Image

ലോക്‌സഭയിലിരിക്കാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമില്ല: രാഹുല്‍ഗാന്ധി

Published on 12 August, 2015
ലോക്‌സഭയിലിരിക്കാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമില്ല: രാഹുല്‍ഗാന്ധി


ന്യൂഡല്‍ഹി: ലളിത് മോദി പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും ലോക്‌സഭയില്‍ കടുത്തഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. 

സുഷമയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ സത്യമാണെന്ന് ബോധ്യപ്പെട്ടത് കാരണമാണ് പ്രധാനമന്ത്രിക്ക് ലോക്‌സഭയിലിരിക്കാന്‍ ധൈര്യം വരാത്തതെന്ന് അദ്ദേഹം പറഞ്ഞു. കള്ളപ്പണത്തിന്റെ പ്രതീകമായ ലളിത് മോദിയെയും കുടുംബത്തെയും മന്ത്രി സ്വകാര്യമായി സഹായിച്ചെന്ന് നിസ്സംശയം തെളിയിക്കപ്പെട്ടിരിക്കുന്നു. ജനങ്ങളോട് എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടെങ്കില്‍ എത്രപണം വാങ്ങിയെന്ന് സുഷമ സ്വരാജ് സഭയില്‍ വെളിപ്പെടുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. 

തന്റെ രാജി ആവശ്യപ്പെട്ട് ബഹളം വച്ച കോണ്‍ഗ്രസിനെ ശക്തമായ പ്രത്യാക്രമണം കൊണ്ട് സുഷമ നേരിട്ട ശേഷമാണ് രാഹുല്‍ സംസാരിച്ചത്. അദ്ദേഹത്തിന്റെ ഓരോവാക്കും വികാരപരമായി കയ്യടിച്ച് പിന്തുണച്ചാണ് പ്രതിപക്ഷം പ്രതികരിച്ചത്. ഭരണപക്ഷവും തിരിച്ച് ഒച്ചവെയ്ക്കുന്നുണ്ടായിരുന്നു. 

രാഹുലിന്റെ സംസാരത്തിന് ശേഷം മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രതികരിക്കാന്‍ എണീറ്റപ്പോള്‍ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. തുടര്‍ന്ന് സംസാരിച്ച ജയ്റ്റ്‌ലി, സുഷമ സ്വരാജിനെ ശക്തമായ ഭാഷയില്‍ പിന്തുണച്ചാണ് സംസാരിച്ചത്. ആരോപണങ്ങള്‍ ഉന്നയിക്കാന്‍ എളുപ്പമാണെന്നും വേണ്ടത് ശക്തമായ തെളിവുകളാണെന്നും അത് നിരത്താന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക