Image

കോണ്‍ഗ്രസിന്റെ പ്രവൃത്തികള്‍ അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നത് -മോദി

Published on 13 August, 2015
 കോണ്‍ഗ്രസിന്റെ പ്രവൃത്തികള്‍ അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നത് -മോദി


ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ പ്രവൃത്തികള്‍ അടിയന്തരാവസ്ഥകാലത്തെ ഓര്‍മിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധം കാരണം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെട്ടതിനെ വിമര്‍ശിച്ചാണ് എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദിയുടെ പരാമര്‍ശം.

ജനാധിപത്യത്തെ കോണ്‍ഗ്രസ് ആക്രമിക്കുകയാണ്. എന്‍.ഡി.എ രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് കോണ്‍ഗ്രസ് ഒരു കുടുംബത്തിനെ രക്ഷിക്കാന്‍ വേണ്ടി ശ്രമിക്കുന്നത്. ജനാധിപത്യത്തിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ഈ വെല്ലുവിളി എന്‍.ഡി.എ സ്വീകരിക്കുന്നു. രാജ്യത്തിന്റെ വളര്‍ച്ച തടയാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ നടപടി രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും പോയി തുറന്നുകാട്ടാന്‍ ശ്രമിക്കും.

എന്‍.ഡി.എ എം.പിമാരും മന്ത്രിമാരും രാജ്യത്തുടനീളം ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കണം. ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിനില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളില്‍ പ്രതിഷേധം കൂടുതല്‍ കേന്ദ്രീകരിക്കണമെന്നും മോദി യോഗത്തില്‍ ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ പാവങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും കൂടെയാണ്. രാജ്യത്ത് നടക്കുന്ന ത്വരിതഗതിയിലുള്ള മാറ്റങ്ങളില്‍ പകച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. സര്‍ക്കാറിന്റെ പദ്ധതികള്‍ ഇല്ലാതാക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം അനുവദിക്കി െല്ലന്നും മോദി വ്യക്തമാക്കി.

നേരത്തെ 'സേവ് ഡെമോക്രസി' എന്ന പേരില്‍ എന്‍.ഡി.എ എം.പിമാര്‍ വിജയ് ചൗക്കില്‍ നിന്നും ഗാന്ധിപ്രതിമക്ക് മുന്നിലേക്ക് മാര്‍ച്ച് നടത്തി. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ് ലി, സുഷമാ സ്വരാജ്, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. എല്‍.കെ അദ്വാനിയും റാലിയില്‍ പങ്കെടുത്തു.

വ്യാപം, ലളിത് മോദി വിവാദങ്ങളെ തുടര്‍ന്ന് പ്രക്ഷുബ്ധമായ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വ്യാഴാഴ്ച അവസാനിച്ചിരുന്നു. അനിശ്ചിതകാലത്തേക്കാണ് ഇരുസഭകളും പിരിഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക