ 11.38 ശതമാനം നിരക്ഷരരാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനും താഴെ സാക്ഷരരായ 7.93 ശതമാനം പേരുണ്ട്. ബിരുദമോ അതിലധികമോ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ 21 ലക്ഷം അഥവാ 7.75 ശതമാനം.
ആകെ വീടുകള്‍ 62,89,649. ഗ്രാമീണ കുടുംബങ്ങളാണ് 82 ശതമാനം. താല്‍ക്കാലിക തൊഴിലെടുത്ത് കഴിയുന്ന കുടുംബങ്ങള്‍ 25.34 ലക്ഷം. കാര്‍ഷികേതര സംരംഭമുള്ള ഗ്രാമീണ കുടുംബങ്ങള്‍ 1.37 ലക്ഷം. 30.5 ശതമാനം കുടുംബങ്ങളിലും വാഹനമുണ്ട്. ഇതില്‍ ഇരുചക്ര വാഹനക്കാര്‍ 18.59 ശതമാനം. കാറും മറ്റുമുള്ളവര്‍ 9.55 ശതമാനം. 42 ശതമാനം വീടുകളില്‍ ഫ്രിഡ്ജുണ്ട്.
ടെലിഫോണും മൊബൈല്‍ ഫോണുമുള്ള കുടുംബങ്ങള്‍ 3.63 ശതമാനമാണ്. മൊബൈല്‍ ഫോണ്‍ മാത്രമുള്ളവര്‍ 60 ശതമാനത്തില്‍ കൂടുതലുണ്ട്. രണ്ടും സ്വന്തമായുള്ള കുടുംബങ്ങള്‍ 17.81 ലക്ഷം. ഫോണില്ലാത്ത കുടുംബങ്ങള്‍ നാലര ലക്ഷം. കേരളത്തില്‍ ഒരു കുടുംബത്തില്‍ ശരാശരി 4.30 ആളുണ്ട്. അവിവാഹിതര്‍ 1.06 കോടി. വിവാഹിതര്‍ 1.29 കോടി. വേര്‍പിരിഞ്ഞു കഴിയുന്നവര്‍ 1.54 ലക്ഷം. ദാമ്പത്യബന്ധം വേര്‍പെടുത്തിയവര്‍ 47,925. കേരളത്തില്‍ പട്ടികജാതിക്കാര്‍ 10.33 ശതമാനം. പട്ടിക വര്‍ഗക്കാര്‍ 1.63 ശതമാനം. മറ്റു വിഭാഗങ്ങളില്‍ പെടുന്നവര്‍ 86.16 ശതമാനം. ജാതി-വര്‍ഗങ്ങളില്ലാത്തവരുടെ ഗണത്തിലാണ് 1.88 ശതമാനം അഥവാ 1,17,989 പേരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 94 ശതമാനം പേര്‍ക്കും വീടുണ്ട്. വാടക വീട്ടില്‍ കഴിയുന്നവര്‍ നാലര ശതമാനം. ഒറ്റമുറി വീടു മാത്രമുള്ളവര്‍ 4.08 ലക്ഷം കുടുംബങ്ങളാണ്. മൂന്നു മുറിയില്‍ കൂടുതലുള്ളവര്‍ 18.68 ലക്ഷം വരും. കോണ്‍ക്രീറ്റ് വീടുകള്‍ 2.75 ലക്ഷം. ആദായ നികുതി നല്‍കുന്നവര്‍ 4.12 ലക്ഷം അഥവാ 6.56 ശതമാനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്ള കുടുംബങ്ങള്‍ ഏഴു ലക്ഷം. സ്വകാര്യ മേഖലയില്‍ ജോലിയുള്ളവരുടെ കുടുംബങ്ങള്‍ ആറു ശതമാനം.

എട്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സെന്‍സസ്, നാട്ടിന്‍പുറങ്ങളില്‍ മൂന്നിലൊന്നു കുടുംബങ്ങളും സ്വന്തമായി ഭൂമിയില്ലാതെ, കൂലിപ്പണിയെടുത്താണ് ജീവിതം തള്ളിനീക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. വിവിധ രംഗങ്ങളില്‍ പുരോഗതി നേടിയെന്ന് അഭിമാനിക്കുമ്പോള്‍തന്നെ, കേരളത്തില്‍ 40 ശതമാനവും കൂലിപ്പണിക്കാരോ താല്‍ക്കാലിക തൊഴിലെടുക്കുന്നവരോ ആണ്.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക