Image

ജീവിത സൗകര്യങ്ങളില്‍ കേരളം മുന്നിലെന്ന്‌ റിപ്പോര്‍ട്ട്‌

Published on 05 July, 2015
ജീവിത സൗകര്യങ്ങളില്‍ കേരളം മുന്നിലെന്ന്‌ റിപ്പോര്‍ട്ട്‌
ന്യൂഡല്‍ഹി: ജീവിത സൗകര്യങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ കേരളത്തിലെ ഗ്രാമങ്ങള്‍ മുന്നിലെന്ന്‌ റിപ്പോര്‍ട്ട്‌. സമ്പന്ന സംസ്‌ഥാനമായ ഗുജറാത്തിനെക്കാള്‍ മികച്ചതാണു കേരളീയരുടെ ജീവിത സൗകര്യങ്ങള്‍. ബംഗാളിന്റെ കാര്യം അതിദയനീയം. ഭിക്ഷാടക കുടുംബങ്ങള്‍ ഏറെയുള്ള സംസ്‌ഥാനമാണു ബംഗാളെന്നത്‌ മറ്റു സാമ്പത്തിക മാനദണ്ഡങ്ങളിലെ പിന്നാക്കാവസ്‌ഥയുടെയും സൂചനയാണ്‌. സാമൂഹിക സാമ്പത്തിക സെന്‍സസിലെ താരതമ്യ പഠനത്തിലാണ്‌ ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്‌.

കേരളത്തില്‍ കാറുള്ള ഗ്രാമീണ വീടുകള്‍ 9.55 ശതമാനമാണ്‌. ദേശീയ ശരാശരി കേവലം 2.46%. ഗോവയാണ്‌ ഇക്കാര്യത്തില്‍ ഏറെ മുന്നില്‍ (19.1%). പഞ്ചാബ്‌ കേരളത്തിനെക്കാള്‍ അല്‍പം പിന്നിലും (9.45%), ഡല്‍ഹി അല്‍പം മുന്നിലുമാണ്‌ (9.94%). ഗുജറാത്തും (3.26%) ബംഗാളും (0.78%) ഏറെ പിന്നിലും.

റഫ്രിജറേറ്ററുള്ള ഗ്രാമീണ വീടുകളുടെ ദേശീയ ശരാശരി 11.04 ശതമാനമാകുമ്പോള്‍ കേരളത്തിലതു 41.53 ശതമാനമാണ്‌. പഞ്ചാബ്‌ (66.43%), ഡല്‍ഹി (65.91%), ഗോവ (69.37%) സംസ്‌ഥാനങ്ങള്‍ കേരളത്തെക്കാള്‍ മുന്നിലും ഗുജറാത്ത്‌ (16.19%) പിന്നിലുമാണ്‌. ബംഗാള്‍ (5.58%) ഏറെ പിറകിലായി.

ലാന്‍ഡ്‌ ഫോണും മൊബൈല്‍ ഫോണുമുള്ള വീടുകളുടെ കാര്യത്തില്‍ കേരളമാണ്‌ ഏറ്റവും മുന്നില്‍ (28.33%). ദേശീയ ശരാശരി 2.72 മാത്രം. ഗോവ (16.88%), ഡല്‍ഹി (3.92%), പഞ്ചാബ്‌ (6.24%), ഗുജറാത്ത്‌ (2.52%), ബംഗാള്‍ (0.92%) സംസ്‌ഥാനങ്ങളെല്ലാം കേരളത്തെക്കാള്‍ പിറകില്‍.

കേരളത്തില്‍ 13,701 ഭിക്ഷാടക കുടുംബങ്ങള്‍ (0.2%) ഉള്ളപ്പോള്‍ ബംഗാളില്‍ 1.97 ലക്ഷം (1.26%), ഗുജറാത്തില്‍ 23,474 (0.34%) എന്നിങ്ങനെയാണു കണക്ക്‌. ദേശീയ ശരാശരി 0.37 ശതമാനവും. രാജ്യത്ത്‌ ആകെയുള്ള 6.68 ലക്ഷം ഭിക്ഷാടക കുടുംബങ്ങളില്‍ വലിയൊരുഭാഗം ബംഗാളിലാണെന്നും സര്‍വ്വെയില്‍ പറയുന്നു.

ഗ്രാമങ്ങളിലെ ഭൂരഹിതരുടെയും കൂലിപ്പണി ഉപജീവനമാക്കിയവരുടെയും സംഖ്യ കേരളത്തില്‍ (40.28%) ദേശീയ ശരാശരിയെക്കാള്‍ (38.27%) കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക