Image

'പ്രേമം' സിനിമയുടെ അണിയറക്കാര്‍ക്ക് പിന്തുണയുമായി നടന്‍ മമ്മൂട്ടി രംഗത്ത്.

Published on 04 July, 2015
'പ്രേമം' സിനിമയുടെ അണിയറക്കാര്‍ക്ക് പിന്തുണയുമായി നടന്‍ മമ്മൂട്ടി രംഗത്ത്.

കൊച്ചി: 'പ്രേമം' സിനിമയുടെ അണിയറക്കാര്‍ക്ക് പിന്തുണയുമായി നടന്‍ മമ്മൂട്ടി രംഗത്ത്. 'പ്രേമം' സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് മമ്മൂട്ടി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

വ്യാജ പതിപ്പ് പ്രചരിപ്പിക്കരുത്. ഞങ്ങളുടെ സിനിമകള്‍ മോഷ്ടിക്കരുത്. നിങ്ങള്‍ ഞങ്ങള്‍ക്ക് സിനിമയോ ആശയമോ മോഷ്ടിച്ച് തരേണ്ട. സംവിധായകനും നിര്‍മാതാവുമായ അന്‍വര്‍ റഷീദിനെയും പ്രേമം ടീമിനെയും പിന്തുണക്കുന്നു. നടന്‍ നിവിന്‍ പോളി, അല്‍ഫോണ്‍സ് അടക്കം 'പ്രേമ'ത്തിലെ എല്ലാവരെയും അഭിനന്ദിക്കുന്നു ^മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

'പ്രേമം' സിനിമയുടെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രചരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്‍െറ ഭാഗമായി സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്നു ആന്‍റി പൈറസി സെല്‍ തെളിവെടുക്കും. കൂടാതെ തിരുവനന്തപുരം, ചെന്നൈ സ്റ്റുഡിയോകളില്‍ സിനിമ എഡിറ്റ് ചെയ്ത ജീവനക്കാരെയും ചോദ്യം ചെയ്യും. സംഭവവുമായി ബന്ധപ്പെട്ടു സിനിമ ഛായാഗ്രാഹകന്‍ അടക്കം ആറു പേരെ ചോദ്യംചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

സംഭവത്തെകുറിച്ച് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നേരിട്ട് അന്വേഷിക്കും. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ് ലജ് നിഹലാനി ഒരാഴ്ചക്കകം നേരിട്ടെത്തിയാണ് അന്വേഷണം നടത്തുക. സിനിമയുടെ വ്യാജ പതിപ്പില്‍ "സെന്‍സര്‍ കോപ്പി" എന്ന അടയാളപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിലാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക