Image

ഓയില്‍ പാം ഇന്ത്യ നെല്ല്‌സംഭരണം നിര്‍ത്തുന്നു

Published on 13 August, 2015
ഓയില്‍ പാം ഇന്ത്യ നെല്ല്‌സംഭരണം നിര്‍ത്തുന്നു

ഹരിപ്പാട്: ഓയില്‍പാം ഇന്ത്യാ ലിമിറ്റഡ് നെല്ല് സംഭരണം നിര്‍ത്തിവയ്ക്കുന്നു. 2011 മുതല്‍ നെല്ല് സംഭരിച്ചതിന്റെ സബ്‌സിഡി ഇനത്തില്‍ 7.2 കോടി രൂപ കുടിശ്ശികയുണ്ട്. ഈ തുക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇത് കമ്പനിയുടെ പ്രവര്‍ത്തന മൂലധനത്തെ ബാധിക്കുന്ന സ്ഥിതിയിലാണെന്ന് വ്യാഴാഴ്ച ഹരിപ്പാട്ട് ചേര്‍ന്ന ബോര്‍ഡ് യോഗം വിലയിരുത്തി. ഇതേ തുടര്‍ന്നാണ് നെല്ല് സംഭരണം നിര്‍ത്തുന്നതെന്ന് ചെയര്‍മാന്‍ ഷേക്ക് പി ഹാരീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

വൈക്കം വെച്ചൂരില്‍ ഓയില്‍പാം ഇന്ത്യാ ലിമിറ്റഡിന്റെ മോഡേണ്‍ റൈസ് മില്ല് പ്രവര്‍ത്തിക്കുന്നു. ഇവിടെ നിന്നും കുട്ടനാട് റൈസ് എന്ന ബ്രാന്‍ഡില്‍ കലര്‍പ്പില്ലാത്ത കുട്ടനാടാന്‍ അരി മാര്‍ക്കറ്റിലിറക്കുന്നുണ്ട്. 10 കോടി രൂപയാണ് ഓയില്‍പാം ഈ സംരഭത്തിനായി ചെലവാക്കിയത്.

കര്‍ഷകരില്‍ നിന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നിരക്കിലാണ് നെല്ല് സംഭരിക്കുന്നത്. സബ്ഡിഡി തുക യഥാകാലം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്. 2011 മുതല്‍ നെല്ല് സംഭരിച്ച ഇനത്തില്‍ 43 ലക്ഷം രൂപമാത്രമാണ് സബിസിഡി നല്‍കിയിട്ടുള്ളത്. 

25 വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഓയില്‍പാം ഇന്ത്യാ ലിമിറ്റഡിന് പിടിച്ചു നില്‍ക്കാനാകാത്ത സ്ഥിതിയാണുള്ളത്. പാം ഓയിലിന്റെ വില കുറഞ്ഞു വരുന്നു. ഒപ്പം 7.2 കോടിയുടെ സബ്‌സിഡി ഇനത്തിലെ ബാധ്യതയും. പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇതു സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു. നടപടിയുണ്ടായില്ല.

കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നെല്ല് സംഭരണത്തിനുള്ള സൈലോ നിര്‍മിക്കാന്‍ ഓയില്‍പാമിന് 10 കോടി രൂപ അനുവദിച്ചിരുന്നു. സൈലോയുടെ പണി സപ്തംബറില്‍ പൂര്‍ത്തിയാകും. ഇതോടെ വര്‍ഷത്തില്‍ 11,000 മെട്രിക്ക് ടണ്‍ നെല്ല് സംഭരിക്കാന്‍ സൗകര്യമുണ്ടാകും. കൂടൂതല്‍ നെല്ല് സംഭിക്കാന്‍ ശേഷിയുണ്ടാകുന്നതോടെ നെല്ല് സംഭരണം വ്യാപിപ്പിക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍, സബ്‌സിഡി കുടിശ്ശിക കോടികളായതോടെ കര്‍ഷകരെ സഹായിക്കാന്‍ കഴിയാത്ത സ്ഥിതിയായെന്നും ഷേക്ക് പി. ഹാരീസ് പറഞ്ഞു.

ഓയില്‍ പാം ഇന്ത്യാ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കെ.എന്‍ രവീന്ദ്രനാഥ്, ഡയറക്ടര്‍മാരയ എന്‍.എം നായര്‍, സി.ആര്‍ നജീബ്, കമ്പനി സെക്രട്ടറി വി.എം ജോസഫ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക