Image

ഡ്രൈവിങ് ലൈസന്‍സ്,ആര്‍.സി തുടങ്ങിയരജിസ്ട്രേഡ് തപാലില്‍ മാത്രമെ അയക്കാവൂവെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍

Published on 04 July, 2015
ഡ്രൈവിങ് ലൈസന്‍സ്,ആര്‍.സി തുടങ്ങിയരജിസ്ട്രേഡ് തപാലില്‍ മാത്രമെ അയക്കാവൂവെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍

കോഴിക്കോട്: ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തിന്‍െറ ആര്‍.സികള്‍ തുടങ്ങിയ രേഖകള്‍ സംസ്ഥാനത്തെ ആര്‍.ടി ഓഫിസുകളില്‍ നിന്ന് രജിസ്ട്രേഡ് തപാലില്‍ മാത്രമെ അയക്കാവൂവെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ ഉത്തരവ്. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ആര്‍. ശ്രീലേഖ ജി1/ 12,641ാം നമ്പര്‍ ഉത്തരവിറക്കിയത്. വയനാട് ആര്‍.ടി ഓഫിസില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടത്തെിയെന്നും ഇതിന്‍െറ അടിസ്ഥാനത്തിലാണ് പ്രത്യേക നടപടിയെന്ന് ജൂണ്‍ 29ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. രേഖകള്‍ രജിസ്ട്രേഡായി അയക്കാനുള്ള സ്റ്റാമ്പ് പതിച്ച കവര്‍ അപേക്ഷയോടൊപ്പം വാങ്ങുന്നുണ്ടെങ്കിലും മിക്ക ആര്‍.ടി ഓഫിസുകളിലും ഏജന്‍റുമാര്‍ക്ക് രേഖകള്‍ കൈമാറുന്നതായാണ് വിജിലന്‍സിന്‍െറ റിപ്പോര്‍ട്ട്. രേഖകള്‍ അയക്കുന്നത് സംബന്ധിച്ച് 2011 നവംബര്‍ 7ന് അന്നത്തെ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പുറപ്പെടുവിച്ച 23/2011 നമ്പര്‍ സര്‍ക്കുലര്‍ അതേപടി പാലിക്കണമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. മേലില്‍ ഒരുവിധ രേഖകളും ഏജന്‍റുമാര്‍ക്കോ ഇടനിലക്കാര്‍ക്കോ കൈമാറരുതെന്ന് ഉത്തരവില്‍ കര്‍ശന നിര്‍ദേശമുണ്ട്.

23/2011 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം, രേഖകള്‍ രജിസ്ട്രേഡ് തപാലിലോ നേരിട്ടോ നല്‍കുന്നതിന് രണ്ട് ഓപ്ഷനുകള്‍ അനുവദിച്ചിട്ടുണ്ട്. ‘അപേക്ഷകന്‍െറ ആഗ്രഹപ്രകാരമുള്ള ഓപ്ഷന്‍ അപേക്ഷ സ്വീകരിക്കുമ്പോള്‍തന്നെ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തണം. അപേക്ഷ നല്‍കുന്ന സമയത്ത് നേരില്‍ വാങ്ങാമെന്ന ഓപ്ഷന്‍ കൊടുക്കുകയും സേവനത്തിനുശേഷം രേഖകള്‍ കൈപ്പറ്റാന്‍ മറ്റാരെങ്കിലുമാണ് വരുന്നതെങ്കില്‍ ഒരു കാരണവശാലും നല്‍കാന്‍ പാടില്ല. ഉടമസ്ഥന് വരാന്‍ പറ്റാത്ത സാഹചര്യത്തില്‍ വീണ്ടും സ്റ്റാമ്പൊട്ടിച്ച കവര്‍വാങ്ങി തപാലില്‍മാത്രം അയക്കേണ്ടതാണ്. ഇടനിലക്കാരെയും ഏജന്‍റുമാരെയും കര്‍ശനമായി ഒഴിവാക്കുന്നതിന് നടപ്പാക്കിയ പദ്ധതിയില്‍ പൊതുജനങ്ങള്‍ക്ക് ഒരുവിധ ബുദ്ധിമുട്ടും ഉണ്ടാവാന്‍പാടില്ല. നേരിട്ട് അപേക്ഷകന് രേഖകള്‍ നല്‍കുമ്പോള്‍ യഥാര്‍ഥ അപേക്ഷകനാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമെ രേഖകള്‍ നല്‍കാവൂ. നേരിട്ട് നല്‍കുന്ന എല്ലാ രേഖകളുടെ കാര്യത്തിലും അപേക്ഷകന്‍െറ വിരലടയാളവും മൊബൈല്‍ ഫോണ്‍-ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍ രേഖപ്പെടുത്തണം. നേരിട്ട് നല്‍കുന്ന രേഖകളെ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുന്നതിനായി പ്രത്യേക രജിസ്റ്റര്‍ എല്ലാ ഓഫിസുകളിലും സൂക്ഷിക്കണം.

വിരലടയാളം രേഖപ്പെടുത്താതെ ഒരുകാരണവശാലും അപേക്ഷ കൈയില്‍ കൊടുക്കരുത്. രജിസ്റ്റര്‍ പി.ആര്‍.ഒ സ്വന്തം ഉത്തരവാദിത്തത്തില്‍ സൂക്ഷിക്കേണ്ടതും മേലുദ്യോഗസ്ഥര്‍ പരിശോധനക്ക് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കേണ്ടതുമാണ്’. പഴയ സര്‍ക്കുലറില്‍ ഇങ്ങനെ നിരവധി നിര്‍ദേശങ്ങളുണ്ടെങ്കിലും ഇവ പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പുതിയ ഉത്തരവിറക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക