Image

ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ നിന്നും തെറിച്ചു വീണ് സി ഐ മരിച്ചു

Published on 12 August, 2015
ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍  നിന്നും തെറിച്ചു വീണ് സി ഐ മരിച്ചു

തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചു വീണ് മുന്‍ തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഇപ്പോള്‍ തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ സി ഐ യുമായ മൈനാഗപ്പള്ളി ഐക്കര കുറ്റിവിള യില്‍ വൈ.കമറുദ്ദീന്‍ (43) മരണപ്പെട്ടു.

രാവിലെ സ്വദേശമായ മൈനാഗപ്പള്ളിയില്‍ നിന്നും ഇന്റര്‍ സിറ്റി എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് വരവേ കടക്കാവൂര്‍ സ്‌റേഷനും പെരുങ്കുഴിക്കും ഇടക്ക് വച്ചായിരുന്നു അപകടം, മൊബൈലില്‍ വന്ന കാള്‍ എടുക്കാന്‍ ശ്രമിക്കവേ വാതിലിനു സമീപം നിന്ന കമറുദ്ദീന്‍ ട്രാക്കിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലക്കും താടിയെല്ലിനും ഗുരുതരമായ പരിക്കേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പിന്നീട് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വൈകുന്നേരം 3.40 ഓടെ അബോധാവസ്ഥയിലായിരുന്ന ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു, ഡിജിപി ടി.പി സെന്‍കുമാര്‍ ഉള്‍പ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി മൃതദേഹം സന്ദര്‍ശിക്കുകയും ബന്ധുക്കളെ അനുശോചനം അറിയിക്കുകയും ചെയ്തു.

നന്ദാവനം എ ആര്‍ ക്യാമ്പില്‍ രാവിലെ പത്തരയോടെ പൊതുദര്‍ശനത്തിനു വച്ച ശേഷം നാളെ വൈകിട്ട് മൂന്നിന് കല്ലുകടവ് ജുമാ മസ്ജിദില്‍ കബറടക്കും.കൊല്ലം വെസ്റ്റ് സി ഐ ആയി ദീര്‍ഘനാള്‍ സേവനമനുഷ്ഠിച്ച കമറുദ്ദീന് ജന്മദേശത്തേക്കുള്ള യാത്രക്കിടെ കൊല്ലം എ ആര്‍ ക്യാമ്പിലും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അവസരമൊരുക്കും. സ്റ്റുഡന്റ്് പോലീസ് കേഡറ്റ് പദ്ധതിയുടെ ലെയ്‌സണ്‍ ഓഫീസറായും പ്രവര്‍ത്തിച്ചിരുന്ന കമറുദ്ദീന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ നിരവധി കേസന്വേഷണങ്ങളിലൂടെ കഴിവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥനാണ്.

യൂനുസു കുട്ടി,ഐഷാബീവി എന്നിവര്‍ മാതാപിതാക്കളാണ്. സംനയാണ് ഭാര്യ, മുഹമ്മദ് ഖൈസ്,ഫാത്തിമ ഖസാന എന്നിവരാണ് മക്കള്‍. നജീം (കെ എം എം എല്‍,ചവറ), സലിം (മില്‍മ, കൊല്ലം ) എന്നിവര്‍ സഹോദരങ്ങളാണ്. കമറുദ്ദീന്റെ അകാല നിര്യാണത്തില്‍ ഡി ജിപി, ടി. പി. സെന്‍കുമാര്‍ അനുശോചനം രേഖപ്പെടുത്തി.

(കടപ്പാട്: ഫേസ്ബുക്ക്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക